ആമയും മുയലും ഓട്ടപ്പന്തയം നടത്തിയ കഥ കേൾക്കാത്ത കുട്ടികൾ ചുരുക്കമായിരിക്കും. കേട്ടവരുടെയെല്ലാം മനസ്സിൽ ഗൃഹാതുരമായ ഓർമ്മയാണ് സാധുവായ ആമയുടെയും ചട്ടമ്പിയായ മുയലിന്റെയും കഥ. അതെ ഈ കഥയിലെ സാധുവായ ആമയുടെ വിധി നിർണ്ണയിക്കുന്നത് ഇപ്പോൾ നമ്മൾ മനുഷ്യരാണ്. ഈ ഭൂമിയിൽ നിന്ന് അവ തുടച്ചുനീക്കപ്പെടും കരുതലോടെ അവയെ കത്തില്ലെങ്കിൽ. ഈ ദിനാചരണങ്ങൾ ഒരു ഓർമ്മപ്പെടുത്തലാകട്ടെ! കഥയിൽ മാത്രമൊതുങ്ങാതെ അവയും ജീവിക്കട്ടെ വേണ്ടുവോളം.
എല്ലാവർഷവും മെയ് 23 നാണ് ലോക ആമദിനമായി ആചരിക്കുന്നത് . 2000 മുതൽ അമേരിക്കൻ ടോർടോയ്സ് റസ്ക്യു എന്ന സംഘടനയാണ് ഈ ദിനം സ്പോൺസർ ചെയ്യുന്നത്. ലോക ആമ ദിനത്തിന്റെ ഉദ്ദേശ്യം, ആമകളെയും കടലാമകളെയും കുറിച്ചുള്ള അറിവും പരിഗണനയും വർദ്ധിപ്പിക്കുക, ഒപ്പം ഇവയെ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്. ഏകദേശം 270-ഓളം വംശജാതികൾ ഇന്ന് ജീവിച്ചിരിക്കുന്നു, ഇവയിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്.
പ്രത്യേകതകൾ
കരയിൽ മുട്ടയിടുന്ന ഇവ കരയിലെയും വെള്ളത്തിലെയും വായു ശ്വസിക്കുന്നു. മറ്റു ഉരഗങ്ങളെപ്പോലെ തന്നെ ആമകളും അവയുടെ ശരീരത്തിലെ ഊഷ്മാവ്(ശീത രക്തം) സമീപ പരിസ്ഥിതിക്കനുസരിച്ച് മാറ്റുന്നവയാണ്. വെള്ളത്തിലാണ് കൂടുതൽ കാലമെങ്കിലും, മുട്ടയിടുന്നത് കരയിലാണ്.
വളരെ കട്ടി കൂടിയ പുറന്തോടാണ് ആമയ്ക്കുള്ളത്. അതിന്റെ സുരക്ഷിതത്തം കൂടി കണക്കിലെടുത്ത് പ്രകൃതി തന്നെ നൽകിയ ഒരു കവചമാണ് അവയുടെ പുറന്തോട് എന്ന് പറയാം. ശത്രുക്കളിൽ നിന്ന് രക്ഷ നേടുന്നത്തിനായി തന്റെ തലയും നാല് കാലുകളും തോടിനുള്ളിലേക്ക് വലിച്ചെടുത്ത് സുരക്ഷിതമാവുകയാണ് ചെയ്യുന്നത്. പ്രകൃതി ഇണക്കിയ ഒരു സൂത്രം ! ഈ പുറന്തോട് നിർമ്മിച്ചിരിക്കുന്നത് പരസ്പര ബന്ധിതമായ 60 അസ്ഥികൾ കൊണ്ടാണ്. ഇവ വെള്ളം കുടിക്കുന്നത് മൂക്കിലൂടെയാണ്. ഇവയ്ക്ക് പല്ലുകളില്ല. പകരം ശക്തിയേറിയ ചുണ്ടുകളാണുള്ളത്.ആൺ ആമകൾക്ക് പെൺ ആമകളേക്കാൾ വലിപ്പം കുറവാണ്. 5 അടി നീളമുള്ള ആമകൾ വരെയുണ്ട് ഉണ്ട്. എന്നാൽ ഇവ ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുമെന്നും പഠനങ്ങൾ പറയുന്നു.
നീണ്ട ജീവിതകാലം
ആമയുടെ ശരാശരി ആയുസ്സ് സാധാരണ 90 - 150 വർഷമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആമ അദ്വൈത മരിച്ചത് 255 വയസ്സുള്ളപ്പോൾ AD-2006-ൽ ആണ്. അതിന്റെ ജനനം AD-1750 ൽ ആയിരുന്നെന്നു ഗവേഷകർ പറയുന്നു. എങ്കിലും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.
ആമകൾ വെജിറ്റേറിയൻ ആണ്
രണ്ടു തരം ആമകൾ ഉണ്ട് . കറുത്ത ആമ അഥവാ കാരാമ, വെളുത്ത ആമ അഥവാ വെള്ളാമ.കൂടാതെ ഇവ സസ്യഭുക്ക് ആണ്. പുല്ല്, പഴങ്ങൾ (ഏത്തപ്പഴം, പ്ലംസ്, സ്ട്രോബെറി മുതലായവ), വിവിധതരം പൂക്കൾ, ധാന്യങ്ങൾ, കിഴങ്ങുകൾ, വേരുകൾ, ഇലകൾ എന്നിവയാണ് ഇവയുടെ ഭക്ഷണം.
പ്രജനനം
പെൺ ആമകൾ ഏകദേശം മുപ്പത് മുട്ടകൾ ഇടുന്നു.രാത്രിയാണ് ആമകൾ മുട്ടയിടുക.മണ്ണ്,മണൽ തുടങ്ങിയവ കൊണ്ട് അവ പൊതിഞ്ഞു സംരക്ഷിക്കും.അറുപതു മുതൽ നൂറ്റിയിരുപതു ദിവസങ്ങൾ വരെ മുട്ട വിരിയാൻ എടുക്കും.