1. News

വൈറസ് മനുഷ്യത്വം പ്രകൃതി - വന്ദന ശിവ.

കൊവിഡ് (കൊറോണ വൈറസ്സ്) രണ്ടാമത് നമ്മളെ ഓർമിപ്പിക്കുന്നത് ഇതൊരു സ്വാഭാവിക ദുരന്തമല്ല, അഥവാ പ്രകൃത്യാ ഉണ്ടായതല്ല എന്നതാണ്. പ്രകൃതി ദുരന്തങ്ങളൊന്നും സ്വാഭാവികമായി ഉണ്ടാകുന്നതല്ല. പുതുതായി പടർന്നു പിടിക്കുന്ന രോഗങ്ങളെല്ലാംതന്നെ മനുഷ്യനാല് സൃഷ്ടിക്കപ്പെടുന്നതാണ്.

Arun T
jj

( പ്രമുഖ പരിസ്ഥിതിവാദിയും സാമൂഹ്യപ്രവർത്തകയുമായ വന്ദനശിവ (Vandana Shiva, environmental activist, seed and food sovereignty advocate and founder, Navdanya) ഏപ്രില് അഞ്ചിന് ഡെക്കാന് ഹെറാൾഡില് A virus, humanity, and the earth എന്ന തലക്കെട്ടില് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ )

ഒരു കുഞ്ഞു വൈറസിനാല് ലോകമാകെ ലോക്ഡൌൺ ചെയ്യപ്പെട്ടിരിക്കുന്നു. ഭൂഗോളത്താകെ എല്ലാതരം വ്യാപാരവും നിലച്ചിരിക്കുന്നു. ആയിരങ്ങളുടെ ജീവനെടുത്തു, പതിനായിരങ്ങളുടെ ജീവിതം തകർത്തു. ഈ കൊറോണവൈറസ് ഇങ്ങനെയൊക്കെ ചെയ്തുകൂട്ടി മനുഷ്യവംശത്തോട് എന്താണ് പറയാനാഗ്രഹിക്കുന്നത് ? നമ്മളേറ്റവും പ്രാധാന്യം നല്കുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥയോടും, കൊടുമുടിയോളം ഉയരത്തിലെത്തിയ സാങ്കേതിക മികവിനോടും, നമ്മുടെ ഭൂമിയോടും എന്താണ് പറയാനാഗ്രഹിക്കുന്നത് ? ..

ഈ പകർച്ചവ്യാധി നമ്മളെ ആദ്യം ഓർമിപ്പിക്കുന്നത് ഭൂമി എല്ലാ ജീവജാലങ്ങൾക്കുകൂടിയുള്ളതാണ് എന്ന സത്യമാണ്.

നമ്മളെല്ലാവരും കാറുകളൊക്കെ ഒതുക്കിയിട്ട് വീട്ടിലൊന്ന് അടങ്ങിയിരുന്നപ്പോള് വായുമലിനീകരണം ഗണ്യമായി കുറഞ്ഞു.

ആനകൾ നാട്ടിലേക്കിറങ്ങിവന്ന് ഗംഗയില് കുളിച്ചു മടങ്ങുന്ന കാഴ്ച ഹരിദ്വാറില് കണ്ടു. ചണ്ഡിഗഡില് ചീറ്റപ്പുലികള് സ്വതന്ത്രമായി റോന്തുചുറ്റുന്നത് മറ്റൊരുദാഹരണം.

കൊവിഡ് (കൊറോണ വൈറസ്സ് )രണ്ടാമത് നമ്മളെ ഓർമിപ്പിക്കുന്നത് ഇതൊരു സ്വാഭാവിക ദുരന്തമല്ല, അഥവാ പ്രകൃത്യാ ഉണ്ടായതല്ല എന്നതാണ്. പ്രകൃതി ദുരന്തങ്ങളൊന്നും സ്വാഭാവികമായി ഉണ്ടാകുന്നതല്ല. പുതുതായി പടർന്നു പിടിക്കുന്ന രോഗങ്ങളെല്ലാംതന്നെ മനുഷ്യനാല് സൃഷ്ടിക്കപ്പെടുന്നതാണ്.

