കുറഞ്ഞ ചെലവില്‍ സംരംഭം തുടങ്ങാനും പോഷകസമ്പുഷ്ടമായ ജന്തുജന്യ മാംസ്യം ലഭിക്കാനുള്ള എളുപ്പവഴിയാണ് വീട്ടിൽ തന്നെ കോഴിവളര്‍ത്തല്‍ ചെയ്യുന്നത്.
പ്രായഭേദമെന്യേ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന സംരംഭമാണിത്. കുറഞ്ഞ മുതല്‍മുടക്ക്, കുറഞ്ഞ സംരക്ഷണച്ചെലവ്, ഭക്ഷ്യാവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കാമെന്നതൊക്കെ ഈ സംരംഭത്തിൻറെ മേന്മയാണ്.
കൂടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
പലതരത്തിലുള്ള കൂടുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവരെല്ലാം പല അവകാശവാദങ്ങളും ഉയർത്തുമെങ്കിലും, നല്ലവണ്ണം നോക്കിയ ശേഷം മാത്രമേ കൂടു വാങ്ങാവൂ. ടെറസില്‍ കോഴി വളര്‍ത്തല്‍ ആരംഭിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടതും ഇതു തന്നെയാണ്. നിലവില്‍ കോഴിവളര്‍ത്തുന്നവരെ സന്ദര്‍ശിച്ച് ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. തീറ്റ, വെള്ളം, എന്നിവ കൊടുക്കാനും മുട്ടയും കാഷ്ടവും ശേഖരിക്കാനുമുള്ള സൗകര്യങ്ങള്‍ ഏതു തരത്തിലാണൊരുക്കിയിട്ടുള്ളതെന്ന് കൃത്യമായി ശ്രദ്ധിക്കണം. സ്ഥലം ലാഭിക്കുകയും വെളിച്ചവും വായുസഞ്ചാരവും യഥേഷ്ടം ലഭിക്കുന്നതും കുറഞ്ഞ ചെലവില്‍ നിര്‍മിച്ചിരിക്കുന്നതുമായിരിക്കണം കൂടുകള്‍. തുരുമ്പെടുക്കാത്ത ജിഐ കമ്പികള്‍ കൊണ്ടാണ് നിര്‍മിക്കുന്ന കൂടുകളാണ് പലരും ഉപയോഗിക്കുന്നത്. തറനിരപ്പില്‍ നിന്നും രണ്ടടി ഉയരത്തില്‍ സ്റ്റാന്റില്‍ ഉറപ്പിച്ച രീതിയിലാണ് വിപണിയിലുള്ള മിക്ക കൂടുകളും. ആവശ്യത്തിന് അനുസരിച്ച് മാറ്റിവയ്ക്കാന്‍ അനുയോജ്യമായ തരത്തില്‍ ഭാരം കുറഞ്ഞ കൂടുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
ടെറസ്സിൽ വളർത്താൻ അനുയോജ്യമായ ഇനങ്ങൾ
ഇറച്ചിക്കും മുട്ടയ്ക്കും അനുയോജ്യമായ ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, കലിംഗ ബ്രൗണ്‍, ഗിരിരാജ എന്നീ ഇനങ്ങളും ടെറസില്‍ വളര്‍ത്താമെങ്കിലും, മുട്ടക്കോഴികളെയാണ് ടെറസില്‍ വളര്‍ത്താന്‍ അനുയോജ്യം. ഇതില്‍ ബിവി 380 ഇനമാണ് കേരളത്തില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യം. ഇവയുടെ മുട്ടയ്ക്ക് ചുവന്ന തോടായിരിക്കും, വിപണിയില്‍ നല്ല വിലയും ലഭിക്കും.
പരിചരണം
കൃത്യ സമയത്ത് ഭക്ഷണം, വെള്ളം എന്നിവ വെച്ചുകൊടുക്കണം. മുട്ടയും കാഷ്ടവും ശേഖരിക്കാനും പ്രത്യേക സൗകര്യങ്ങള്‍ കൂടുകളിലുണ്ടാകും. പഴകിയ ഭക്ഷണവും കാഷ്ടവും കെട്ടികിടക്കാന്‍ അനുവദിക്കരുത്. തീറ്റ നല്‍കുന്നതിനുള്ള ഫീഡറും മുട്ട കൂടിനു പുറത്തുനിന്നും ശേഖരിക്കാവുന്ന എഗ് ചാനലും കൂട്ടില്‍ തന്നെ സജീകരിച്ചിട്ടുണ്ടാകും. അഞ്ച് കോഴികളെ വരെ പാര്‍പ്പിക്കാവുന്ന കൂടിന് മുകളില്‍ ഇവയ്ക്കാവശ്യമായ വെള്ളം ശേഖരിക്കാനുള്ള വാട്ടര്‍ ടാങ്കുണ്ട്. ടാങ്കില്‍നിന്ന് പൈപ്പ് കണക്ഷനിട്ട് കോഴികള്‍ നില്‍ക്കുന്നതിന് മുകളിലായി മൂന്ന് ടാപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നു. ചെറിയ ഈ ടാപ്പുകളില്‍ എപ്പോഴും വെള്ളം വന്നുനില്‍ക്കുന്നുണ്ടാകും. വെള്ളം ആവശ്യമുള്ളപ്പോള്‍ കൊക്ക് ഒന്ന് ഇതില്‍ മുട്ടിക്കുകയേ കോഴിക്കാവശ്യമുള്ളൂ. വെള്ളം യഥേഷ്ടം വായിലത്തെും. ഇതുമൂലം വെള്ളം പാഴായിപ്പോകുന്നതും തീറ്റയില്‍ ഈര്‍പ്പം കലര്‍ന്ന് പൂപ്പല്‍ ബാധ ഉണ്ടാകുന്നതും തടയാം.
വെയിലിൻറെ ചൂട് കൂട്ടില്‍ നേരിട്ട് അടിക്കുന്നത് ഒഴിവാക്കണം. ആവശ്യത്തിന് സ്ഥലവും നല്ല വായുസഞ്ചാരം വേണം കൂട്ടില്‍. വെയിലിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ വേണം. രണ്ടു ദിവസത്തിലൊരിക്കല്‍ കുടിവെള്ളം നല്കുന്ന പാത്രം, കാഷ്ഠം ശേഖരിക്കുന്ന ട്രേ എന്നിവ വൃത്തിയാക്കണം. തീറ്റപ്പാത്രം ആഴ്ചയിലൊരു പ്രാവശ്യം വൃത്തിയാക്കിയാലും മതി. പ്രായപൂര്‍ത്തിയായ കോഴിയൊന്നിന് ശരാശരി 100 ഗ്രാം സമീകൃതാഹാരം ഒരു ദിവസം വേണ്ടിവരും.
പച്ചിലകള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, അസോള മുതലായവ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ സമീകൃതാഹാരത്തിന്റെ അളവ് 35 ശതമാനം വരെ കുറയ്ക്കാവുന്നതാണ്.