മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മത്സ്യമാണ് വരാൽ. അതുകൊണ്ടുതന്നെ വാണിജ്യകൃഷിക്ക് മികച്ച ഇനം ആയി കണക്കാക്കുന്ന മത്സ്യവും ഇതുതന്നെ. പെട്ടെന്ന് വളരാൻ ഉള്ള കഴിവ്, കമ്പോളത്തിലെ പ്രിയം, ഉയർന്നവില തുടങ്ങിയ ഗുണങ്ങൾ അനവധി ഉള്ള വരാൽ കൃഷി ചെയ്താൽ സാമ്പത്തികഭദ്രത ഉറപ്പിക്കാം.
മാർച്ച് മുതൽ ജൂൺ വരെയും ഒക്ടോബർ മുതൽ ഡിസംബർ വരെയുമാണ് പ്രത്യുല്പാദന കാലം ഇക്കാലത്ത് ആണും പെണ്ണും ഇണകളായി തിരിഞ്ഞു കൂടുണ്ടാക്കാൻ സ്ഥലം കണ്ടെത്തുന്നു. ആഴം കുറഞ്ഞ ജലസസ്യങ്ങൾ തിങ്ങിനിറഞ്ഞ ഭാഗങ്ങളിലാണ് സാധാരണ ഇവ കൂടുണ്ടാക്കുന്നത്. മുട്ടയിട്ട ശേഷം മാതാപിതാക്കൾ കൂടിനു കാവൽ നിൽക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ നിറമാണ്.
ഒന്നര മാസം വരെ മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ ശേഖരിച്ച് പ്രത്യേകം ടാങ്കിൽ വളർത്തുകയും ആവാം കോഴിമുട്ടയുടെ മഞ്ഞക്കരു, ആർട്ടീമിയ, ലാർവ, ജന്തു പ്ലവകങ്ങൾ എന്നിവ തീറ്റയായി നൽകാം. പെട്ടെന്ന് വംശവർദ്ധനവ് നടത്തുന്ന മത്സ്യങ്ങൾക്ക് ഒപ്പം ഇവയെ വളർത്താവുന്നതാണ്.
കുളത്തിൽ പെട്ടെന്ന് മുട്ടയിട്ട് പെരുകുന്ന തിലോപ്പിയ കുഞ്ഞുങ്ങൾ വരാലിന്റെ തീറ്റയായി തിരുന്നു. തിലോപ്പിയ കൃഷിയിലെ പെരുപ്പത്തിന് പരിഹാരവും ആകും വരാൽ കൃഷി. അതിൽ കുളത്തിൽ വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് ഏകദേശം നാല് മാസം മുൻപ് തിലോപ്പിയ നിക്ഷേപിച്ചാൽ മതി. ഏകദേശം 10 മാസം കൊണ്ട് ഇവ വിളവെടുക്കാൻ പൂർണ സജ്ജമാകും. കുളം വറ്റിച്ചോ പ്രത്യേക കെണികൾ ഉപയോഗിച്ചോ നമുക്ക് വിളവെടുപ്പ് സാധ്യമാക്കാം.
ശാസ്ത്രീയരീതിയിൽ കുളം ഒരുക്കാം
കുളം പൂർണമായും വറ്റിച്ച് ഉണക്കി എടുക്കുന്നതാണ് ഈ കൃഷിയുടെ ആദ്യഘട്ടം. അമ്ല ക്ഷാര നില ക്രമീകരിക്കാൻ കുമ്മായ പ്രയോഗം നല്ലതാണ്. ഏകദേശം 18 മുതൽ 25 മില്ലിമീറ്റർ വലുപ്പമുള്ള കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കാം. നഴ്സറി പരിചരണത്തിന് ശേഷം 70 മുതൽ 100 മില്ലിമീറ്റർ വരെ വലുപ്പമുള്ള കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന രീതിയും അത്യുത്തമമാണ്.
ചെറുപ്രായത്തിൽ വരാലിനുള്ള ഉള്ള തീറ്റ കമ്പോളത്തിൽ ലഭ്യമല്ല. അതുകൊണ്ടുതന്നെ അറവ് ശാലകളിൽ നിന്നുള്ള മാംസാവശിഷ്ടങ്ങളും നൽകാം. ഇവയുടെ പ്രധാന ആഹാരം തവള, വാൽമാക്രി, ചെറുമത്സ്യങ്ങൾ എന്നിവയാണ്. മറ്റു മത്സ്യകൃഷി വച്ചുനോക്കുമ്പോൾ ഏറെ ആദായകരമായ വാകവരാൽ തന്നെ എന്ന് ഉറപ്പിച്ചു പറയാം.