ശാസ്ത്രം പറയുന്നു , വനങ്ങളിലെയും മറ്റും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകളിലേക്കുള്ള നമ്മുടെ കടന്നുകയറ്റം, ലാഭക്കൊതിമൂത്തുള്ള കൃഷിയും മാംസ ഉല്പാദനവും എല്ലാം പുതിയ രോഗങ്ങൾക്കുള്ള കളമൊരുക്കല് കൂടിയാണ്. കഴിഞ്ഞ അമ്പതുവർഷത്തിനിടെ മൂന്നൂറ് പുതിയ പകർച്ചവ്യാധികളാണ് ലോകത്ത് രൂപംകൊണ്ടത്.

ഇതില് എഴുപത് ശതമാനം രോഗങ്ങളും വനങ്ങളിലെ ആവാസ വ്യവസ്ഥകള് കയ്യേറിയതുവഴി വന്യ മൃഗങ്ങളില് നിന്നും മനുഷ്യരിലേക്ക് പകർന്നതാണ്. ഉദാ - എയ്ഡ്സ്, എബോള, ഇന്ഫ്ലുവന്സ, മെർസ്, സാർസ് മുതലായവ. ലാഭക്കൊതിമൂത്ത് മൃഗങ്ങളെ ഫാമുകളില് അറുത്തുതള്ളിയതുവഴി പന്നിപ്പനിയും പക്ഷിപ്പനിയും ഈ പട്ടികയിലെത്തി.

ഭൂമിയിലെ സഹജീവികളോട് ഒരു തരത്തിലും കരുണകാണിക്കാത്ത മനുഷ്യനെന്ന വർഗത്തിന്റെ മനോഭാവത്തിലാണ് ഇത്തരം പകർച്ചവ്യാധികളുടെയും ഇനി വരാനിരിക്കുന്ന പകർച്ചവ്യാധികളുടെയും കാരണമിരിക്കുന്നത്. ഒരിക്കലും അവസാനിക്കാത്ത വികസനത്വരയുടെയും ഭോഗപരതയുടെയും മുകളില് നമ്മൾ കെട്ടിപ്പൊക്കിയ ആഗോള സമ്പദ് വ്യവസ്ഥ ഭൂമിയിലെ സകല പ്രകൃതി നിയമങ്ങളെയും ജീവജാലങ്ങളെയും മറന്നുകഴിഞ്ഞു. എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു.

ഈ വൈറസ് തരുന്ന മൂന്നാമത്തെ പാഠം, ആരോഗ്യ അടിയന്തരാവസ്ഥയെന്നത് ജീവജാലങ്ങളുടെ വംശനാശവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.

ഇതെല്ലാം കാലാവസ്ഥാ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. നമ്മള് കൃമികീടങ്ങളെയും ചെറു സസസ്യങ്ങളെയും നമ്മില്നിന്നും അകറ്റാനായി കീടനാശിനികള് തളിച്ചു, അവറ്റകളുടെ വംശനാശം അതുവഴി ഉറപ്പാക്കി. അറുന്നൂറ് മില്യൺ വർഷത്തോളം പ്രകൃതി ഉദരത്തില് സൂക്ഷിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള് കത്തിക്കാനായി തുരന്നെടുത്തു, പ്രകൃതി നിയമങ്ങളെല്ലാം അതുവഴി തകിടംമറിഞ്ഞു. കാലാവസ്ഥാ വ്യതിയാനം അതിനുപുറകേയെത്തി.

ശാസ്ത്രസമൂഹം നമുക്ക് മുന്നറിയിപ്പ് നല്കികഴിഞ്ഞു. ഇനിയും ഇപ്പോക്ക് തുടരുകയാണെങ്കില് വരുന്ന നൂറു വർഷത്തിനുള്ളില് തന്നെ മനുഷ്യവർഗത്തിന് ഭൂമിയില് ജീവിക്കാന് അവശേഷിക്കുന്ന സാഹചര്യകൂടി ഇല്ലാതാകും.

