സാധാരണയല്ലെങ്കിലും അപൂർവ്വമായി സംഭവിക്കാവുന്നതാണ്. ഇരട്ട് കിടാക്കളിൽ ഒന്ന് പശുക്കിടാവും മറ്റേത് മൂരിക്കിടാവും ആവുന്ന സാഹചര്യമാണ് ഫ്രീ മാർട്ടിനിസം എന്ന ജനിതക ലൈംഗികവൈകല്യത്തിന് വഴിയൊരുക്കുന്നത്. തള്ളപ്പശുവിന്റെ ഗർഭ പാത്രത്തിൽ വച്ച് ഗർഭാശയസ്തരം വഴി ഈ രണ്ട് കിടാക്കൾക്കിടയിലും നടക്കുന്ന ഹോർമോണുകളുടെയും കോശങ്ങളുടെയും കൈമാറ്റമുൾപ്പടെയുള്ള ശാരീരിക പ്രക്രിയകൾ പശുക്കിടാവിന്റെ പ്രത്യുൽപാദന വളർച്ചയെ ഗർഭപാത്രത്തിൽ വച്ച് തന്നെ മുരടിപ്പിക്കും.
ഇരട്ട പ്രസവത്തിൽ ഉണ്ടാവുന്ന മുരിക്കിടാവിന് കാര്യമായ പ്രത്യുൽപാദന പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. എന്നാൽ ഗർഭസ്ഥ കിടാവ് ആയിരിക്കുമ്പോൾ തന്നെ പെൺ പ്രത്യുൽപ്പാദന അവയവങ്ങളുടെ വളർച്ച മുരടിച്ച പശുക്കിടാക്കളിൽ ശരീര വളർച്ചയുണ്ടാവുമെങ്കിലും കാര്യമായ ലൈംഗിക വളർച്ചയുണ്ടാവില്ല. പ്രത്യുൽപ്പാദനശേഷിയില്ലാത്ത, നിത്യ വന്ധ്യത കൂടെപ്പിറപ്പായ ഈ കിടാക്കൾ അറിയപ്പെടുന്നത് ഫീമാർട്ടിൻ എന്നാണ്.
മുരിക്കിടാവിനൊപ്പം പശുക്കിടാവിനെയും ഗർഭം ധരിക്കുന്ന 95 ശതമാനം പശുക്കളും പ്രസവിക്കുന്ന പശുക്കിടാക്കൾ ഫ്രീമാർട്ടിൻ എന്ന വൈകല്യം ഉള്ളവയായിരിക്കും. ഇത്തരം കിടാരികളെ നേരത്തെ തന്നെ പ്രശ്നം തിരിച്ചറിഞ്ഞ് സംരംഭത്തിൽ നിന്ന് ഒഴിവാക്കുക എന്നതാണ് ഏറ്റവും ഉചിതം.
മൂരിക്കുട്ടിക്കൊപ്പം ജനിച്ച് പശുക്കിടാക്കളിൽ തീർച്ചയായും ഫീമാർട്ടിനിസം സംശയിക്കണം. പ്രത്യുൽപാദനക്ഷമതയില്ലാത്ത ഒരു കിടാരിയെ പരിപാലിക്കുന്നതിലൂടെ തീറ്റയുൾപ്പെടെ പരിപാലന ചെലവുകളിൽ വരുന്ന നഷ്ടവും നിരാശയും തടയാൻ ഫ്രീമാർട്ടിൻ കിടാക്കളെ നേരത്തെ തന്നെ കണ്ടെത്തി ഒഴിവാക്കുന്നതിലൂടെ കർഷകർക്ക് കഴിയുന്നു.
പരിചരണം കൃത്യമായിട്ടും മദി ലക്ഷണങ്ങൾ കാണിച്ചില്ലങ്കിൽ
സമീകൃത തീറ്റയും വിരമരുന്നും ധാതുലവണ മിശ്രിതങ്ങളുമെല്ലാം കൃത്യമായി നൽകുന്നുണ്ടെങ്കിലും പതിനെട്ട് മാസം പ്രായമെത്തിയിട്ടും കിടാവ് മദിയുടെ ലക്ഷണങ്ങൾ കാണിക്കാത്ത സാഹചര്യമുണ്ടാവാറുണ്ട്. ഈ ഘട്ടങ്ങളിൽ വെറ്ററിനറി ഡോക്ടറെ സമീപിച്ച് അത്തരം കിടാരികളുടെ ഗർഭപാത്രത്തിന്റെ വളർച്ച പരിശോധിപ്പിക്കണം.