കൃത്രിമ കുളത്തിലെ മത്സ്യകൃഷി
വീടുകളോട് ചേര്‍ന്ന് മത്സ്യകൃഷി പ്രവര്‍ത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സാധാരണയായി മഴക്കാലത്തും, ഭൂഗര്‍ഭ ജലനിരപ്പ് 1.5 ൽ താഴെയുള്ള പ്രദേശങ്ങളിൽ താഴ്ന്ന സ്ഥലത്തിനോടു ചേര്‍ന്ന് കൃത്രിമ കുളം സജ്ജമാക്കി അതില്‍ പോളിത്തീൻ ലൈനിംഗ് നല്‍കി ജലം സംഭരിച്ച് നിര്‍ത്തി മത്സ്യങ്ങളെ നിക്ഷേപിച്ചു കൃഷി ചെയ്യുന്ന രീതിയാണിത്. 1.2 മീറ്റർ ആഴത്തിൽ 200 ചതുരശ്ര മീറ്റർ വലുപ്പത്തിൽ കുളം നിര്‍മ്മിച്ചാണ് കൃഷി ചെയ്യുന്നത്. കുളത്തില്‍ നിന്ന് കുഴിച്ചെടുത്ത മണ്ണ് കുളത്തിന് ചുറ്റും വരമ്പ് നിര്‍മ്മിക്കാൻ ഉപയോഗിക്കാം.
സാധാരണയായി കുളത്തിന്റെ നിര്‍മ്മാണത്തിനുള്ള സ്ഥലം കുളത്തിൽ നിന്നുള്ള വെള്ളം സൈഫണിംഗ് വഴി പൂര്‍ണ്ണമായും നീക്കാന്‍ കഴിയുന്ന രീതിയിലാകണം. കുളത്തിന്റെ അടിഭാഗത്ത് മൂര്‍ച്ചയുള്ളതോ കൂര്‍ത്തതോ ആയ ഏതെങ്കിലും വസ്തുക്കൾ ഉണ്ടെങ്കിൽ ഷീറ്റിന് പഞ്ചറിംഗ് ഒഴിവാകുന്നതിനായി കുളത്തിന്റെ അടിഭാഗം നല്ല നിലവാരമുള്ള 500 മൈക്രോൺ പോളിത്തീൻ ഷീറ്റ് കൊണ്ട് ലൈന്‍ ചെയ്യുന്നു. സ്വാഭാവിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി 3 മുതൽ 4 ഇഞ്ച് വരെ കട്ടിയുള്ള നല്ല നിലവാരമുള്ള മണല്‍ ഷീറ്റിൽ നിര്‍ത്താവുന്നതാണ്. പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ കുളം പൊതുവെ കര്‍ഷക വാസസ്ഥലത്തോട് വളരെ അടുത്തായതുകൊണ്ട് ഈ കൃഷി രീതി വളരെ എളുപ്പമാക്കുന്നു.
കുളത്തിന് സൗകര്യമുണ്ടെങ്കില്‍ മാര്‍ഗ്ഗവുമുണ്ട്
സാധാരണ വീട്ടാവശ്യങ്ങള്‍ക്കായി മത്സ്യം വളര്‍ത്തുന്നത് പടുതക്കുളങ്ങളിലാണ്. എന്നാല്‍, വ്യക്തമായ അറിവില്ലാതെ പടുതാ കുളങ്ങള്‍ നിര്‍മിച്ച് ചെലവു കൂട്ടുന്നവരും നിരവധിയുണ്ട്.
സ്ഥലസൗകര്യങ്ങള്‍ക്കനുസരിച്ചു മാത്രം പടുതക്കുളങ്ങള്‍ നിര്‍മിക്കുന്നതാണ് നല്ലത് (ഏതു കുളമാണെങ്കിലും അങ്ങനെതന്നെ). അഞ്ചടി വീതിയും പത്തടി നീളവുമുള്ള കുളമാണെങ്കില്‍ മൂന്നര അടി വെള്ളം ലഭിക്കത്തക്കവിധം താഴ്ച മതി കുളത്തിന്. എത്ര വലിയ കുളമാണെങ്കില്‍പോലും താഴ്ച അഞ്ചടിയില്‍ കൂടുതല്‍ ഉണ്ടാവാനും പാടില്ല. വലിയ കുളങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മത്സ്യങ്ങള്‍ക്ക് അഞ്ചടിയില്‍ കൂടുതല്‍ വെള്ളത്തിന്റെ ആവശ്യമില്ല എന്ന് പ്രത്യേകം ഓര്‍ക്കണം. ജലസംഭരണത്തിനുവേണ്ടി കുളം നിര്‍മിക്കുന്നതുപോലെ മത്സ്യങ്ങള്‍ക്ക് ആഴം ആവശ്യമില്ല. ആഴം കൂടുന്തോറും വെള്ളത്തിലെ മര്‍ദം ഉയരും. ഒപ്പം താപനില താഴും. ഇതു രണ്ടും മത്സ്യങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.
