പശുഫാമിന്റെ സാമ്പത്തിക തകർച്ചയ്ക്ക് വഴിവയ്ക്കുന്ന രോഗമാണ് അകിടുവീക്കം. അണുബാധയാണ് പ്രധാനകാരണം. സമൃദ്ധിയായി പാലുള്ള പശുക്കളിലും ഏറ്റവും പാൽ ചുരത്തുന്ന കാലത്തും അകിടു വീക്കമുണ്ടാകാനുള്ള സാധ്യത കൂടുന്നു. ചില പശുക്കളിൽ മൂലക്കാമ്പിനെ അടച്ചു നിർത്തുന്ന പേശികൾക്ക് ബലക്കുറവ് കാണാം. ഇങ്ങനെയുള്ള ഉരുക്കൾ കിടക്കുമ്പോൾ മുലക്കാമ്പ് തുറന്ന് പാൽ ഇറ്റുവീഴുക സാധാരണമാണ്. അകിടിൽ അണുബാധയുണ്ടാവാനുള്ള സാധ്യത ഇങ്ങനെയുള്ള ഉരുക്കളിൽ കൂടുന്നു. വൃത്തിഹീനമായ തൊഴുത്തും പരിസരവും അകിടുവീക്കമുണ്ടാക്കുന്ന അണുക്കളുടെ വർധന പെരുകിക്കും. കറവയന്ത്രങ്ങളുപയോഗിക്കുന്ന ഫാമുകളിൽ ഇവയുടെ ശുചിത്വമില്ലായ്മ മൂലവും രോഗാണുക്കൾ അകിടിൽ പ്രവേശിക്കാം.
അകിടുവീക്കം വരാതിരിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യണം.
കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
അകിട് വൃത്തിയായി കഴുകിത്തുടച്ചതിനുശേഷം കറക്കുക.
കറവക്കാരൻ ശുചിത്വം പാലിക്കുക.
ശരിയായ മാർഗത്തിൽ കറക്കുക.
കറവയന്ത്രങ്ങൾ ശുചിയായി സൂക്ഷിക്കുക.
വയ്ക്കുശേഷം ബിറ്റാഡിൻ പോലുള്ള പ്രത്യേക അണു നശീകരണ ലായനിയിൽ കാമ്പുകൾ മുക്കുക.
കറവയുടെ കാലം കഴിയുമ്പോൾ ആന്റീബയോട്ടിക് ചികിത്സ നടത്തുക.
ഈ മുൻകരുതലുകൾ എടുത്താൽ അകിടുവിക്കം വരാതെ സൂക്ഷിക്കാം. അകിടുവീക്കം കണ്ടാൽ ശരിയായ വൈദ്യസഹായം അൽപ്പംപോലും താമസിയാതെ ലഭ്യമാക്കണം.
തുടർച്ചയായി അകിടുവീക്കം കാണിക്കുന്ന പശുക്കളെ ഫാമിൽ നിർത്തുന്നത് അഭികാമ്യമല്ല. അകിടുവീക്കം പൊതുവേ മരണഹേതു അല്ലെങ്കിലും പാലുൽപാദനത്തിൽ ഗണ്യമായ കുറവു വരുത്തുന്നതുകൊണ്ട് ഫാമിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും.
അകിടുവീക്കമുള്ള കാമ്പിലെ സ്രവം (പാല്, കട്ടപിടിച്ച പാല്, രക്തം) പ്രത്യേകം തുറന്ന് നശിപ്പിച്ചുകളയണം. അകിടുവീക്കമുള്ള പശുക്കളുടെ രോഗമില്ലാത്ത മറ്റു കാമ്പുകളിലെ പാൽ മനുഷ്യോപയോഗത്തിന് ഉപയോഗിക്കാതിരിക്കുകയാവും നല്ലത്. പശുക്കുട്ടികൾക്ക് കൊടുക്കുന്ന പാലിൽ ഇത് ചേർക്കാവുന്നതാണ്.
അകിടുവീക്കത്തിന്റെ തുടക്കത്തിൽ രോഗലക്ഷണങ്ങൾ മനസ്സിലാക്കാനെളുപ്പമല്ല. പാലിന് വളരെ നേരിയ അമ്ലാംശമുണ്ടെന്നതൊഴിച്ചാൽ മറ്റു ലക്ഷണങ്ങളൊന്നുംതന്നെ കാണിക്കുകയില്ല. ഈയവസരത്തിൽ ത്തന്നെ അകിടുവീക്കം കണ്ടുപിടിച്ച് ശരിയായ ചികിത്സ നൽകിയാൽ യാതൊരു കുഴപ്പവും കൂടാതെ ഒട്ടുമുക്കാലും അകിടുവീക്കം ഭേദമാക്കാൻ കഴിയുന്നതാണ്. ഇതിനുള്ള പരിശോധന വളരെ ലളിതമാണ്. വൃത്താ കൃതിയിലുള്ള കറുപ്പുനിറമുള്ള നാലു ചെറുതളികകളിലാണ് പരിശോധന.
നാലുകാമ്പിലെയും ആദ്യത്തെ പാൽ ചെറു തളികകളിലേക്ക് ഇറ്റിക്കുന്നു. ഈ തളികകൾ ചരിച്ച് പാൽ തളികയിൽ പടർത്തുമ്പോൾ ഏതെങ്കിലും കാമ്പിൽ നിന്നും ഇറ്റിയ പാൽ കട്ടപിടിക്കയോ പിരിഞ്ഞതുപോലെ കാണുകയോ ചെയ്താൽ പ്രസ്തുത കാമ്പിൽ അകിടു വീക്കത്തിന്റെ ആരംഭമാണെന്നനുമാനിക്കാം. കറവക്കാർ തന്നെ ഓരോ കാമ്പിലെയും പാൽ രുചിച്ചു നോക്കി ഉപ്പുരസം തോന്നുന്ന പാൽചുരത്തിയ കാമ്പിൽ അകിടുവീക്കം ഉണ്ടെന്നു കണ്ടെത്തുന്ന ഒരു നാടൻ രീതിയും പരീക്ഷിച്ചുനോക്കാവുന്നതാണ്.
കറവയുള്ള പശുക്കളെയെല്ലാം ആഴ്ചയിലൊരിക്കലെന്ന ക്രമത്തിൽ അകിടുവീക്കപരിശോധനയ്ക്ക് വിധേയമാക്കണം. സ്ട്രിപ് പരിശോധനയെന്ന ഈ മാർഗം ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമാണ്.
കാലിഫോർണിയ അകിടുവീക്കപരിശോധനയാണ് മറ്റൊരു മാർഗം ഇവിടെ ഇറ്റിക്കുന്ന പാലിൽ ഒരു രാസവസ്തു ചേർത്ത് പാലിന്റെ നിസ മാറ്റമാണ് പരിശോധിക്കുന്നത്. ഈ പരിശോധനയും വളരെയധികം ഫല പ്രദമാണ്.