ചിക്കിപ്പെറുക്കുന്ന കോഴികളെ കാണാൻ ഏറെ ചന്തമാണെങ്കിലും നാം അറിയണം അവയ്ക്ക് വിരബാധ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന്. വിരശല്യം മൂലം കോഴികൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ കോഴി വളർത്തുന്നവർക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. വിരബാധ ഉള്ള കോഴികൾ പല തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്. കോഴികളിൽ കാണുന്ന തളർച്ച, തീറ്റ എടുക്കാതിരിക്കൽ, നെഞ്ച് ഉണങ്ങി ഉണങ്ങി പോകുന്ന അവസ്ഥ, അതായത് കോഴിയുടെ തൂക്കക്കുറവ് ഇതെല്ലം ഇതിന്റെ ലക്ഷണമായി കാണപ്പെടുന്നു. ഉരുളൻ വിര, നീളൻ വിര എന്നിങ്ങനെ രണ്ടു രീതിയിലുള്ള വിരകളാണ് സാധാരണയായി കാണാറുളളത്. വിര മരുന്നു നൽകുന്നത് മൂലം കോഴികൾക്ക് ആരോഗ്യം വർധിക്കുമെന്ന് മാത്രമല്ല മുട്ട ഉത്പാദനം വർധിക്കുകയും ചെയ്യും. കോഴിയുടെ ആരോഗ്യം കണക്കിലെടുത്താവണം എപ്പോഴും വിര മരുന്ന് നൽകുവാൻ. നല്ല ആരോഗ്യമുള്ള കോഴികൾക്ക് വിരമരുന്ന് നൽകാവൂ. ദ്രാവകരൂപത്തിലുള്ള മരുന്നുകൾ തിരഞ്ഞെടുക്കുന്നതാണ് ഏറെ ഉത്തമം. ആൽബോമറും പിപ്പെരെസിനുമാണ് കൂടുതൽ പ്രചാരത്തിലുള്ള വിരമരുന്നുകൾ. ഇതിൽ ആൽബമോർ ആണ് കേരളത്തിൽ കോഴിവളർത്തലിൽഏർപ്പെട്ടവർ കൂടുതലും ഉപയോഗിച്ചു വരുന്നത്.
ഒട്ടു മിക്ക എല്ലാ മെഡിക്കൽ ഷോപ്പിലും ഇത് ലഭ്യമാണ്. 30 ml നു 30 രൂപ എന്ന കണക്കിലാണ് വിപണിയിലെ ഇതിന്റെ വിലനിലവാരം. നൂറു കോഴികൾക്ക് 30 ml മരുന്ന് തന്നെ ധാരാളമാണ്. വലിയ കോഴികൾക്കു 1 ml എന്ന രീതിയും ചെറിയ കോഴികൾക്ക് പരമാവധി 1/2 ml എന്ന രീതിയിൽ മരുന്ന് നൽകുന്നതാണ് ഉത്തമം. എപ്പോഴും വിരമരുന്നിന്റെ പിറകിൽ രേഖപ്പെടുത്തിയ നിർദേശങ്ങൾ പൂർണമായും വായിച്ചു മനസിലാക്കി വേണം വിരമരുന്നു നൽകാൻ. വിരമരുന്നു ആദ്യമായി ഉപയോഗിക്കുമ്പോൾ നന്നായി കുലുക്കിയതിനു ശേഷം മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബ്രോയിലർ കോഴി പോലുള്ള അധികം തൂക്കം ഇല്ലാത്ത നൂറു കോഴികൾക്ക് 30 ml ന്റെ ബോട്ടിൽ വെള്ളത്തിൽ കലക്കി നൽകാവുന്നതാണ്. സാധാരണ മുട്ടയിടുന്ന കോഴികൾക്ക് 1 ml മരുന്ന് കോഴികളെ നേരിട്ട് പിടിച്ചു കൊടുക്കുന്നതാണ് ഉത്തമം. മരുന്ന് നൽകുമ്പോൾ കോഴിയുടെ വായിൽ നേരെ കൊടുക്കാതെ വശങ്ങളിലേക്ക് ചേർത്ത് കൊടുക്കണം. വെള്ളത്തിൽ മരുന്ന് കലക്കി നൽകുന്നതിനേക്കാൾ നല്ലത് നേരിട്ട്കോഴികൾക്ക് നൽകുക എന്ന മാർഗം ആണ്. എന്തെന്നാൽ വെള്ളത്തിൽ മരുന്ന് കലക്കി വെക്കുമ്പോൾ ചില കോഴികൾ ധാരാളം വെള്ളം കുടിക്കുകയും ചില കോഴികൾ ഒട്ടും വെള്ളം കുടിക്കാത്ത സാഹചര്യവും വരും. ഇങ്ങനെ വരുമ്പോൾ ഇതിന്റെ ശരിയായ ഫലം കോഴികൾക്ക് കിട്ടില്ല. ഫാമിങ് രീതി ആണെങ്കിൽ വെള്ളത്തിൽ ഒഴിച്ചുള്ള രീതി തന്നെ ആണ് ഏറെപ്രയോഗ്യകരം.
