ചെറിയൊരു സംരംഭമായി കോഴി വളർത്താൻ ആഗ്രഹിക്കുന്നവരെ മടുപ്പിക്കുന്ന ഒരു സംഗതി കോഴികളുടെ രോഗമാണ്. ഈ രോഗങ്ങൾക്ക് പലപ്പോഴും എന്ത് പ്രതിവിധി ചെയ്യണം എന്നറിയാതെ വിഷമിക്കുന്ന ഘട്ടത്തിൽ മുടക്കിയ രൂപ വെറുതെ പോയല്ലോ എന്ന് കരുതാറുണ്ട്. അങ്ങനെ കരുതി വിഷമിക്കുന്നവർക്കായി കുറച്ചു നുറുങ്ങുകൾ
കോഴികളെ വളർത്താൻ ആഗ്രഹിക്കുന്നവർ എപ്പോഴും നല്ല ഇനം കോഴികളെ വാങ്ങിക്കുക. നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നോക്കി വാങ്ങിക്കുക. ചുറു ചുറുക്കോടെ ഓടി നടക്കുന്ന കോഴികളാണ് ആരോഗ്യമുള്ള കോഴികൾ. അതുപോലെ കരിങ്കോഴികൾ, കാക്കനാടൻ കോഴികൾ ഇവയെ ഒക്കെ നോക്കി വാങ്ങിക്കുക. ഗിരിരാജൻ നല്ലകോഴിയിനം ആണ്, നല്ല മുട്ടയും ആണ്. പക്ഷേ കുറച്ചു നാൾ കഴിയുംമ്പോൾ മാംസം കൂടി കോഴികൾ അനങ്ങാൻ വയ്യാത്ത സ്ഥിതി ആകും. നന്നായി മുട്ട ഇടുന്ന ഇനമാണ് ഗിരിരാജൻ.പിന്നെ ഒരു സമയം കഴിയുമ്പോൾ ഇറച്ചിക്കോഴിയായി ഉപയോഗിക്കുകയും ചെയ്യാം.
കോഴികൾക്ക് രോഗങ്ങൾ വരുന്നത് അവയുടെ കൂടും പരിസരവും വൃത്തികേടായി ഇരിക്കുമ്പോഴാണ്. അതുകൊണ്ടു വളർത്താനായി കോഴികളെ വാങ്ങി വീട്ടിൽ കൊണ്ട് വരുമ്പോൾ തന്നെ അവയുടെ ദേഹത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കാഷ്ടമൊക്കെ നീക്കി ക്ലീൻ ചെയ്തെടുക്കണം. വൃത്തി ഈ ജീവികൾക്ക് അത്യന്താപേക്ഷിതമാണ്. അതിന്റെ കൂടു വൃത്തിയാക്കി വയ്ക്കണം.അത്പോലെ കോഴികൾക്ക് ഭക്ഷണം കൊടുക്കുന്ന പാത്രം വൃത്തിയാക്കി വയ്ക്കണം. കുടിക്കാനുള്ള വെള്ളം മാറ്റി എപ്പോഴും പുതിയത് കൊടുക്കണം.
കോഴികൾക്ക് സാധാരണ കാണപ്പെടുന്ന രോഗങ്ങളും അവയ്ക്കുള്ള പൊടിക്കൈകളും
. ഇനി കോഴികൾക്ക് പൊതുവേ കാണപ്പെടുന്ന രോഗങ്ങളും അവയുടെ ലക്ഷണവും അതിനൊക്കെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നതുമായ പൊടിക്കൈകൾ എന്തൊക്കെ എന്ന് നോക്കാം.Let's take a look at the common diseases of chickens, their symptoms and what can be done at home.
സാധാരണ കോഴികൾക്ക് വരുന്ന അസുഖങ്ങളിൽ ഒന്ന് കോഴികൾ തൂങ്ങി നിൽക്കുന്നതായി കാണപ്പെടും. തലയിൽ കുരുപ്പ് വരുക, വലിവുണ്ടാവുക, പനി വരുക, തുമ്മലും ചീറ്റലും പനിയുമൊക്കെ കാണാറുണ്ട്.തൊണ്ടയിൽ എപ്പോഴും ഒരു കുറുകൽ ശബ്ദം കേൾക്കാറുണ്ട്. അതിനൊക്കെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറിയ നാടൻ മരുന്നുകൾ ഉണ്ട്. നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ കൊണ്ട് ചെയ്യാവുന്നവ. .
