ഇടുക്കി: തൊടുപുഴക്ക് സമീപം വെള്ളിയാമറ്റം സ്വദേശികളായ മാത്യു ബെന്നി, ജോർജ്ജ് ബെന്നി എന്നീ കൗമാരക്കാരായ സഹോദരങ്ങളുടെ ഫാമിലെ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. ഫാമിലുണ്ടായിരുന്ന 22 പശുക്കളിൽ 13 എണ്ണം രാത്രി 10 മണിയോടെ കുഴഞ്ഞുവീണ് ചത്തു. മരച്ചീനിയുടെ വേരിന്റെ തൊലി കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 12 ലക്ഷം രൂപയും നഷ്ടം വന്ന 15 കാരനായ ക്ഷീര കർഷകൻ ആശുപത്രിയിൽ. മരണപ്പെട്ട പശുക്കൾക്ക് ഇൻഷുറൻസും ഇല്ല .
വെറ്ററിനറി വിദഗ്ധരുടെ കണ്ടെത്തൽ പ്രകാരം, മരച്ചീനിയുടെ തൊണ്ട് കഴിച്ചതു മൂലമുണ്ടായ പെരക്യൂട്ട് സയനൈഡ് വിഷാംശമാണ് മരണകാരണം. അവശനിലയിലായ ബാക്കി ഒമ്പത് പശുക്കൾക്ക് അടിയന്തര വൈദ്യസഹായം നൽകി.
2020-ൽ പിതാവ് ബെന്നിയുടെ മരണത്തെത്തുടർന്ന് 13-ാം വയസ്സിൽ ഡയറി ഫാമിന്റെ ചുമതല ഏറ്റെടുത്തതായിരുന്നു മാത്യു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മാത്യു 14 പശുക്കളെ പരിപാലിക്കാൻ തുടങ്ങി. 2022-ൽ മാത്യുവിന് മികച്ച ശിശു ക്ഷീരകർഷകനുള്ള അവാർഡ് ലഭിച്ചു, അദ്ദേഹത്തിന്റെ അമ്മ ഷൈനിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരച്ചീനി തൊലിയിലെ സയനൈഡ് ഇല്ലാതാക്കാൻ ചെയ്യേണ്ടത്
തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ റിട്ടയേർഡ് ശാസ്ത്രജ്ഞനായ ഡോ. ജയപ്രകാശിന്റെ അഭിപ്രായത്തിൽ മരച്ചീനി തൊലിയിലെ സൈനൈഡ് ഇല്ലാതാക്കാൻ തൊലി ചെറിയ കഷണങ്ങളായി അരിഞ്ഞ്, അവയെ ചെറു ചൂടുവെള്ളത്തിൽ തിളപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി മരച്ചീനി തൊലിയിലെ സൈനൈഡ് ആവിയായി പോകുന്നു. അങ്ങനെ ഇതിനെ ഭക്ഷണയോഗ്യമായി മാറ്റിയെടുക്കാം.
മരച്ചീനി തൊലിയിലെ സൈനൈഡ് ആവിയായി പോയാൽ പിന്നീട് ആ മരച്ചീനി തൊലി പശുക്കൾക്ക് ഭക്ഷണമായി കൊടുക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ ചൂടുവെള്ളത്തിൽ തിളപ്പിക്കാത്ത മരച്ചീനി തൊലി പശുക്കൾക്ക് കൊടുക്കുമ്പോൾ, അതിനുള്ളിലെ സൈനൈഡ് പശുവിന്റെ വായ്ക്കുള്ളിൽ വിഘടിക്കുന്നു. പിന്നീട് അത് ആമാശയത്തിൽ ചെല്ലുകയും ദഹനരസങ്ങളും ആയി കൂടിക്കലർന്ന് വിഷലിപ്തമായി മാറുകയും ചെയ്യുന്നു. ഇത് പശുക്കളെ മരണത്തിലേക്ക് നയിക്കും.
അല്ലെങ്കിൽ പശുകുട്ടി ആയിരിക്കുമ്പോൾ മുതൽ തന്നെ മരച്ചീനി തൊലി ചെറുതായി കൊടുത്ത് ശീലിപ്പിച്ചിരുന്നെങ്കിൽ പശുവിൽ തന്നെ ഈ സൈനയ്ഡ് ഇല്ലാതാക്കാൻ ആവശ്യമായ ഹോർമോണുകൾ ഉണ്ടാവുകയും, പിന്നീട് വലുതാവുമ്പോൾ മരച്ചീനി തൊലി കഴിച്ചാലും അവയുടെ ശരീരത്തിനും ആരോഗ്യത്തിനും പ്രശ്നം ഉണ്ടാകുന്നില്ല. അങ്ങനെ ശീലിക്കാത്ത മരച്ചീനി തൊലി പെട്ടെന്ന് ഒരു ദിവസം കൊടുക്കുമ്പോൾ അവ പെട്ടെന്ന് തളർന്നു വീഴുകയും പൊടുന്നനെ മരണം സംഭവിക്കുകയും ചെയ്യുന്നു.
മരച്ചീനി ചെറുതായി അരിയുമ്പോൾ തന്നെ അതിനുള്ളിലെ സൈനൈഡ് പൊട്ടി പുറത്തേക്ക് വരുന്നു. പിന്നീട് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുമ്പോൾ ഇത് പരിപൂർണ്ണമായും ആവിയായി പോകുന്നു. ഇങ്ങനെയാണ് മരച്ചീനി തൊലിയിലെ സൈനൈഡ് പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുക. ഇങ്ങനെ ചെയ്താൽ ഏതുതരത്തിലുള്ള മരച്ചീനി തൊലിയും പശുവിന് ഭക്ഷണമായി കൊടുക്കാം.