വിര മരുന്ന് നൽകുന്നതിന് രണ്ടു ദിവസം മുൻപെങ്കിലും ഏതെങ്കിലും കാൽസ്യം സപ്ലിമെന്റുകൾ കോഴിക്ക് നിർബന്ധമായും നൽകിയിരിക്കണം. വിര മരുന്നു ശരീരത്തിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം അകറ്റാൻ വിമറാളോ, ഗ്രോവിപ്ലെക്‌സോ, ഗ്ലുക്കോസ് കലക്കിയ വെള്ളമോ കോഴിക്ക് നൽകാവുന്നതാണ്. നൂറു കോഴികൾക്ക് 30 ml ന്റെ കണക്കാണ് എടുക്കുന്നതെങ്കിൽ 1 ml എന്നത് 12-13 തുള്ളിയോളം വരും. അപ്പോൾ 30 ml ന്റെ ബോട്ടിൽ ഏകദേശം 400 തുള്ളിയോളം മരുന്ന് ഉണ്ടാകും. വലിയ കോഴിക്കാണെങ്കിൽ നിപ്പിളിൽ നാലു തുള്ളിയെന്ന കണക്കും ചെറിയ കോഴികൾക്ക് അതായത് രണ്ടു മാസം പ്രായമായ കോഴികൾക്ക് രണ്ടു തുള്ളി എന്ന കണക്കും ഉപയോഗിക്കാം. ഫാമുകൾ ആണെങ്കിൽ വൈകുന്നേരസമയങ്ങളിൽ മരുന്ന് കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കോഴികൾക്ക് മരുന്ന് കൊടുത്താൽ ഉണ്ടാവുന്ന ക്ഷീണം അകറ്റാൻ ഈ സമയം ആണ് നല്ലത്. രാത്രി കാലങ്ങളിൽ കോഴികൾക്ക് പ്രകാശം ലഭ്യമാക്കാത്ത രീതിയിലാണ് വളർത്തുന്നതെങ്കിൽ മരുന്ന് നൽകുവാൻ പകൽ സമയം തിരഞ്ഞെടുക്കാം. വിര മരുന്ന് കൊടുക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപേ തൊട്ട് വെള്ളം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളത്തിൽ കലക്കി മരുന്ന് നൽകുമ്പോൾ മൂന്ന് മണിക്കൂറോളം വെള്ളം കുടിക്കാത്ത കോഴികൾ പൂർണമായും മരുന്നടങ്ങിയ വെള്ളം കുടിച്ചു തീർക്കുന്നതാണ്. ഓരോ കോഴിയുടെ പ്രായം അനുസരിച്ചും പിന്നെ കാലാവസ്ഥ അനുസരിച്ചും അവർ കുടിക്കുന്ന വെള്ളം വ്യത്യാസപ്പെട്ടിരിക്കും. കോഴികൾ കുടിച്ചു തീർക്കുന്ന വെള്ളത്തിന്റെ ഏകദേശം അളവ് നാം ആദ്യം നിശ്‌ചയപെടുത്തിയിരിക്കണം. വിര മരുന്ന് നൽകിയാൽ ഒരു ദിവസം ചിലപ്പോൾ മുട്ട ഉത്പാദനം കുറഞ്ഞെന്നിരിക്കാം. എന്നാൽ പിന്നീട് സാധാരണ കിട്ടുന്നതിലും കൂടുതൽ മുട്ട ലഭ്യമാകും. പ്രതിരോധ കുത്തിവെപ്പ് നൽകുന്ന കോഴികുഞ്ഞുങ്ങൾ ആണെങ്കിൽ ഏഴാമത്തെ ആഴ്ച അതായത് കോഴിവസന്തയുടെ രണ്ടാമത്തെ ഡോസ് നൽകുന്നതിന് മുൻപ് വിരയിളക്കാൻ മരുന്ന് നൽകാം. വിര ബാധിച്ചു ക്ഷീണിച്ചിരിക്കുന്ന