 

hhh

ഇരുനൂറോളം ജീവജാലങ്ങളെയാണ് ദിവസവും നമ്മുടെ ഇത്തരം പ്രവർത്തികള് വംശനാശത്തിലേക്ക് തള്ളിയിടുന്നത്.

അക്രമസ്വഭാവത്തിന്റെയും ഉത്തരവാദിത്വമില്ലായ്മയുടെയും പ്രതീകമായ മനുഷ്യവർഗത്തിന്റെ പ്രവർത്തിമൂലം വംശനാശഭീഷണിനേരിടുന്ന ഒരു വർഗമായി നമ്മൾതന്നെ മാറാന് അധികകാലം വേണ്ടെന്ന് ചുരുക്കം.

ഈ അത്യന്തം അപകടകരമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനുള്ള മൂലകാരണം പ്രകൃതിയില്നിന്നും താന് വേർപെട്ട എന്തോ ഒന്നാണെന്ന മനുഷ്യന്റെ യന്ത്രവല്കൃതചിന്തയും അക്രമസസ്വഭാവവും സ്വച്ഛാധിപത്യരപരവുമായ ചെയ്തികളുമാണ്. തന്റെ ലാഭത്തിനുവേണ്ടി എന്തിനെയും നിർമിച്ചെടുക്കാമെന്നും എത്രയും ഭോഗിക്കാമെന്നും ശേഷം ഇല്ലാതാക്കാമെന്നുമുള്ള ചിന്തയാണ്. പ്രകൃതിയുടെ നിയമങ്ങളും ജീവജാലങ്ങളുടെ സ്വഭാവികനീതിയും കോർപ്പറേറ്റ് ലാഭത്തിനുമുന്നില് ഒന്നുമല്ലെന്ന മനോഭാവമാണ്. ഇതെല്ലാ ചേർന്ന മനുഷ്യനെന്ന വർഗത്തിന് മുന്നില് പ്രകൃതി നിയമങ്ങളോ , മറ്റു ജീവജാലങ്ങളുടെ നിലനില്പോ, ഭാവിതലമുറയുടെ നിലനില്പോ ഒന്നും ഒരു പ്രശനമല്ലാതായിരിക്കുന്നു.

ഈ ലോക്ഡൌൺ കാലത്തിനുശേഷമെങ്കിലും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു എങ്ങനെ ഭൂമിയെ തിരിച്ചുപിടിക്കാമെന്ന്, അവളുടെ കാലാവസ്ഥാ വ്യവസ്ഥകളെ എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്ന്. മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകളെ എങ്ങനെ സംരക്ഷിക്കാമെന്ന്. പരമ്പരാഗത ജനവിഭാഗങ്ങളെയും , സ്ത്രീകളെയും മറ്റു ജോലിയെടുക്കുന്ന സാധാരണക്കാരെയും എങ്ങനെ സംരക്ഷിക്കാമെന്നും പഠിക്കേണ്ടിയിരിക്കുന്നു.

നമ്മുടതന്നെ നിലനില്പിനെ പോലും ഭീഷണിയിലാക്കുന്ന സമ്പദ് വ്യവസ്ഥയില്നിന്നും മാറി സഞ്ചരിക്കാം. ഭൂമിയെന്ന കുടുംബത്തിലെ അംഗങ്ങളാണ് നമ്മളെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടു പോകാന് തയാറാകാം. യഥാർത്ഥ വ്യവസ്ഥയെന്നത് ഭൂമിയില് പരസ്പര സഹകരണമാണെന്ന വസ്തുത മനസിലാക്കാം.

