1. Livestock & Aqua

കുട്ടച്ചൻ വെറുമൊരു നായ്ക്കുട്ടി ആയിരുന്നില്ല; വളർത്തോമനയുടെ ഓർമകൾ പങ്കുവച്ച് ബെന്യാമിൻ

തനിക്കൊപ്പം വളരെ ചുരുങ്ങിയ സമയമായിരുന്നു കുട്ടച്ചൻ ഉണ്ടായിരുന്നത്. വളരെ പെട്ടെന്ന് യാത്ര പറഞ്ഞുപോയ കുട്ടച്ചൻ തനിക്ക് വെറുമൊരു നായ്ക്കുട്ടി ആയിരുന്നില്ലെന്ന് ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Anju M U
benyamin
വളർത്തോമനയുടെ ഓർമകൾ പങ്കുവച്ച് ബെന്യാമിൻ

തന്റെ വളർത്തോമനയെ നഷ്ടമായെങ്കിലും, നായ്ക്കുട്ടിയുടെ ഒന്നാം പിറന്നാളിന് വികാരാധീതമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സാഹിത്യകാരൻ ബെന്യാമിൻ. തനിക്കൊപ്പം വളരെ ചുരുങ്ങിയ സമയമായിരുന്നു കുട്ടച്ചൻ ഉണ്ടായിരുന്നത്.

അവിചാരിതമായി തന്റെ കുടുംബത്തിലേക്ക് കടന്നുവന്ന കുട്ടച്ചനെ കാൻസർ പിടികൂടുകയായിരുന്നു. രോഗാവസ്ഥയെ കുറിച്ച് അറിയാൻ വളരെ വൈകിപ്പോയെന്നും അപ്പൊഴേക്കും കാൻസർ ആന്തരീകാവയവങ്ങളെ ഏതാണ്ട് മുഴുവനായും കാർന്നു തിന്നു കഴിഞ്ഞിരുന്നുവെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിവരിച്ചു. ഒരു അവസാന ശ്രമമെന്ന നിലയിൽ നടത്തിയ ഓപ്പറേഷനും കുട്ടച്ചനെ രക്ഷിക്കാനായില്ല. വളരെ പെട്ടെന്ന് യാത്ര പറഞ്ഞുപോയ കുട്ടച്ചൻ തനിക്ക് വെറുമൊരു നായ്ക്കുട്ടി ആയിരുന്നില്ലെന്നും ബെന്യാമിൻ പറഞ്ഞു.

ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ്

'ഞങ്ങളുടെ കുട്ടച്ചൻ ജീവിച്ചിരുന്നു എങ്കിൽ അവനിന്ന് ഒരു വയസ് പൂർത്തിയാകുമായിരുന്നു. എന്നാൽ വെറും ഒൻപത് മാസം മാത്രം ഈ ഭൂമിയിലെ ജീവിതം ആസ്വദിക്കുവാനേ അവന് ഭാഗ്യമുണ്ടായൊള്ളൂ. അല്ലെങ്കിൽ അത്രകാലമേ അവന്റെ സ്നേഹം അനുഭവിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായുള്ളൂ.

ചെറുപ്പകാലത്ത് ഒരു പശു ഉണ്ടായിരുന്നതൊഴിച്ചാൽ എന്റെ അൻപതു വർഷത്തെ ജീവിതത്തിൽ പിന്നെ ഒരിക്കലും വീട്ടിൽ ഒരുതരം വളർത്തു മൃഗങ്ങളും ഉണ്ടായിരുന്നില്ല. പിതാവിന് ഇഷ്ടമായിരുന്നില്ല എന്നതായിരുന്നു പ്രധാന കാരണം. എന്നാൽ കുട്ടികൾ രണ്ടും ഏറെക്കാലമായി ഒരു പട്ടിയെയോ പൂച്ചയെയോ വാങ്ങണം എന്ന് ആഗ്രഹം പറഞ്ഞുകൊണ്ടേ ഇരിക്കുക ആയിരുന്നു എങ്കിലും കോവിഡ് കാലത്താണ് മനസില്ലാമനസോടെ ഒരു പട്ടിക്കുട്ടിയെ വാങ്ങാം എന്ന് ഞാൻ സമ്മതിക്കുന്നത്. അങ്ങനെയാണ് ഈ വർഷം ജനുവരി പതിനാലാം തീയതി വൈകുന്നേരം അവൻ ഞങ്ങളുടെ വീടിന്റെ ഭാഗമായി എത്തുന്നത്. അപ്പോഴവന് ഒരു മാസം പ്രായമേ ആയിട്ടുണ്ടായിരുന്നുള്ളൂ.

