കറുപ്പുനിറത്തിലുള്ള തൂവലുകളും ചാരനിറത്തിലുള്ള കാലും ചുവന്ന താടയും ഒറ്റപ്പൂവുമാണ് തലശേരി കോഴികളുടെ സവിശേഷത. അപൂർവമായി മറ്റു നിറത്തിലുള്ള തൂവലുകളിലും ഇവയെ കാണാം. ആറ്, ഏഴ് മാസത്തിൽ മുട്ടയിട്ടു തുടങ്ങുന്ന നാടൻ കോഴികൾ വർഷത്തിൽ 60 മുതൽ 80 വരെ മുട്ടകൾ തരും. ജനിതക തെരഞ്ഞെടുപ്പിൻ്റെ ഫലമായി വെറ്ററിനറി കോളജിലെ ഗവേഷണകേന്ദ്രത്തിലെ തലശേരി കോഴികൾ നിലവിൽ നാലര മാസത്തിൽ മുട്ടയുത്പാദനം ആരംഭിക്കും. വർഷത്തിൽ ശരാശരി 160/170 മുട്ടകൾ ഉത്പാദിപ്പിക്കും.
പൂവൻ കോഴിക്ക് ശരീരഭാരം നാലാം മാസത്തിൽ 1.27 കിലോയും പത്താം മാസം 1.75 കിലോയുമുണ്ടാകും. പിടക്കോഴിക്ക് ഏകദേശം 1.25 കിലോയും. ഏത് കാലാവസ്ഥയുമായും സാഹചര്യവുമായും ഇണങ്ങാനുള്ള കഴിവുമുണ്ട്. ഇറച്ചിയും മുട്ടയും പോഷകസമൃദ്ധവും രുചികരവുമാണ്. ശരീര വലുപ്പക്കുറവ്, കാഷ്ഠത്തിന് ദുർഗന്ധക്കുറവ്, മനോഹരമായ വർണ തൂവലുകൾ, കൈകാര്യം ചെയ്യാൻ എളുപ്പം, തീറ്റച്ചെലവ് കുറവ് തുടങ്ങിയവ പ്രത്യേകതകളാണ്. മാംസം കൊഴുപ്പ് കുറഞ്ഞതാണ്.
മുട്ടയ്ക്ക് 40 മുതൽ 45 ഗ്രാം വരെ ഭാരമുണ്ട്. മുട്ടക്കരുവിനു കടും മഞ്ഞ നിറവും മുട്ടത്തോടിന് ഇളം തവിട്ട് നിറവുമാണ്. കാട്ടുകോഴികളുടെ ശരീരഘടനയോട് സാമ്യമുള്ള ഇവയ്ക്കു പൊതുവെ കറുപ്പ് നിറമാണ്. ചില കോഴികളുടെ കഴുത്തിലും, പുറകിലും, വാലിലുമൊക്കെയായി തിളങ്ങുന്ന നീലനിറത്തിലുള്ള തൂവലുകളും കാണാം.