വെള്ളത്തിനും വേണം ശ്രദ്ധ
ജലത്തിന്റെ പിഎച്ച് കൃത്യമായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. വെള്ളം തീരെ മോശമെന്നു ശ്രദ്ധയില്‍പ്പെട്ടാലോ ഓക്‌സിജന്റെ അളവ് കുറവാണെങ്കിലോ മൂന്നില്‍ രണ്ടു ഭാഗം മാറ്റി നിറയ്ക്കാം. മോട്ടോര്‍ അടിക്കുമ്പോള്‍ വളരെ ശക്തിയില്‍ കുത്തിച്ചാടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വലിയ കുളങ്ങളില്‍ ചെറു കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോൾ ഹാപ്പയിലോ നഴ്‌സറി കുളങ്ങളിലോ മറ്റോ ഇട്ട് വലുതാക്കി ഇടുന്നതാണ് നല്ലത്. ഇത് അവയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുകയും മരണനിരക്ക് കുറയ്ക്കുകയും ചെയ്യും. ഒപ്പം കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി തീറ്റ എടുക്കാന്‍ അവസരമാകുകയും ചെയ്യും.
കുളം ഒരുക്കൽ
മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു മുമ്പ് കുളം ഒരുക്കുക എന്നത് വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നാണ്. ഉപദ്രവകാരികളായ ജീവികൾ, മത്സ്യങ്ങൾ, പരാദസസ്യങ്ങൾ എന്നിവയെ പൂർണ്ണമായും നശിപ്പിച്ച് മറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. പൂർണ്ണമായും വറ്റിക്കാവുന്ന കുളങ്ങൾ വെള്ളം വറ്റിച്ച് കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ഉണങ്ങാൻ അനുവദിക്കണം.
എന്നാൽ പൂർണമായും ജലം പമ്പ് ചെയ്തോ, മറ്റ് രീതികൾ ഉപയോഗിച്ചോ വറ്റിക്കാൻ സാധിക്കാത്ത കുളങ്ങളിൽ ജൈവ രാസ കളനാശിനി ഉപയോഗിച്ച് കളമത്സ്യങ്ങളെ നശിപ്പിക്കണം. ഇവയുടെ പ്രയോഗത്തിനു മുമ്പ് ജലത്തിന്റെ അളവ് പരമാവധി കുറയ്ക്കണം. ഇതിനായി ജൈവവിഷ സംയുക്തമായ മഹുവ പിണ്ണാക്ക് അഥവാ ഇരുപ്പ, 7 മുതൽ 9 കിലോ വരെ ഒരു സെന്റ് ക്യഷിയിടത്തിൽ എന്ന ക്രമത്തിൽ പ്രയോഗിച്ചാൽ കുളത്തിലെ കളമക്സ്യങ്ങളെല്ലാം നശിപ്പിക്കാം, മത്സ്യകുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കുന്നതിന് മൂന്ന് ആഴ്ചയെങ്കിലും മുമ്പ് വേണം കളനശീകരണം നടത്തണ്ടത്.
രാസസംയുക്തങ്ങളായ ബ്ലീച്ചിംഗ് പൗഡർ, യൂറിയ, അമോണിയ എന്നിവയും ഉപയോഗിക്കാം. 30 ശതമാനം ക്ലോറിൻ അടങ്ങിയ ബ്ലീച്ചിംഗ് പൗഡർ 1.3 കിലോഗ്രാം ഒരു സെന്റ് കുളത്തിൽ എന്ന തോതിൽ ഉപയോഗിക്കാം.
അല്ലെങ്കിൽ ഒരു സെന്റ് സ്ഥലത്ത് 390 ഗ്രാം യൂറിയയും, 24 മണിക്കൂറിനു ശേഷം 680 ഗ്രാം ബ്ലീച്ചിംഗ് പൗഡറും ഉപയോഗിക്കുന്നതു വഴിയും കളമത്സ്യങ്ങളെല്ലാം നശിച്ചു പോകും.