കോഴിയാണെങ്കിൽ ആൽബോമർ പോലുള്ള മരുന്നുകൾ നൽകരുത്. കോഴികൾക്ക് പാൽക്കായം അരച്ച് നൽകിയാൽ വിര ശമിക്കും. ഈ സമയത്തു ആൽബോമർ പോലുള്ള വിര മരുന്നുകൾ നൽകാം. പാൽക്കായം ഇല്ലെങ്കിൽ പേരയുടെ തളിരില വെള്ളത്തിൽ ഇട്ട് തിളപ്പിച്ചു വറ്റിച്ചു ആറ്റി മൂന്ന് ദിവസം രാവിലെ തുടർച്ചയായി കോഴികൾക്ക് നൽകാം. രണ്ടു ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് വെള്ളം എന്ന രീതിയിൽ വറ്റിച്ചെടുക്കണം. ഇത് കോഴികൾക്ക് നൽകിയാൽ വിര ശല്യം കുറഞ്ഞു കിട്ടും. ചോറ് വേവിച്ചു കൊടുക്കുന്നവർ ആണെങ്കിൽ ചെറിയ കഷ്‌ണം കറിക്കായം ഇട്ടു വേവിച്ചു നൽകിയാൽ വിരയിൽ നിന്നും താത്കാലിക ശമനം കിട്ടും. അധിക വിര ശല്യം ഉള്ളപ്പോൾ ഒന്നും വിര മരുന്നിന്റെ നേരിട്ടുപയോഗം പാടില്ല. വിര മരുന്ന് നൽകിയാൽ വിരകൾ ഭൂരിഭാഗവും കോഴിക്കാഷ്ഠത്തിലൂടെ പുറത്തു പോകുമെങ്കിലും അവയുടെ മുട്ടകൾ കോഴിയുടെ ശരീരത്തിൽ തന്നെ നിലനിൽക്കാം. ഈ മുട്ടകൾ വിരിഞ്ഞു ഇറങ്ങിയതിനു ശേഷം അതായത് 10-15 ദിവസത്തിനുള്ളിൽ ഒരു പ്രാവശ്യം കൂടി വിര മരുന്ന് നൽകേണ്ടി വരും. എന്നാലെ വിരകളെ പൂർണമായും തുടച്ചു നീക്കാൻ സാധിക്കുകയൊള്ളു. പിന്നീട് നാലു മാസം കഴിഞ്ഞു വിര മരുന്ന് കൊടുക്കാൻ മതിയാവും. വിര മരുന്ന് നൽകിയതിന് ശേഷം ശുദ്ധമായ വെള്ളം കോഴിക്ക് നൽകിയിരിക്കണം. ഒരിക്കലും വിര മരുന്ന് കലക്കിയ വെള്ളത്തോടൊപ്പം തീറ്റ നൽകരുത് കോഴികൾക്ക്. ഫാമിങ് രീതി ആണെങ്കിലും അല്ലെങ്കിലും എല്ലാ ജീവജാലങ്ങൾക്കും പരമാവധി ഒരു ദിവസം തന്നെ വിര മരുന്ന് നൽകുക. വിര മരുന്ന് നൽകിയതിന് ശേഷം കോഴിയുടെ കൂടും പരിസരവും നീറ്റു കക്ക വിതറി പിന്നീട് അറക്കപ്പൊടി ചേർത്ത് അണുവിമുക്തം ആക്കണം. നീറ്റു കക്ക ഇട്ട് ശുദ്ധമാക്കിയില്ലെങ്കിൽ കോഴികൾ തീറ്റ എടുക്കുമ്പോൾ ഇവ വീണ്ടും ശരീരത്തിലേക്ക് എത്തുന്നതാണ് . ഈ സാഹചര്യം ഒഴിവാക്കണം. ഇതു മാത്രമല്ല നീറ്റു കക്ക എല്ലാവിധ സാംക്രമിക രോഗങ്ങളെയും ബാക്റ്റീരിയകളെയും ഇല്ലാതാക്കുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇറച്ചിക്കോഴി-പ്രതിരോധ കുത്തിവെപ്പുകളുടെ സമയക്രമം