ഒരു പിടി വേപ്പിലയെടുക്കുക, കൂടെ ഒരു തുടം വെളുത്തുള്ളി, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ എടുക്കുക. അര ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് അരയ്ക്കുക. പനിയുണ്ടെങ്കിൽ ഇത്രയും സാധനങ്ങൾക്കൊപ്പം തുളസിയിലയും കൂടെ ചേർക്കുക. ഇതെല്ലാം കൂടെ ചേർത്ത് നല്ല സോഫ്റ്റ് ആയി അരച്ചെടുക്കുക. കോഴികൾക്ക് അസുഖം ഒന്നും ഇല്ലെങ്കിൽ കൂടി ഈ അരപ്പു തയ്യാറാക്കി വച്ചേക്കുക. ഇനി കോഴികൾക്ക് കൊടുത്തില്ലെങ്കിൽ ഈ അരപ്പു പച്ചമുളക് ചെടിയിൽ ഒഴിക്കാം. ഇലയുടെ കുരുടിപ്പ് മാറാൻ നല്ലതാണ്. ഈ അരപ്പു കോഴിയുടെ വായ തുറന്നിട്ട് വച്ചുകൊടുക്കുക. കോഴി ഇറക്കിക്കൊള്ളും. അരപ്പു നല്ല വെള്ളം പോലെ ആകരുത്. കുറുക്ക് പരുവത്തിൽ അരച്ചെടുക്കുക. അതുപോലെ ചില കോഴികളുടെ പൂവിൽ നിറയെ കുരുപ്പുകൾ വരാറുണ്ട്. അങ്ങനെ വരുകയാണെങ്കിലും ഈ അരപ്പു പൂവിൽ നിറയെ തേച്ചു കൊടുക്കുക. കുരുപ്പുകൾ മാറിക്കൊള്ളും. അല്ലെങ്കിൽ അതിൽ കുറച്ചു മണ്ണെണ്ണ പുരട്ടി കൊടുത്താലും മതി.കോഴികൾക്ക് വെള്ളം കൊടുക്കുമോൾ എപ്പോഴും ഒരു നുള്ളു മഞ്ഞൾപൊടി കൂടി ചേർത്ത് ആ വെള്ളം കൊടുക്കുക. അതുപോലെ കഞ്ഞിവെള്ളം വലിയ കോഴികൾക്കും കുഞ്ഞുങ്ങൾക്കും കൊടുക്കാം.
കോഴികൾക്ക് നമ്മൾ കൊടുക്കുന്ന ഭക്ഷണം ശീലമാക്കുക.
.
കോഴികളുടെ പ്രായം അനുസരിച്ചുള്ള തീറ്റകൾ മാർക്കറ്റിൽ വാങ്ങാൻ കിട്ടും. പിന്നെ എപ്പോഴും കോഴിത്തീറ്റകൾ വാങ്ങി കൊടുത്തു ശീലിപ്പിക്കരുത്. വിശന്നിരിക്കുമ്പോഴും അല്ലെങ്കിൽ രാവിലെ യുമൊക്കെ വീട്ടിലെ അരിയും ഗോതമ്പുമൊക്കെ കൊടുത്തും ശീലിപ്പിക്കുക. കോഴിത്തീറ്റകൊടുത്തു ശീലിപ്പിച്ചാൽ നമ്മൾ കൊടുക്കുന്ന മറ്റു ഭക്ഷണങ്ങൾ അവ കഴിക്കാതെ വരും. മറ്റൊന്ന് കോഴികൾക്ക് ചോറ് കൊടുക്കുമ്പോൾ ഒരല്പം കറിയും ചേർത്ത് വേണം കൊടുക്കാൻ. അല്ലെങ്കിൽ വിര ശല്യം ഉണ്ടാകും. എന്ത് കറിയും കൊടുക്കാം. സാമ്പാറോ മീൻ കറിയോ എന്തായാലും ചോറിൽ ചേർത്ത് കൊടുക്കുക. കൂട്ടിൽ അടച്ചിട്ടു വളർത്തുന്ന കോഴികൾക്ക് എപ്പോഴും പുല്ലു പറിച്ചു കൂട്ടിൽ ഇട്ടു