ആഗോള ഭക്ഷ്യധാന്യങ്ങളിൽ നെല്ലും ഗോതമ്പും കഴിഞ്ഞാൽ മൂന്നാം സ്ഥാനം മക്കച്ചോളത്തിനാണ്. കേരളത്തിൽ കാലവർഷാരംഭത്തിലും (മെയ് -ജൂൺ), തുലാവർഷാരംഭത്തിലും (ആഗസ്റ്റ്-സെപ്തംബർ) മക്കച്ചോളം കൃഷിയിറക്കാം. ജലസേചന സൗകര്യമുണ്ടെങ്കിൽ സമയം നോക്കേണ്ടതില്ല. നാലഞ്ചു പ്രാവശ്യം കൃഷിയിറക്കി വിളവെടുക്കാം. കന്നുകാലികൾ വളരെയധികം ഇഷ്ടപ്പെടുന്ന മക്കച്ചോളം തരക്കേടില്ലാത്ത വിളവും നൽകും. മക്കച്ചോളത്തിന്റെ എല്ലാ ഇനങ്ങളും കാലിത്തീറ്റയ്ക്കായി കൃഷിചെയ്യാമെങ്കിലും കൂടുതൽ കായിക വളർച്ചയുള്ള സങ്കര ഇനങ്ങളാണ് കാലിത്തീറ്റക്കനുയോജ്യം. ഡെക്കാൻ, ഗംഗ5, ഗംഗ സഫേദ് 2, ഗംഗ-3, വിജയ് കമ്പോസിറ്റ്, ആഫ്രിക്കൻ ടോൾ എന്നിവയാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചത്.
മക്കച്ചോളം കൃഷിചെയ്യാനുദ്ദേശിക്കുന്ന സ്ഥലം നന്നായി ഉഴുത് മറിച്ച് 30 സെ.മീറ്റർ അകലത്തിൽ വരമ്പുകൾ എടുക്കുന്നു. വരമ്പുകളിൽ വിത്ത് 15 സെ.മീറ്റർ അകലത്തിൽ കുത്തിയിടുകയാണ് സാധാരണ രീതി. ഉഴുതു ശരിയാക്കിയതിനുശേഷം നേരിട്ട് വിതയ്ക്കുന്ന രീതിയുമുണ്ട്. വിതയ്ക്കുമ്പോൾ ഹെക്ടറിന് 80 കിലോ വിത്ത് വേണം. എന്നാൽ നിശ്ചിത അകലത്തിൽ വിത്ത് കുത്തിയിടുകയാണെങ്കിൽ 40-60 കി.ഗ്രാം മതിയാകും.
അടിവളമായി ഒരു ഹെക്ടറിൽ ജൈവവളം 10 ടൺ വരെ ചേർക്കണം. ശുപാർശ ചെയ്യപ്പെട്ട അളവിൽ (NPK 90:30:30 കി.ഗ്രാം/ഹെക്ടർ) മൂലകങ്ങൾ ലഭിക്കാൻ ഒരു ഹെക്ടറിന് 200 കി.ഗ്രാം യൂറിയ, 150 കി.ഗ്രാം രാജ്ഫോസ്, 50 കി.ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. മൂന്നിൽ രണ്ടുഭാഗം യൂറിയയും, മുഴുവൻ രാജ്ഫോസും മുഴുവൻ പൊട്ടാഷും അടിവളമായി നൽകണം. ബാക്കി യൂറിയ മേൽവളമായി ഒരു മാസത്തിനകം കൊടുക്കണം.
വിത്ത് മുളച്ച് ചെടികൾ വളർന്ന് പൊങ്ങുന്നതിനുമുൻപ് ഉണ്ടാകുന്ന കളകൾ നീക്കം ചെയ്യണം, മൂന്ന് നാല് ആഴ്ചയിലൊരിക്കൽ കള പറിച്ചു മാറ്റിയാൽ നല്ല വളർച്ച കിട്ടും. ആദ്യത്തെ നാലഞ്ച് ആഴ്ചയ്ക്കുള്ളിൽ മഴ കിട്ടിയില്ലെങ്കിൽ ജലസേചനം നടത്തണം. വേനൽക്കാലത്ത് നട്ട ഉടൻ തന്നെ നനയ്ക്കാം. തുടർന്ന് 10-15 ദിവസത്തിലൊരിക്കൽ മതി നന. മഴ ക്കാലത്ത് നീർവാർച്ച ഉറപ്പാക്കാം
വളരെ വേഗം വളർന്നു വലുതാവുന്ന മക്കച്ചോളം നട്ട് 60 ദിവസം ആകുമ്പോൾ കാലിത്തീറ്റയ്ക്ക് മുറിച്ചെടുക്കാം. പച്ചത്തീറ്റയായി നൽകുന്നതാണ് ഏറ്റവും നല്ലത്. ഒരു ഹെക്ടറിൽ നിന്ന് 50 ടൺ വരെ പച്ചത്തീറ്റ ലഭിക്കും. ഇങ്ങനെ തുടർച്ചയായി അഞ്ചുപ്രാവശ്യം കൃഷിയിറക്കിയാൽ ആകെ 250 ടൺ വിളവ്! ഇതിൽ 7-10 ശതമാനം മാംസ്യവും 25-35 ശതമാനം നാരും ഉണ്ട്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലായതിനാൽ മക്കച്ചോളം സൈലേജ് നിർമാണത്തിന് വളരെ അനുയോജ്യമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ മക്കച്ചോളം കൊണ്ടുള്ള സൈലേജ് സാധാരണമാണ്.