ഒരു കുഞ്ഞ് സുന്ദരക്കുട്ടപ്പൻ. ഒരു കടുത്ത നായ വിരോധി കണ്ടാലും എടുത്തെന്ന് താലോലിക്കാൻ തോന്നുന്നത്ര ഓമനത്വം അവനുണ്ടായിരുന്നു. കുട്ടികൾ അവന് ലിയോ എന്ന് പേരിട്ടു.  തുടക്കത്തിൽ, ആഹാരവും വെള്ളവും പാലും കൊടുക്കുക എന്നതിനപ്പുറം എനിക്കവനോട് പ്രത്യേക മമത ഒന്നും ഉണ്ടായിരുന്നില്ല. കുട്ടികൾ  ആയിരുന്നു അവന്റെ സംരക്ഷകൻ. എന്നാൽ അങ്ങനെ ഒഴിഞ്ഞു മാറിനടക്കാൻ അവനെന്നെ സമ്മതിച്ചില്ല. പതിയെപ്പതിയെ അവൻ എന്റെ ജീവിതത്തിലേക്ക് അടുത്തുകൂടി വന്നു. കുസൃതിയും നിഷ്‌കളങ്കതയും സ്നേഹവുമായിരുന്നു അവന്റെ പ്രധാന ആയുധം. കാലിന്റെ ചുവട്ടിൽ കിടന്നായി ഉറക്കം. തരം കിട്ടുമ്പോൾ ഒക്കെ മടിയിലേക്ക് ചാടി കയറി. പരിഗണിക്കാതെ ഇരുന്നാൽ കാലിൽ വന്ന് തോണ്ടും, കടിക്കും. എന്തെങ്കിലും സാധനങ്ങൾ എടുത്തുകൊണ്ട് പോയി ഒളിപ്പിച്ച് വച്ചിട്ട് ഒളിഞ്ഞു നിന്ന് നോക്കും. പിന്നാലെ ചെന്ന് കളിക്കുന്നത് വരെ കുരച്ച് ബഹളമുണ്ടാക്കും.

എത്ര പെട്ടെന്നാണ് അവൻ ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടച്ചനും വീടിന്റെ അഭിഭാജ്യഘടകവുമായി മാറിയത്. വീട്ടിന്റെ ഓരോരോ മൂലകളിൽ അവരവരുടെ വിഷയങ്ങളുമായി കഴിഞ്ഞു കൂടിയിരുന്ന ഞങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്ന കണ്ണിയായി അവൻ മാറി. അവനായി വീട്ടിലെ പ്രധാന ചർച്ചാവിഷയം. മൊബൈലുകൾ ഉപേക്ഷിച്ച് ഞങ്ങൾ അവനു ചുറ്റും ഒത്തുകൂടി. അവൻ ഞങ്ങളുടെ ദിവസങ്ങളെ വിരസതയിൽ നിന്ന് മോചിപ്പിക്കുകയും തിരക്കുള്ളതാക്കുകയും ചെയ്‌തു.

ദിവസത്തിൽ ഒന്നോരണ്ടോ പ്രാവശ്യം മാത്രം ഞങ്ങളെ വിളിക്കുമായിരുന്ന ആഷ അവനെയും അവന്റെ കുസൃതിയും കാണാനായി മാത്രം ദിവസത്തിൽ നാലും അഞ്ചും തവണ വിദേശത്തു നിന്ന് വീഡിയോ കോൾ ചെയ്‌തു.  കൂട്ടുകാർക്കും അയൽക്കാർക്കും വിരുന്നുകാർക്കും അവൻ പ്രിയപ്പെട്ടവനായി മാറി. ഒരു മനുഷ്യനോടും അവൻ കുരച്ച് അപരിചിത്വം കാണിച്ചില്ല. എല്ലാവരുടെയും മുന്നിൽ അവൻ വാലാട്ടി നിന്ന് സ്നേഹം പ്രകടിപ്പിച്ചു. ആര് വിളിച്ചാലും മടിയിൽ കയറി ഇരിക്കും. ഏതെങ്കിലും വിരുന്നുകാർ വന്നിട്ട് പോകുമ്പോൾ ചെറിയ കുട്ടികൾ കണക്കേ അവരോടൊപ്പം പോകാൻ ബഹളം കൂട്ടി. ഞാൻ പുറത്തേക്ക് പോകാൻ വാതിൽ തുറന്നാൽ എന്നെക്കാൾ മുൻപേ ഇറങ്ങിയോടി കാറിന്റെ വാതിൽക്കൽ ചെന്നു നിൽപ്പായി. എവിടെ പോയാലും എന്നോടൊപ്പം മുൻസീറ്റിൽ കയറിയിരുന്ന്  യാത്രക്കാരനായി. ഇനി പുറത്തു കൊണ്ടുപോയില്ലെങ്കിൽ തിരിച്ചു വരുന്നതുവരെ കരഞ്ഞുകൊണ്ട് വാതിൽക്കൽ കിടക്കും.