കൊടുക്കണം. തുറന്നിട്ട് വളർത്തുന്ന കോഴികൾ സ്വയം പുല്ലു കൊത്തി തിന്നുകൊള്ളും. എന്നാൽ കൂട്ടിൽ അടച്ചു വളർത്തുന്നവയ്ക്കു നമ്മൾ പുല്ലു കൊടുത്തേ മതിയാകൂ. വാഴയില, പനിക്കൂർക്കയില, തുളസിയില എന്തും കൊടുക്കാം. അതുപോലെ വാഴക്കൂമ്പിന്റെ ഇതൾ കൊത്തിയരിഞ്ഞു കൊടുക്കാം. വാഴപ്പിണ്ടി നുറുക്കി കൊടുക്കാം. അവ നല്ലതുപോലെ കഴിക്കും. അതുപോലെ സവാളയോ ഉള്ളിയോ അരിഞ്ഞിട്ടുകൊടുത്താൽ അവകഴിച്ചുകൊള്ളും. കോഴിക്ക് പനി വരാതെയിരിക്കാൻ ഉള്ളി കഴിപ്പിക്കുന്നതും നല്ലതു. കോഴികൾ വളർന്നു മുട്ടയിടാറാകുമ്പോഴേക്കും ഭക്ഷണരീതിയൊക്കെ മാറ്റണം. കോഴിത്തീറ്റയിൽ ചോളപ്പൊടിയൊക്കെ ചേർത്ത് വേണം കൊടുക്കാൻ.
അതുപോലെ ഗോതമ്പു കൊടുക്കുകയാണെങ്കിൽ ഒന്ന് മിക്സിയിലിട്ട് പൊടിച്ചതിനു ശേഷം കൊടുക്കുക. കോഴികൾക്ക് ഗോതമ്പു ദഹിക്കാൻ ഇത്തിരി പ്രയാസമാണ്. ചില കോഴികൾ ഇടുന്ന മുട്ടയ്ക്ക് ഒട്ടു കട്ടിയുണ്ടാകില്ല. അല്ലെങ്കിൽ അവയിടുന്ന മുട്ടകൾ സ്വയം കൊത്തി കുടിക്കുന്നതും കാണാം. കോഴികൾക്ക് തന്നെയറിയാം. അവയ്ക്ക്കാൽസ്യത്തിന്റെ കുറവുണ്ടെന്ന്. അതുകൊണ്ടു അവർ സ്വയം എടുക്കുന്ന ചികിൽസയാണ്. രാവിലെയും വൈകിട്ടും ഭക്ഷണത്തിന്റെ ഒപ്പം മുട്ടത്തോട് പൊടിച്ചതും ഒരു സ്പൂൺ വീതം ചേർത്ത് കൊടുക്കുക. ചോറ് കൊടുക്കുമാകയാണെങ്കിൽ ചോറിനൊപ്പം അലപം സാമ്പാറോ മറ്റോ ഒഴിച്ച് അതിൽ ഒരു സ്പൂൺ മുട്ടത്തോട് പൊടിച്ചത് ചേർത്ത് നന്നായിളക്കി കോഴികൾക്ക് കൊടുക്കാം. ചോറ് കൊടുക്കുമ്പോൾ നന്നായി വെന്ത ചോറ് കൊടുക്കരുത്. അലപം വേവ് കുറഞ്ഞ ചോറ് കൊടുക്കുക. കൂടു വൃത്തിയാക്കി സൂക്ഷിക്കണം എന്ന് പറഞ്ഞല്ലോ. അതിന്നായി വെള്ളം കൊടുക്കുന്ന പാത്രം അതുപോലെ ഭക്ഷണം കൊടുക്കുന്നപത്രമൊക്കെ മറിഞ്ഞു വീഴാത്ത രീതിയിൽ തൂക്കിയിടുകയോ അല്ലെങ്കിൽ മാർക്കറ്റിൽ നിന്ന് വാങ്ങാൻ കിട്ടുന്ന പാത്രങ്ങൾ വാങ്ങി സേഫ് ആയി സൂക്ഷിക്കുകയോ ചെയ്യുക . വൃത്തിയായും കൂടു സൂക്ഷിക്കുക. മുട്ടയിട്ടു കഴിയാറാകുമ്പോൾ നമുക്കവയുടെ ഇറച്ചി ഭക്ഷിക്കുന്ന സമയമാകുമ്പോൾ അടുത്ത ബാച്ച് കോഴികളെ വാങ്ങി നിർത്തുക.
