കൃത്യമായ ഇടവേളകളിൽ പ്രതിരോധകുത്തിവയ്പിന് വിധേയമായിട്ടുള്ള തള്ളയാടുകളുടെ കുട്ടികൾക്ക് സ്വാഭാവികമായ രോഗപ്രതിരോധശേഷി അമ്മയിൽ നിന്നും പകർന്നു കിട്ടിയിട്ടുണ്ടാകും. അത്തരം കുഞ്ഞുങ്ങൾക്ക് ആറാഴ്ച പ്രായമാകുന്നതിനു മുൻപ് പ്രതിരോധകുത്തിവയ്പ്പുകൾ നൽകുന്നത് അവയുടെ ആർജിത പ്രതിരോധ ശേഷിയെ നശിപ്പിക്കാനേ വഴിവയ്ക്കു.
എന്നാൽ ഗർഭാവസ്ഥയിൽ രോഗപ്രതിരോധ കുത്തിവയ്പ്പുകൾ ലഭിച്ചിട്ടില്ലാത്ത ആടുകൾക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മൂന്ന് ആഴ്ച പ്രായമാകുമ്പോൾ തന്നെ ടെറ്റനസ്സിനെതിരായുള്ള പ്രതിരോധ കുത്തിവയ്പു നൽകേണ്ടതാണ്. ആദ്യ മൂന്ന് ആഴ്ചയിലെ പ്രതിരോധത്തിനായി ജനന ദിവസം തന്നെ ടെറ്റനസ് ആന്റി ടോക്സിൻ നൽകാനും നിർദേശമുണ്ട്.
ഭാരതീയ കാർഷിക ഗവേഷ കൗൺസിലിന്റെ കീഴിൽ ഉത്തർപ്രദേശിലെ മധുരയിൽ പ്രവർത്തിക്കുന്ന 'സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ഗോട്ട്' പുറത്തിറക്കിയ ആടുകളിലെ പ്രതിരോധ കുത്തിവയ്പ് കലണ്ടർ രോഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന അധ്യായത്തിൽ ചേർത്തിട്ടുണ്ട്.
ഈ കലണ്ടർ പ്രകാരം 3-4 മാസത്തിലാണ് ആടുകൾക്കുള്ള പ്രധാന കുത്തിവയ്പ്പുകൾ എല്ലാം തന്നെ നൽകേണ്ടത്. ശരിയായ കന്നിപ്പാൽ കുടിച്ചുവളരുന്ന ആട്ടിൻകുട്ടികൾക്ക് ആദ്യത്തെ മൂന്നു മാസം ശരീരത്തിൽ പ്രതിരോധശേഷി സ്വാഭാവികമായും ഉണ്ടാകും എന്നതിനാലാണിത്. എന്നാൽ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നതിനു രണ്ടാഴ്ച മുൻപ് കുഞ്ഞുങ്ങളെ വിരയിളക്കിയിരിക്കണം.
മൂന്നു മാസത്തിനു മുകളിൽ പ്രായമുള്ള ആട്ടിൻ കുഞ്ഞുങ്ങൾക്ക് മൺസൂൺ കാലത്തിനു മുൻപും മൺസൂൺ കാലത്തിനു ശേഷവുമായി വർഷത്തിൽ രണ്ടു തവണ വിരയിളക്കാനാണ് ദേശീയതലത്തിലെ നിർദേശമെങ്കിലും, മേച്ചിൽ സ്ഥലം കുറവായും തടിയുടേയുമൊക്കെ കൂടുകളിൽ തന്നെ വളരുന്ന രീതി കൂടുതലായും കണ്ടു വരുന്ന നമ്മുടെ നാട്ടിൽ വിരയിളക്കാത്ത ആടുകൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ മാസം തന്നെ വിരയിളക്കാവുന്നതാണ്.
കാഷ്ഠപരിശോധന നടത്തി വിരയിളക്കുകയാണെങ്കിൽ, അത് കൂടുതൽ ഫലപ്രദമായി കണ്ടുവരുന്നു. രക്താതിസാരവും മറ്റും ഉണ്ടാക്കുന്ന കോക്സീഡിയ ഇനത്തിൽപ്പെട്ട രോഗകാരികൾക്കെതിരെ ആദ്യ മാസം തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതാണ്. വളരുന്ന പ്രായത്തിലെ ആടുകളിലെ വിളർച്ച, ഭാരക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ വിരബാധയുടെ സാധ്യത സൂചിപ്പിക്കുന്നു. ആട്ടിൻകുട്ടികളെ വളർച്ചയുടെ പ്രായത്തിൽ ആദ്യ ആറുമാസം വരെ ആഴ്ചതോറും ഭാരം കണക്കാക്കുവാൻ സാധിക്കുമെങ്കിൽ വളർച്ചാതോത് അറിയാനും അതുവഴി ഇത്തരം രോഗസാധ്യതകൾ കണ്ടെത്താനും കഴിയും.
കൃത്യമായ പരിചരണവും ശരിയായ ഭക്ഷണക്രമവും ലഭിക്കുന്ന ആടുകൾ മറ്റു ആടുകളേക്കാൾ നന്നായി വളരുന്നു. കൃത്യസമയത്തിന് പ്രജനനത്തിനും തയാറാവുകയും ചെയ്യുന്നു. ജനനം മുതൽ വളർച്ചയുടെ ആദ്യഘട്ടത്തിൽ ചെയ്യുന്ന പരിചരണങ്ങളാണ് ഒരു നല്ല ആടിനെ വളർത്തിയെടുക്കാൻ സഹായകമാവുന്നു എന്നതിൽ സംശയമില്ല. ആയതിനാൽ ആടുവളർത്തലിൽ ഏറെ ശ്രദ്ധകൊടുക്കേണ്ട ഒന്നാണ് നവജാത-ശൈശവകാല പരിപാലനം.