രാജ്യത്തെ ദാരിദ്രരേഖയ്ക്കു താഴെയുള്ളവരുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമിട്ട് 2007 ഒക്‌ടോബര്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് ആം ആദ്മി ബീമ യോജന.
പദ്ധതിക്കു കീഴില്‍ നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പുകാര്‍ എല്‍.ഐ.സിയാണ്. 18നും 59നും ഇടയില്‍ പ്രായമുള്ള ഗൃഹനാഥനോ/നാഥയ്‌ക്കോ പദ്ധതിയില്‍ അംഗമാകാം. ഗൃഹനാഥന് 59 വയസിന് മുകളില്‍ പ്രായമുണ്ടെങ്കില്‍ തൊട്ടടുത്ത വരുമാന മാര്‍ഗമുള്ള കുടുംബാംഗത്തിന് രജിസ്റ്റര്‍ ചെയ്യാം.
ദാരിദ്ര രേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കാണു പദ്ധതിയില്‍ മുന്‍ഗണനയുള്ളത്. എന്നിരുന്നാലും ദാരിദ്ര രേഖയ്ക്കു തൊട്ടു മുകളിലുള്ള, മറ്റു മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. റേഷന്‍ കാര്‍ഡിന്റെയും അര്‍ഹത തെളിയിക്കുന്ന രേഖയുടെ അസലും പകര്‍പ്പും അക്ഷയകേന്ദ്രത്തില്‍ ഹാജരാക്കണം. വാര്‍ഷിക പ്രീമിയം തുകയായ 200 രൂപയില്‍ 50 ശതമാനം കേന്ദ്ര സബ്‌സിഡിയാണ്. ബാക്കി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പഞ്ചായത്ത് പ്രദേശത്ത് അഞ്ചു സെന്റോ അതില്‍ താഴെയോ ഭൂമി സ്വന്തമായിട്ടുള്ള കുടുംബങ്ങള്‍ക്ക് അനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഒരു കുടംബത്തിലെ ഒരു അംഗത്തിനു മാത്രമേ പദ്ധതിയില്‍ അംഗമാകാനാകൂ.
ആനുകൂല്യങ്ങള്‍
കുടുംബനാഥന്റെ അപകടമരണത്തിന് 75000 രൂപയും സ്വാഭാവിക മരണത്തിന് 30000 രൂപയും പൂര്‍ണ അംഗവൈകല്യത്തിന് 75000 രൂപയും പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. അംഗങ്ങളുടെ ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്‌കോളര്‍ഷിപ്പും നല്‍കും. ഭാഗിക അംഗവൈകല്യത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. കൂടാതെ ഭാഗിക അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 37,500 രൂപവരെ ധനസഹായം ലഭിക്കും. പദ്ധതിക്കു കീഴിലുള്ള ആനുകൂല്യങ്ങള്‍ നേരിട്ട് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തുമെന്നതും നേട്ടമാണ്.
പദ്ധതിയില്‍ എങ്ങനെ അംഗമാകാം
പദ്ധതിയില്‍ അംഗമാകുന്നതിന് അക്ഷയ സെന്ററില്‍ നിന്നുള്ള അപേക്ഷ പൂരിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി/ വില്ലേജ് ഓഫീസര്‍/ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷിക്കുകയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് ഓഫീസില്‍ നിന്നുള്ള അപേക്ഷ ഫോം അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാകും. രജിസ്ട്രേഷന്‍ സമയത്തു ലഭിക്കുന്ന രജിസ്‌ട്രേഷന്‍ രസീതിന്റെ പ്രിന്റ് അപേക്ഷകന് സൂക്ഷിച്ചുവയ്ക്കണം. റേഷന്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് എന്നിവയും അപേക്ഷിക്കാന്‍ ആവശ്യമാണ്.