വണ്ടിയുടെ ശബ്ദം കേട്ടാൽ ജനാലവഴി തല പുറത്തേക്കിട്ട് സ്നേഹാധിക്യവും സങ്കടവും പ്രകടിപ്പിക്കും. കുളിക്കാൻ കയറിയാൽ വാതിൽക്കൽ കാവലിരിക്കും. അല്പനേരത്തേക്ക് അകത്തു നിന്ന് ശബ്ദമൊന്നും കേട്ടില്ലെങ്കിൽ തട്ടിവിളിക്കും. കുട്ടികൾ ആരെങ്കിലും വാതിലടച്ച് ഇരുന്നാൽ അവിടെ ചെന്ന് വാതിൽ തുറക്കും വരെ ബഹളമുണ്ടാക്കിക്കൊണ്ടി രിക്കും. വീടിനുള്ളിലെ ഒരിടവും അവന് നിഷേധിക്കാൻ അവൻ സമ്മതിച്ചില്ല.

കുഞ്ഞായിരിക്കുമ്പോൾ തുണി വിരിച്ച് താഴെ കിടത്തി ഉറക്കിയാൽ ഉണരുമ്പോൾ അവൻ എഴുനേറ്റ് വന്ന് കൈയ്യുയർത്തി അവൻ എന്നെ തോണ്ടി വിളിക്കും. എടുത്ത് കട്ടിലിൽ കിടത്തും വരെ കരഞ്ഞു ബഹളമുണ്ടാക്കും. ആഹാരം കഴിക്കുമ്പോൾ ഞങ്ങളിട്ടു കൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് വേണ്ടി മേശക്ക് കീഴെ മുഖത്തേക്ക് നോക്കിയിരിക്കും.

കുറേക്കൂടി മുതിർന്നപ്പോൾ അവൻ അധികാര ഗർവ്വോടെ സോഫയിലും കസേരയിലും കട്ടിലിലും കയറിയിരുന്നു. വഴക്ക് പറഞ്ഞാൽ അവൻ തിരിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്തെങ്കിലും കുസൃതി കാണിച്ചതിനു വഴക്ക് പറയാൻ ചെന്നാൽ ദയനീയമായ നോട്ടം കൊണ്ടും കാലിൽ കെട്ടിപ്പിടിക്കുന്ന സ്നേഹം കൊണ്ടും അവൻ ഞങ്ങളെ നിശബ്ദരാക്കി.

അങ്ങനെ അവൻ വളർന്നു മുതിർന്നു. നായക്കുട്ടിയുടെ നേർത്ത ശബ്ദം വെടിഞ്ഞ് മുറുക്കമുള്ള ശബ്ദത്തിൽ കുരയ്ക്കാൻ തുടങ്ങി. മറ്റ് നായ്ക്കളെ ഒന്നും ആ പരിസരത്ത് അടുപ്പിക്കാതെ ആയി. അവന്റെ സാമ്രാജ്യത്തിൽ മറ്റൊരാൾ പ്രവേശിക്കുന്നത് അവനൊരിക്കലും സഹിച്ചില്ല. നായകൾ അറപ്പായിരുന്ന എന്റെ മുഖത്തും ശരീരത്തും മുട്ടിയുരുമ്മിയും കട്ടിലിൽ കയറിക്കിടന്നും അവൻ ആ അറപ്പ് മാറ്റിയെടുത്തു.

എന്നാൽ ആ സൗഭാഗ്യത്തിൽ അധികം തുടരാൻ വിധി ഞങ്ങളെ അനുവദിച്ചില്ല. ഒരു ദിവസം അവന് ശർദ്ദിൽ തുടങ്ങി. ഫുഡ് ഇൻഫക്ഷൻ എന്നാണ് കരുതിയത്. എന്നാൽ പരീക്ഷിച്ച മരുന്നുകൾ ഒന്നും ഫലിച്ചില്ല. അവന്റെ കണ്ണുകളിൽ നിന്ന് ഉന്മേഷവും പ്രകാശവും പതിയെ കെട്ടു പോയി. ഓടിക്കളിക്കുന്നത് നിറുത്തി. മുഴുവൻ സമയവും കിടപ്പും ഉറക്കവും തന്നെ.

