ഇഷ്‌പ്പെട്ട കന്നുകാലികളെ വാങ്ങാനായി നമ്മൾ ബ്രോക്കർമാരുമായി അവർ പറയുന്ന സ്ഥലങ്ങളിൽ പോയി കന്നുകാലികളെ കാണും. ഒരു വട്ടമല്ല, പല വട്ടം. ചിലപ്പോൾ വില കൊണ്ടും കാലികളുടെ മറ്റു ഗുണങ്ങൾ കൊണ്ടും നമുക്കിഷ്ടപ്പെട്ടാൽ വാങ്ങുകയും ചെയ്യും. എന്നാൽ അതിനുവേണ്ടി എത്രമാത്രം യാത്ര ചെയ്തിട്ടുണ്ടാകും?
കൂടാതെ ബ്രോക്കർ ഫീസ് എത്രയായിട്ടുണ്ടാകും? എന്നാൽ വാങ്ങിക്കഴിഞ്ഞാലോ? അവർ പറയുന്ന യാതൊരു ഗുണഗണങ്ങളും കാലികൾക്കുണ്ടാവുകയുമില്ല. ഇടനിലക്കാരാണ് പലപ്പോഴും നമ്മളെ ചതിവിൽ പെടുത്തുന്നത്. കാലികളുടെ ഉടമസ്ഥരെ നേരിൽ കാണാനോ വിലയുടെ നിജസ്ഥിതി അറിയാനോ കഴിയില്ല.
കൂടിയ വില പറഞ്ഞും അവരുടെ കമ്മീഷനും കിഴിച്ചാണ് വില കാലികളുടെ ഉടമസ്ഥർക്ക് ലഭിക്കുക. അങ്ങനെ എന്തെല്ലാം അധികച്ചിലവുകൾ? ഇതൊക്കെ കുറയ്ക്കാനായാണ് മിൽമയുടെ പുതിയ പദ്ധതി. കൗ ബസാർ ആപ്പ് .
കൗ ബസാർ ആപ്പിന്റെ ഗുണങ്ങൾ Benefits of Cow Bazaar App.
ഇടനിലക്കാരില്ലാതെ കർഷകരുമായി നേരിട്ട് സംസാരിച്ച് കാലികളുടെ ചിത്രം കണ്ട് ബോധ്യപ്പെട്ട് ഉറപ്പിച്ചതിനു ശേഷം മാത്രം സ്ഥലത്തെത്തി ഉരുവിനെ കാണാം. നേരത്തെ പറഞ്ഞ ഗുണങ്ങൾ ഇല്ലെങ്കിൽ അത് വേണ്ട എന്ന് വയ്‌ക്കുകയും ആകാം.ഇങ്ങനെയെല്ലാം സൗകര്യങ്ങൾ ഉള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് കൗ ബസാർ ആപ്പ്. കർഷകർക്ക് ക്ഷീര സംഘം സെക്രട്ടറിയുടെ സഹായത്തോടെ ആപ്പ് വഴി കന്നുകാലികളെ ക്രയവിക്രയം ചെയ്യാം. അങ്ങനെ കൗ ബസാർ ആപ്പ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ക്ഷീരകർഷകർക്ക് കന്നുകാലികളെ വാങ്ങാനും വിൽക്കാനും കഴിയും.
വില്പനയ്ക്കായി കന്നുകാലികളുടെ ചിത്രം, പ്രതീക്ഷിക്കുന്ന വില, പ്രായം, അവയുടെ മറ്റു വിവിരങ്ങൾ എന്നിവ ആപ്പിൽ നൽകണം.അതിനൊപ്പം കർഷകനെ ബന്ധപ്പെടുന്നതിനായുള്ള ഫോൺ നമ്പറും നൽകണം. തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക സഹകരണ യൂണിയനാണ് ഈ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുള്ളത്. തുടക്കത്തിൽ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ , പത്തനംതിട്ട ജില്ലകളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.