പുളിയരി (പുളിങ്കുരു) യുടെ 70-75 ശതമാനവും വിത്തിന് വളരാനുള്ള അന്നജം, മാംസ്യം, ഇതര പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ്. തോടു നീക്കിയുള്ള പുളിയരിയുടെ വെളുത്ത ഭാഗം ഇത്തരത്തിൽ ഭക്ഷ്യയോഗ്യവും പോഷകപ്രദവുമാണ്. അതു കൊണ്ടുതന്നെയാണ് കാലിത്തീറ്റ എന്ന നിലയിൽ പുളിയരി എക്കാലവും മികവ് പുലർത്തുന്നത്.
പുളിയരിയിൽ നിന്ന് എണ്ണയുടെ അംശം നീക്കുക (deoiling) എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. ഇത്തരത്തിൽ എണ്ണ നീക്കിയ പുളിയരിയുടെ ഉൾക്കാമ്പ് വിവിധതരത്തിൽ ഉപയോഗപ്പെടുത്താൻ കഴിയും. പുളിയരിപ്പൊടിയാക്കുമ്പോൾ ഉണ്ടാകാവുന്ന പ്രത്യേകതരം ഗന്ധം ഒഴിവാക്കാനും എണ്ണനീക്കൽ സഹായിക്കും. പുളിയരിയെ വ്യാവസായിക ഉപയോഗങ്ങളുള്ള ഒരുല്പന്നമാക്കി മാറ്റാൻ സഹായിക്കുന്നതും ഈ എണ്ണനീക്കൽ പ്രക്രിയയാണ്. എണ്ണയുടെ അംശം നീക്കിയ പുളിയരിക്ക് നിറഭേദവും വരില്ല.
എണ്ണയുടെ അംശം നീക്കിയ പുളിയരിപ്പൊടിയിൽ 12% ഈർപ്പം, 0.3% ചാരം, 0.2% നാര്, 65% പെക്റ്റിൻ, 65% മാംസ്യം, 55% പോളിസാക്കറൈ ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ടാകും. ഇതിൻ്റെ അമ്ല-ക്ഷാരനില (pH) 6.0 മുതൽ 7.0 വരെ ആയിരിക്കും.
വളർത്തുമൃഗങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണ പദാർഥങ്ങൾ തയാറാക്കാൻ പുളിയരിപ്പൊടിയെ ഉത്തമ ചേരുവയാക്കുന്നതും ഈ സ്വഭാവമാണ്. കാലിത്തീറ്റയും മറ്റും ഇതുപയോഗിച്ച് നിർമിക്കുമ്പോൾ നിറഭേദം വരില്ല, ദുർഗന്ധം ഉണ്ടാകുകയില്ല. സർവോപരി നനവ് പിടിച്ച് തീറ്റ കേടാകുകയുമില്ല. ആവശ്യത്തിന് വേണ്ടത്ര ഈർപ്പം മാത്രം ഉണ്ട് എന്നതാണ് കാലിത്തീറ്റ നിർമാണത്തിൽ പുളിയരിപ്പൊടിയെ ഉത്തമമാക്കുന്നത്. മാത്രമല്ല, തീറ്റയ്ക്ക് സ്ഥിരസ്വഭാവം നല്കുവാനും ഇതുപകരിക്കും.
വാളൻപുളിയുടെ കുരു തൊണ്ടുകളഞ്ഞ് നുറുക്കി പൊടിയാക്കുന്നതാണ് പുളിയരിപ്പൊടി. പുളിയരി സാധാരണ കഞ്ഞിവയ്ക്കുന്നതു പോലെ വെള്ളം കുറച്ച് കുഴമ്പുരൂപത്തിൽ വേവിച്ച് കന്നുകാലികൾക്കും പോത്തിനുമൊക്കെ തീറ്റയായി കൊടുക്കാം. ഇതോടൊപ്പം പഴയ ചോറോ ഗോതമ്പോ അരിയോ ഒക്കെ ഇട്ട് വേവിക്കുകയുംചെയ്യാം.
100 കിലോ ശരീരഭാരമുള്ള പോത്തിന് ദിവസവും 200 ഗ്രാം വീതവും വളർച്ചയെത്തിയ പോത്തിന് ഒരു കിലോ വീതവും കൊടുക്കാം. എങ്കിലും ഗർഭധാരണത്തിലുള്ള പശുക്കൾക്ക് ഇതിൻ്റെ അളവ് കുറച്ചു വേണം നല്കാൻ.