ആഹാരം കഴിക്കുന്നത് വല്ലാതെ കുറഞ്ഞു.  വെള്ളം കുടിക്കുന്നത് കുറഞ്ഞു. രാത്രി ഉറക്കം കുറഞ്ഞു. ശ്വസം മുട്ടൽ അനുഭവിക്കുന്നതായി തോന്നി. ചില രാത്രികളിൽ ഉണർന്നു നോക്കുമ്പോൾ അവൻ കട്ടിലിനു താഴെ വന്നിരുന്ന് എന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ ഞാനവനെ എടുത്തുകയറ്റി എന്റെ അടുത്ത് കിടത്തും. അപ്പോഴേക്കും കട്ടിലിൽ സ്വയം കയറാൻ പോലും ആവാത്ത വിധം അവൻ ക്ഷീണിച്ചു പോയിരുന്നു. എങ്കിലും ആ വയ്യാഴ്ക ഒക്കെ പരമാവധി മറച്ചുവച്ച് ഞങ്ങളെ സന്തോഷിപ്പിക്കാൻ അവൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

അല്പം ഉന്മേഷം തോന്നുന്ന അവസരത്തിൽ ഓടിക്കളിക്കാനും കുസൃതി കാണിക്കുവാനും ശ്രമിച്ചു. എപ്പോഴും വാതിലിനു മുന്നിൽ കാവൽ കിടന്നു. ആശ്രയത്വവും ഭയവും കൂടിയതു പോലെ പിന്നിൽ നിന്ന് മാറാതെ ആയി. അപ്പോഴെല്ലാം കുഴപ്പമൊന്നുമില്ല ഫുഡ് ഇൻഫക്ഷൻ മാത്രമാണ്, ശരിയാവാൻ സമയമെടുക്കും എന്നായിരുന്നു പരിശോധിക്കാൻ വന്ന ഡോക്ടർ പറഞ്ഞത്. നായയെ വളർത്തി മുൻപരിചയം ഒന്നുമില്ലാതിരുന്നതിനാൽ ഡോക്ടറുടെ വാക്കുകൾ അവിശ്വസിക്കേണ്ടി കാര്യം തോന്നിയതുമില്ല.

പിന്നെയും അസുഖം ഭേദമാകുന്നില്ല എന്ന് കണ്ടപ്പോഴാണ് ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു ആശുപത്രിയിൽ അവനെ എത്തിക്കുന്നത്. അവിടുത്തെ വിദഗ്ദ്ധ പരിശോധയിൽ ആണ് അവന് ക്യാൻസർ എന്ന മഹാവ്യാധി ആണെന്ന് ഞങ്ങൾക്ക് മനസിലാവുന്നത്. അപ്പോഴേക്കും അത് അവന്റെ ആന്തരീകാവയവങ്ങളെ ഏതാണ്ട് മുഴുവനായും കാർന്നു തിന്നു കഴിഞ്ഞിരുന്നു. ഒരു അവസാന ശ്രമമെന്ന നിലയിൽ നടത്തിയ ഓപ്പറേഷനും അവനെ രക്ഷിക്കാനായില്ല. സെപ്റ്റംബർ 26 രാത്രി അവൻ ഞങ്ങളെ വിട്ടുപോയി.

ആരായിരുന്നു എനിക്ക് കുട്ടച്ചൻ..? അറിയില്ല. എന്തായാലും എനിക്ക് അവൻ വെറുമൊരു നായക്കുട്ടി ആയിരുന്നില്ല. അതിനുമപ്പുറം അവൻ എങ്ങനെയോ എന്റെ ആത്മാവിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. വെറും ഇരുനൂറ്റി നാല്പത് ദിവസങ്ങൾ മാത്രമാണ് അവൻ എന്നോടൊപ്പം ഉണ്ടായിരുന്നതെങ്കിലും നിഷ്‌കപടമായ മൃഗസ്നേഹം  എന്തെന്ന് ആ ദിവസങ്ങൾ കൊണ്ട് അവനെനിക്ക് പഠിപ്പിച്ചു തന്നു.

അൻപത് വർഷത്തെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രകാശമാനമായ ദിവസങ്ങൾ സമ്മാനിച്ച ഒരു വെള്ളിനക്ഷത്രമായിരുന്നു കുട്ടച്ചൻ. അവൻ വന്നു. കടന്നു പോയി. പക്ഷെ ആ പ്രകാശം എന്നും എന്റെ ബാക്കി ജീവിതത്തിൽ  നിലനിൽക്കുക തന്നെ ചെയ്യും. പ്രിയപ്പെട്ട കുട്ടച്ചാ നന്ദി.'

English Summary: Writer Benyamin emotional note on his pet's demise in its first birthday

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds