സാധാരണയായി സ്വന്തം കുഞ്ഞിന് മാത്രമേ അമ്മ സ്വമേധയാ പാൽ നൽകാറുള്ളു. പ്രസവിച്ച് ആദ്യത്തെ ഒരാഴ്ച അമ്മമാരെ ഫാമിനുള്ളിൽ തന്നെ മേയാൻ വിടുകയാണ് പതിവ്. കുട്ടികൾക്ക് കൂടെ നടന്ന് ഇടയ്ക്കൊക്കെ കുടിക്കുവാനും സാധിക്കുന്നു. മേഞ്ഞ് നടന്ന് അമ്മമാർ അൽപം ദൂരെ പോയാലും ചെവിമുറിച്ചിയെപ്പോലെ ഉത്തമ മാതൃസ്വഭാവമുള്ള ആടുകളാണെങ്കിൽ, കൃത്യം ഒരു മണിക്കൂർ കൂടുമ്പോൾ തിരികെ ഓടിവന്ന് കുഞ്ഞുങ്ങളെ തപ്പിപ്പിടിച്ച് പാലൂട്ടും.
ആട്ടിൻകുട്ടികളെ പാൽ ഊട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജനിച്ച് ആദ്യത്തെ ഒരു മാസം ജനനതൂക്കത്തിന്റെ (ശരാശരി രണ്ടു കി.ഗ്രാം.) ആറിലൊന്ന് പാൽ (350 മില്ലിലിറ്റർ) കുഞ്ഞുങ്ങൾക്ക് ലഭിക്കണം .
ഒരേ പ്രസവത്തിൽ മൂന്നോ, നാലോ കുട്ടികളുണ്ടെങ്കിൽ പാൽ തികയുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. വൃത്തിയുള്ള കുപ്പിയിൽ നാലു തവണകളായി കറന്നെടുത്ത ആട്ടിൻപാൽ നൽകാം.
ആവശ്യത്തിലധികം പാൽ കുടിപ്പിച്ചാലും കുഞ്ഞുങ്ങൾക്ക് വയറിളക്കമോ മറ്റസുഖങ്ങളോ പിടിപെടാം. Floppy kid syndrome എന്ന രോഗത്തിന്റെ പ്രധാന കാരണം ഇതു തന്നെയാണ്.
വാണിജ്യാടിസ്ഥാനത്തിൽ ഒരുപാട് ആട്ടിൻകുട്ടികളെ വളർത്തുന്ന കർഷകർക്ക് പാത്രത്തിൽ തിളപ്പിച്ചാറിയ പാലെടുത്ത് അതിൽ നിപ്പിൾ ഘടിപ്പിച്ച് കുടിപ്പിച്ച് ശീലിപ്പിക്കാം.
പരന്ന പാത്രത്തിൽ കുടിച്ച് ശീലിക്കുവാനാണെങ്കിൽ, ആദ്യം പാത്രത്തിൽ പാൽ എടുത്ത്, വൃത്തിയുള്ള കൈവിരലുകൾ പാലിൽ മുക്കിയശേഷം കുഞ്ഞിനെ വിരൽ ചപ്പുവാൻ അനുവദിക്കുക. ഒരു ദിവസത്തിനുള്ളിൽ കുഞ്ഞ് പാത്രത്തിൽ നിന്നും തനിയെ പാൽ കുടിക്കുവാൻ പഠിക്കും.
രണ്ടാം മാസത്തിൽ ശരീരഭാരത്തിന്റെ (4 കിലോ) എട്ടിലൊന്നു (500 മില്ലിലിറ്റർ) പാൽ നൽകാം, ഒപ്പം കുറേശ്ശേ ഖരാഹാരവും (kid starter)
മൂന്നാം മാസമെത്തുമ്പോൾ പാൽ കുറച്ചുകൊണ്ടു (1/14 -1/15 0x250 -350ml) വന്ന് നിർത്തുക. പകരം kid starter ഉം പ്ലാവിലയും നൽകാം.
ആദ്യത്തെ രണ്ട് മാസമെങ്കിലും തള്ളയുടെ പാൽ കുഞ്ഞിന് പൂർണ്ണമായും നൽകുക. പാൽ കുടിപ്പിച്ചെങ്കിൽ മാത്രമേ പിന്നീടുള്ള വളർച്ചയും പൂർണ്ണമാകുകയുള്ളു.