മണ്ണുത്തിയെ ഹരിതാഭമാക്കുന്ന നഴ്‌സറികളില്‍ ഇടം പിടിച്ച് ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറിയും. ഇവിടെ ഒരായിരം പൂക്കള്‍ വിരിയിക്കുന്നതിനും തൈക്കള്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കുന്ന തിരക്കിലാണ് മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതകള്‍.
ഗ്രാമപഞ്ചായത്തിലെ മണ്ണുത്തി, മാടക്കത്തറ, വെള്ളിക്കര, പുല്ലാനിക്കാട്, വെള്ളനിശ്ശേരി ഭാഗത്ത് 21 ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സിറകളാണ് കുടുംബശ്രീ വനിതകമുടെ കീഴില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നത്. 5 സെന്റ് ഭൂമി മുതല്‍ രണ്ടര ഏക്കര്‍ സ്ഥലത്ത് വരെയാണ് ഈ 21 വനിതകള്‍ നഴ്‌സറികൾ നടത്തി വിജയം കൈവരിച്ചത്.
കുടുംബശ്രീ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും സാമ്പത്തിക സഹായം നല്‍ക്കുന്നതിന്റെയും ഭാഗമായി ജില്ലാ കുടുംബശ്രീ മിഷനാണ് ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സിറിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. മാടക്കത്തറ ഗ്രാമ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത 21 വനിതകള്‍ക്ക് കാര്‍ഷിക വിജ്ഞന കേന്ദ്രത്തില്‍ നിന്ന് 2 ദിവസത്തെ പരിശീലനം ലഭിച്ചിരുന്നു.
ഇതോടെ സ്വന്തം വീട്ടുമുറ്റത്ത് വെറുതെ കിടന്നിരുന്ന സ്ഥലങ്ങള്‍ നഴ്‌സറിക്കായി മാറ്റി വരുമാനം നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ചെടികള്‍ വളര്‍ത്തുന്നത്തില്‍ ചെറിയ ഒരു അഭിരുചിയുള്ള ആര്‍ക്കും നഴ്‌സറി നടത്തി വിജയത്തിന്റെ പൂക്കള്‍ വിരിയിക്കാന്‍ കഴിയുമെന്ന് ഈ 21 വനിതകള്‍ തെളിയിച്ചിരിക്കുകയാണ്.
തേറമ്പത്ത് ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറി നടത്തുന്ന പി.കെ ഷീബ 2020 ജനുവരിയില്‍ നടന്ന വൈഗ കാര്‍ഷിക മേളയില്‍ പങ്കെടുത്തിരുന്നു. ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറിക്കായി കുടുംബശ്രീ ജില്ലാ മിഷന്‍ 50,000 രൂപയുടെ പലിശ വായ്പ നല്‍കിയത് നഴ്‌സറി തുടങ്ങുന്നതിന് ഇവര്‍ സഹായകമായി. ബംഗളൂരു, പുന്നെ, ഹൈദരബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ചെടികള്‍ കൊണ്ടുവരുന്നത്. അലങ്കാര ചെടികള്‍ തെങ്ങ്, കുരുമുളക്, മാവ്, പ്ലാവ് തുടങ്ങി വിട്ട് മുറ്റത്ത് പുന്തോട്ടം ഒരുക്കുന്നത് മുതല്‍ കൃഷിക്ക് ആവശ്യമായ എല്ലാ തൈകളും ഈ നഴ്‌സിറകളില്‍ നിന്ന് ലഭിക്കും.
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിയുടെ ഭാഗമായി ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സിറിക്കളില്‍ നിന്നാണ് കൃഷിഭവനിലേക്ക് തൈ വിതരണം ചെയ്തത്. ഒരോ നഴ്‌സിറയില്‍ നിന്നും 50,000തോളം ചെറിയ തൈകളാണ് പരിപാലിച്ച് വലിയ തൈയായി ജില്ലയിലെ വിവിധ കൃഷി ഭവനിലേക്ക് നല്‍കിയത്. മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, ഞാവല്‍, കമ്പകം, നീര്‍മരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, കുമ്പിള്‍, പൂവരശ് തുടങ്ങി ഫലവൃക്ഷ-ഔഷധയിനത്തില്‍പ്പെട്ട നൂറോളം ഇനം വൃക്ഷ തൈക്കളാണ് കൃഷിഭവനിലേക്ക് നല്‍കിയത്. സംസ്ഥാനത്ത് ആവശ്യമായ അടുക്കളത്തോട്ടം ഒരുക്കുന്നതിലും വിത്തുകളും അലങ്കാരച്ചെടികളും ഈ നഴ്‌സറികളില്‍ നിന്ന് ലഭിക്കും.