വളര്‍ത്തുമൃഗങ്ങള്‍ക്ക് മുമ്പൊക്ക വീട്ടിന് പുറത്തായിരുന്നു സ്ഥാനം. എന്നാലിന്ന് സ്ഥിതി മാറിയിരിക്കുന്നു. പലരും വീട്ടിനുളളിലാണ് പെറ്റ്‌സിനെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നത്.
കുട്ടികള്‍ക്കുളള കളിക്കൂട്ടുകാര്‍ കൂടിയായാണ് വളര്‍ത്തുമൃഗങ്ങളെ പരിഗണിച്ചുവരുന്നത്. കുട്ടികള്‍ക്ക് സമ്മാനമായി പെറ്റ്‌സിനെ നൽകുന്നവരും ധാരാളമാണ്. കൊറോണക്കാലത്ത് വീട്ടിനകത്തിരിക്കുമ്പോൾ മെന്റൽ സ്ട്രസ് കുറയ്ക്കാനായി വളർത്തു മൃഗങ്ങളുടെ കൂടെ സമയം ചിലവഴിച്ചവരും ഏറെയുണ്ട്.
വളര്‍ത്തുമൃഗങ്ങള്‍ നല്ലതാണെങ്കിലും അവയെ വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ കുറെയേറെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും കുട്ടികള്‍ ഉളള വീടുകളാണെങ്കില്‍. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാം. മുന്തിയ ഇനങ്ങളില്‍പ്പെട്ട പട്ടിയെയും പൂച്ചയെയുമെല്ലാം വീട്ടിനകത്ത് വളര്‍ത്തുന്നത് ഇന്നൊരു ട്രെന്‍ഡിന്റെ ഭാഗം കൂടിയായി മാറിയിട്ടുണ്ട്.
പ്രത്യേകിച്ചും ഷിറ്റ്‌സു ഇനത്തില്‍പ്പെട്ട നായ, പേര്‍ഷ്യന്‍ പൂച്ചകള്‍ എന്നിവയ്‌ക്കെല്ലാം വീട്ടിനകത്ത് രാജകീയ സ്ഥാനം തന്നെയാണുളളത്. അവയ്ക്കായി വീട്ടിനുളളില്‍ പ്രത്യേക ബെഡ്ഡും കളിക്കോപ്പുകളും തന്നെയുണ്ട്. എന്നിരുന്നാലും വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വളര്‍ത്തുമൃഗങ്ങളുടെ രോമമാണ്. പട്ടികള്‍ക്കും പൂച്ചകള്‍ക്കുമെല്ലാം രോമങ്ങള്‍ കൊഴിയുന്നത് സാധാരണമാണ്.
ചില പ്രത്യേക സമയങ്ങളില്‍ അമിതമായി രോമം കൊഴിയുന്നതായും കണ്ടുവരാറുണ്ട്. അതിനാല്‍ ഇവയെ കുളിപ്പിച്ചശേഷം നന്നാക്കി ഉണക്കി ദേഹത്തെ കൊഴിഞ്ഞ രോമങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. നന്നായി ഉണക്കിത്തോര്‍ത്തിയില്ലെങ്കില്‍ അവയുടെ ശരീരത്തില്‍ നിന്ന് പ്രത്യേക ഗന്ധം ഉണ്ടാവാനിടയുണ്ട്. അതുപോലെ രോമങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ കുട്ടികളുടെ ശരീരത്തിലും വസ്ത്രങ്ങളിലും പറ്റിപ്പിടിച്ച് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.
വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍ കുട്ടികളില്‍ അലര്‍ജി പോലുളള ബുദ്ധിമുട്ടുകളുണ്ടാക്കും. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവരിലും ഇത് പ്രശ്‌നങ്ങള്‍ക്കിടയാക്കും, നേരത്തെ തന്നെ അലര്‍ജി പോലുളള പ്രശ്‌നങ്ങള്‍ ഉളളവരാണെങ്കില്‍ വീട്ടിനുളളില്‍ മൃഗങ്ങളെ വളര്‍ത്തുമ്പോള്‍ പ്രത്യേക ശ്രദ്ധ തന്നെ വേണം. അവയുടെ കൂടെ കളിക്കുകയും കൂടെ കിടത്തുകയും ചെയ്യുന്നതെല്ലാം അലര്‍ജിക്കാര്‍ക്ക് പ്രശ്‌നമാകും. വീട്ടിനകത്ത് പെറ്റ്‌സിനെ വളര്‍ത്തുന്നവര്‍ സ്ഥിരമായി വാക്വം ക്ലീനര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. എത്ര വൃത്തി പാലിക്കുന്നുവെന്ന് പറഞ്ഞാലും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെ ആവശ്യമാണ്.
വളര്‍ത്തുമൃഗങ്ങള്‍ക്ക് മാത്രമായി വീട്ടിലൊരു മുറി എല്ലായിടത്തും പ്രായോഗികമായിരിക്കില്ല. അതിനാല്‍ അവയ്ക്ക് ഉറങ്ങാനും വിശ്രമിക്കാനുമെല്ലാം പ്രത്യേക സ്ഥലം നിശ്ചയിയ്ക്കാം. അതുപോലെ ഭക്ഷണം കഴിക്കുന്നതിനും സ്ഥിരമായി ഒരു സ്ഥലം നല്‍കണം. അവയുടെ വിസര്‍ജ്യങ്ങളും മറ്റും വീടിനകത്ത് ഉണ്ടാകാന്‍ പാടില്ല. ഇതും രോഗങ്ങള്‍ക്ക് കാരണമായേക്കും. മൃഗങ്ങളെ പരിപാലിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ നന്നായി കഴുകാന്‍ ശ്രദ്ധിക്കുക. അതുപോലെ അവയുടെ ശുചിത്വവും ഉറപ്പുവരുത്തണം. വീട്ടിലെ അടുക്കള പോലുളള സ്ഥലങ്ങളില്‍ പെറ്റ്‌സിനെ പ്രവേശിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കാം.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/livestock-aqua/reasons-behind-the-popularity-of-shih-tzus-and-its-grooming/