മുയലുകളുടെ തൊലിയുരിക്കൽ
കഴുത്തറുത്ത് രക്തം വാർന്നുപോകാൻ അനുവദിച്ചശേഷമുള്ള അടുത്ത നടപടി തൊലിയുരിക്കലാണ്. തൊലിയുരിക്കാൻ വളരെ മൂർച്ചയുള്ള കത്തി തന്നെ ഉപയോഗിക്കണം. താഴെപറയുന്ന രീതിയിലായിരിക്കണം തൊലിയുരിക്കേണ്ടത്.
1. ആദ്യമായി വാലും മുൻകാലുകളും (മുട്ടിനുതാഴെ) മുറിച്ചുകളയുക.
2. പിൻകാലുകളുടെ മുട്ടിനുതാഴെ വട്ടത്തിൽ ചർമത്തിൽ മുറിവുണ്ടാക്കുക.
3. ചർമത്തിൽ തുടഭാഗത്തിലൂടെയുള്ള വലിയൊരു മുറിവിലൂടെ വാലിന്റെ മുറിവുകൂടി ഉൾപ്പെടുത്തുന്ന വിധം ഈ രണ്ടു മുറിവുകളും യോജിപ്പിക്കുക.
4. ചർമം ആദ്യം പിൻകാലുകളിൽ നിന്ന് പതുക്കെ പിന്നോട്ട് വലിച്ച്, ശരീരത്തിൽ നിന്നു താഴോട്ട് വലിച്ച്, കഴുത്തുവരെ വേർപെടുത്തുക. അങ്ങനെ ചെയ്യുമ്പോൾ ചർമവും മാംസവുമായുള്ള ബന്ധം വേർപെടുത്താൻ കത്തി ശ്രദ്ധയോടെ ഉപയോഗിക്കാം. എന്നാൽ മുറിവുണ്ടാകാതെ സൂക്ഷിക്കണം.
5. അതിനുശേഷം കഴുത്തിനു മുകളിലൂടെ തൊലി വലിക്കുക. ഒട്ടും തന്നെ ചോര തൊലിയിൽ പുരളാതെ സൂക്ഷിക്കണം.
6. ലഭിച്ച ചർമം വലിഞ്ഞുനിൽക്കുന്ന രീതിയിൽ അതിനുള്ള പ്രത്യേക സ്ട്രച്ചറിൽ (stretcher) ചുരുളാതെ വലിച്ചു നിർത്തുക.
മാംസം തയാറാക്കൽ
തോലുരിച്ചശേഷം തൂങ്ങിക്കിടക്കുന്ന മുയലിന്റെ ശരീരത്തിൽ നിന്ന് മാംസം തയാറാക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അഞ്ചു ഘട്ടങ്ങളായി ഇത് നടത്താം
1.മൂർച്ചയുള്ള കത്തികൊണ്ട് മലദ്വാരത്തിൽനിന്നും വാരിയെല്ലുവരെ ഒരു മുറിവുണ്ടാക്കുക. ആമാശയവും കടലും മറ്റ് ആന്തരാവയവങ്ങളും മുറിയാതെ ശ്രദ്ധയോടെ വേണം ഈ മുറിവുണ്ടാക്കാൻ.
2. മുറിവിലൂടെ ആമാശയവും കുടലുകളും മറ്റു ദഹനാവയവങ്ങളും ഉപയോഗ ശൂന്യമായ മറ്റ് അവയവങ്ങളും നീക്കം ചെയ്യുക. കരളിൽനിന്ന് ശ്രദ്ധാ പൂർവം പിത്തസഞ്ചി നീക്കം ചെയ്യണം. ഹൃദയം,കരൾ, വൃക്കകൾ എന്നീ അവയവങ്ങൾ മാംസത്തിനുകൂടി ഉപയോഗിക്കാറുണ്ട്. പിത്തസഞ്ചി മുറിച്ചു നീക്കുമ്പോൾ, അതു പൊട്ടുകയാണെങ്കിൽ മാംസത്തിന് പിത്തരസം മൂലം ചവർപ്പുണ്ടാകാൻ ഇടയുണ്ട്. ഇടുപ്പെല്ലുകൾക്കുള്ളിലൂടെ പോക കടലിന്റെ ഭാഗവും ശ്രദ്ധിച്ചു മുറിച്ചു മാറ്റണം. ഇതിനുവേണ്ടി ഇടുപ്പെലുകൾ തന്നെ ചിലപ്പോൾ നീക്കം ചെയ്യേണ്ടിവരാറുണ്ട്.
3. അതിനുശേഷം മുയലിന്റെ ശരീരത്തെ തൂക്കിയിട്ടിരിക്കുന്ന സ്ഥലത്ത നിന്നും മാറ്റി, മുട്ടിനു താഴെ കാലുകൾ മുറിച്ചുകളയുക.
4. ഇപ്രകാരം വൃത്തിയാക്കിയ മുയലിന്റെ ശരീരം അങ്ങനെ തന്നെയോ മുറിച്ച് കഷണങ്ങളാക്കിയോ വിപണനം ചെയ്യാം. മുറിക്കുകയാണെങ്കിൽ സാധാരണ ഏഴു കഷണങ്ങളാക്കിയാണ് മുറിക്കാറ്.
5. മുറിച്ച കഷണങ്ങളിൽനിന്ന് രോമവും, രക്തവും ചളിയുമെല്ലാം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയണം.
6. മൂന്നോ നാലോ ദിവസം വരെ മുയലിറച്ചി ഫ്രിഡ്ജിന്റെ ഫ്രീസറിൽ സൂക്ഷിക്കാം. അതിൽ കൂടുതൽ സമയം മുയൽമാംസം സൂക്ഷിക്കണമെ തിൽ പ്രത്യേക ഫ്രീസറിൽ തന്നെയാകുന്നതാണുചിതം.