വരയൻ ഡാനിയോ വളരെ ചെറിയ മത്സ്യമാണിത്. സാധാരണ നമ്മുടെ നാട്ടിൽ, പുഴകളിലും, തോടുകളിലും, കുളങ്ങളിലും ധാരാളമായി കണ്ടു വരുന്ന തുപ്പൽ കൊത്തി എന്നയിനത്തിലെ ഒരു ഒരിനമാണിത്. ശരീരം, ഉരുണ്ടതാണ്. വായ വളരെ ചെറുതാണ്. രണ്ടു ജോടി മീശരോമങ്ങളുണ്ട്.
ചെതുമ്പലുകൾക്ക് ശരീരത്തിന് ആനുപാതികമായി വലുപ്പമുണ്ട്. പാർശ്വരേഖ സാധാരണയായി കാണാറില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ കച്ചിറകിനു നേരെ മുകളിലുള്ള ചെതുമ്പലിൽ വരെ മാത്രമെ കാണാറു . ആ നേർ നിരയിൽ 28-30 ചെതുമ്പലുകളുണ്ടാവും. മുതുകു ചിറകിന് മുമ്പിലായി 15-16 ചെതുമ്പലുകളുണ്ടായിക്കും.
ആകർഷകമായ നിറമാണ് വരയൻ ഡാനിയോയുടേത്. പാർശ്വങ്ങൾക്ക് വെള്ളി നിറമായിരിക്കും. മുതുകു ഭാഗം പച്ചകലർന്ന തവിട്ടു നിറമാണ്. ഉദരഭാഗത്ത് മഞ്ഞ കലർന്ന വെളുത്ത നിറം, പാർശ്വങ്ങളിലൂടെ തിളങ്ങുന്ന നീല നിറത്തിലുള്ള നാല് വരകൾ കാണാം. ഈ വരകൾക്കിടയിലൂടെ സ്വർണ്ണനിറത്തിലുള്ള വരകൾ കാണാം.
മുതുകു ചിറകിൻമേൽ 3-4 തവിട്ടു വരകൾ കാണാം. വാൽച്ചിറകിലും ഇതു പോലെ നാല് വരകൾ കാണാവുന്നതാണ്. മുതുകു ചിറകിന്റെ അഗ്രഭാഗം നരച്ചനിറമാണ്.
സാധാരണയായി ഒഴുക്കു വെള്ളത്തിലാണ് ഇവയെ കണ്ടുവരുന്നത്. ചെറിയ അരുവികളിലും കാണാറുണ്ട്. അലങ്കാര മത്സ്യമായി വളർത്തുന്നു. ഡോ. ഫ്രാൻസിസ് ഹാമിൽട്ടൺ, 1822 -ൽ കോസി നദിയിൽ നിന്നും കണ്ടെത്തിയ ഇവയ്ക്ക് റേറിയോ എന്ന ശാസ്ത്രനാമം നൽകി.