ഇനി വരാനിരിക്കുന്ന പകർച്ചവ്യാധികളെയും ക്ഷാമത്തെയുമെല്ലാം ഇല്ലാതാക്കാന് ഗ്ലോബലൈസേഷന്റെയും , നമ്മെ കാലാവസ്ഥ വ്യതിയാനത്തിലേക്ക് നയിക്കുന്ന വ്യവസായത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയുടെയും തത്വങ്ങളില്നിന്നും മാറി സഞ്ചരിക്കാം. മറ്റു ജീവജാലങ്ങളെ വംശനാശത്തിലേക്ക് തള്ളിവിടുന്ന, സ്വന്തം ജീവനുപോലും ഭീഷണിയുയർത്തുന്നതരം രോഗങ്ങള് ഉല്പാദിപ്പിക്കുന്ന അത്തരം വ്യവസ്ഥകള് ഇനി വേണ്ട. മറിച്ച് പ്രാദേശികവല്കരണം വഴി വിവിധതരം ജിവജാലങ്ങളുടെ നിലനില്പിന് സാഹചര്യമൊരുക്കാം, വൈവിധ്യപൂർണമായ സംസ്കാരങ്ങള്ക്കും വ്യവസ്ഥകള്ക്കും അഭിവൃദ്ദിപ്പെടാന് സാഹചര്യമൊരുക്കാം.

നമ്മുടെ ഉപഭാഗത്തിന്റെ വ്യാപ്തി മനപ്പൂർനം കുറച്ചേ മതിയാകൂ, അതുവഴി നമ്മൾ ഈ കാണുന്ന ആവാസവ്യവസ്ഥയെ മറ്റുജീവജാലങ്ങൾക്കുവേണ്ടിയും നമ്മുടതന്നെ ഭാവി തലമുറയ്ക്കുവേണ്ടിയും പങ്കുവയ്ക്കുകയാണ്.

ഈ ആരോഗ്യ അടയന്തരാവസ്ഥാ ദിനങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്ന ഒരു പ്രധാന വസ്തുത, രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില് നമ്മൾക്ക് ഗ്ലോബലൈസേഷനില്നിന്നും ഒരുദിവസംകൊണ്ട് മാറി സഞ്ചരിക്കാനാകും എന്നതാണ്. നമുക്ക് ഇപ്പോഴുള്ള ഡീഗ്ലോബലൈസേഷന് സമ്പദ് വ്യവസ്ഥയില് തുടർന്നും നിലനിർത്താം. എന്നിട്ട് മഹാത്മാ ഗാന്ധി പറഞ്ഞതുപോലെ സ്വദേശിയെന്ന സങ്കല്പത്തില് പ്രാദേശികമായി ഉല്പാദനം വ്യാപകമാക്കാം.

കഴിഞ്ഞ മൂന്ന് ദശകങ്ങളിലൂടെയുള്ള അനുഭവ സമ്പത്തില് നിന്നും ഞാന് പറയുന്നു - പ്രദേശികമായി ജൈവവൈവിധമനുസരിച്ചുകൊണ്ടുള്ള ഭക്ഷ്യവ്യവസ്ഥ നമുക്ക് ആരോഗ്യം തരുമെന്ന് മാത്രമല്ല, നമ്മുടെ മണ്ണിനെയും പുഷ്ടിപ്പെടുത്തും. എല്ലാവരെയും രോഗം വരാതെ കാക്കും.

ഈ വൈറസ് ബാധ നല്കിയ തിരിച്ചറിവിലൂടെ നമുക്ക് പ്രകൃതി സൌഹൃദമായ സംസ്കാരത്തെ സൃഷ്ടിച്ചെടുക്കാം. പ്രകൃതിയോടൊപ്പം യാത്രചെയ്യാം.

അതല്ല മറിച്ചാണ് തീരുമാനമെങ്കില് പഴപടി യാത്ര തുടരാം, പ്രകൃതിക്കുമേലുള്ള സ്വേച്ഛാധിപത്യപരമായ യാത്ര.
മിഥ്യയിലധിഷ്ഠിതമായ യാത്ര വൈകാതെ നമ്മളെ മറ്റൊരു പകർച്ചവ്യാധിയിലെത്തിക്കും. അതുകഴിഞ്ഞ് അധികം വൈകാതെ വംശനാശത്തിലും.

പക്ഷേ ഭൂമി യാത്ര തുടരും, നമ്മളില്ലാതെയും.

English Summary: A virus, humanity, and the earth - Vandana Shiva, environmental activist, seed and food sovereignty advocate and founder, Navdanya

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds