അഞ്ച് മുതൽ ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ വില്‌പനയാണ് വരുമാനത്തിൽ പ്രധാനം. അഞ്ച് മാസം വരെ പ്രായമെത്തിയ ക്രോസ് ബ്രീഡ് ഇനത്തിൽപ്പെട്ട പെണ്ണാടുകൾക്ക് 20 കിലോവരെ തൂക്കമുണ്ടാകും. തൂക്കത്തിനനുസരിച്ചാണ് കുഞ്ഞുങ്ങളുടെ വില. പെണ്ണാട്ടിൻ കുട്ടികൾക്ക് കിലോയ്ക്ക് 450 രൂപയും ആണാട്ടിൻ കുട്ടികൾക്ക് കിലോയ്ക്ക് 400 രൂപയുമാണ് ഈടാക്കുന്നത്.
ഫാമിലെ മികച്ച പേരൻ്റ് സ്റ്റോക്കിൽ നിന്നു ശാസ്ത്രീയമായ രീതിയിൽ ബ്രീഡിംഗ് നടത്തിയുണ്ടാവുന്ന ഗുണമേന്മയുള്ള കുഞ്ഞുങ്ങൾ ആയതിനാൽ ആട്ടിൻ കുഞ്ഞുങ്ങൾക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. ഇപ്പോൾ പ്രധാനമായും ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങൾ വഴിയാണ് ആട്ടിൻ കുഞ്ഞുങ്ങളുടെ വില്പ്‌പന. ഒപ്പം കുഞ്ഞുങ്ങളിൽ ഏറ്റവും വളർച്ചാനിരക്കുള്ളവയെ തെരഞെഞ്ഞെടുത്ത് അടുത്ത ബ്രീഡിംഗ് സ്റ്റോക്കായി വളർത്തുകയും ചെയ്യും.
ലിറ്ററിന് 120 രൂപയാണ് ആട്ടിൻ പാലിനു വിലയെങ്കിലും ധാരാളം ആവശ്യക്കാരുണ്ട്. കൂടുതൽ എണ്ണം പെണ്ണാടുകൾ ഫാമിലുള്ളതിൽ കുഞ്ഞുങ്ങൾ കുടിച്ചു കഴിഞ്ഞാലും രണ്ടോ, മൂന്നോ ലിറ്റർ പാൽ മിച്ചമുണ്ടാവും.
ആട്ടിൻ മൂത്രവും, കാഷ്ഠവുമെല്ലാം ആദായ സാധ്യതകൾ തന്നെ. മൂത്രത്തിന് ലിറ്ററിന് മുപ്പതു രൂപ കിട്ടുമെങ്കിൽ ഉണങ്ങിയ കാഷ്‌ഠം ഒരു കൊട്ടയ്ക്ക് 35 രൂപയാണ് വില.
ഒപ്പം ജാതി, മഞ്ഞൾ, കമുക് ഉൾപ്പെടെ വളരുന്ന കൃഷിയിടത്തിൽ ആടിൽ നിന്നുള്ള ജൈവവളങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ബ്രീഡിംഗ് ബിസിനസാണ് മറ്റൊരു ആദായ സ്രോതസ്. ഫാമിലെ മികച്ച മുട്ടനാടുകളുമായി പുറത്തു നിന്നുള്ള പെണ്ണാടുകളെ ഇണ ചേർത്ത് നൽകും. ഒരു ബ്രീഡിംഗിനു 500 രൂപ വരെ ഈടാക്കും.