കോഴികകൾക്ക് പേൻ ശല്യം ഉണ്ടാകാറുണ്ട്. കുറെ കോഴികൾ ഉണ്ടെങ്കിൽ കുളിപ്പിക്കുന്നതൊക്കെ ബുദ്ധിമുട്ടാണ്.കൂടു വൃത്തിയാക്കി സൂക്ഷികുക എന്നതാണ് മാർഗം. മറ്റൊന്ന് ഒരു പാത്രത്തിൽ വെള്ളം നിറച്ചു അതിൽ കുറച്ചു ഡെറ്റോൾ ഒഴിക്കുക. ആ വെള്ളത്തിൽ കോഴിയെ കുളിപ്പിച്ചെടുക്കാം. കോഴിപ്പേൻ മാറിക്കൊള്ളും. വേനൽപ്പച്ച എന്ന ഒരു ഇലയുണ്ട്. അത് ചതച്ചു കോഴിക്കൂട്ടിൽ ഇടുന്നതും നല്ലതാണ്. കോഴിപ്പേൻ ഉണ്ടാകില്ല. വെള്ളത്തിൽ കോഴിയെ മുക്കുമ്പോൾ കോഴിയുടെ തല മുക്കരുത്. കൂടാതെ കോഴിയുടെ കൂട്ടിൽ കുറച്ചു വെളുത്തുള്ളി ചതച്ചിടുന്നത് നല്ലതാണ്. അത്പോലെ ബീഡിയുടെയും സിഗററ്റിന്റെയും ഉള്ളിലുള്ള പൊടി കുടഞ്ഞെടുത്തു ഒരു ചീനച്ചട്ടിയിൽ ഇട്ടു ചൂടാക്കി കോഴിക്കൂട്ടിൽ വിതറുന്നതും കോഴിപ്പേൻ ഉണ്ടാകാതിരിക്കാൻ നല്ലതാണ് . കോഴിക്കാഷ്ടം നല്ല വളമാണ്. പക്ഷെ നല്ലചൂടുള്ളതാണ് കാഷ്ടം എന്നതിനാൽ അത് പഴകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. പനിയും കുറുകലും ഒക്കെ കൂടുകയാണെങ്കിൽ പാരസെറ്റമോൾ പകുതി ഒരല്പം വെള്ളത്തിൽ കലക്കി ഒരു സിറിഞ്ചിൽ എടുത്തു കോഴിയുടെ വായിൽ ഇറ്റിച്ചു കൊടുക്കാം. .രാവിലെയും വൈകിട്ടും അങ്ങനെ ചെയ്യാം. ചില കോഴികൾക്ക് നല്ല ഘനം വയ്ക്കുമ്പോൾ അവയ്ക്കു ചിലപ്പോൾ എണീറ്റ് നടക്കാൻ കഴിയാതെ വരും. അവയ്ക്കു വേപ്പിലയും വെളുത്തുള്ളിയും മഞ്ഞളും ഉപ്പും ചേർത്തരച്ച മിശ്രിതം കൊടുക്കുക. കോഴിയുടെ കാലുകൾക്കു ബലം വയ്ക്കുകയും അവ നന്നായി നടക്കുകയും ചെയ്യും. കോഴിയെ വർഷങ്ങളായി വളർത്തി പരിചയമുള്ളവർ ചെയ്യുന്ന നാടൻ മരുന്നുകളും പൊടിക്കൈകളുമാണ് ഇതെല്ലാം. എല്ലാത്തിനും അവസാന വാക്കായി മൃഗാശുപത്രിയിൽ പോകുന്നതും നല്ലതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ ആഗ്രഹമുണ്ടോ?
#Poultry Farm#Agriculture#Krishijagran#krishi#FTB