1. News

കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം ഉറപ്പ്; നാഷനൽ മെഡിക്കൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തി

പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പ്രവേശനത്തിന് നടത്തിയ പരിശോധനകളിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ് അംഗീകാരത്തിനായി നിരവധി അടിയന്തര ഇടപെടലുകളാണ് സർക്കാർ നടത്തിയത്.

Saranya Sasidharan
Accreditation guaranteed for Konni Medical College
Accreditation guaranteed for Konni Medical College

പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പ്രവേശനത്തിന് നടത്തിയ പരിശോധനകളിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ് അംഗീകാരത്തിനായി നിരവധി അടിയന്തര ഇടപെടലുകളാണ് സർക്കാർ നടത്തിയത്. കോവിഡിന്റെ വ്യാപനത്തിൽ പോലും മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങളിൽ വളരെയേറെ ശ്രദ്ധിച്ചു. എത്രയും വേഗം രേഖാമൂലമുള്ള അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ കോന്നി മെഡിക്കൽ കോളേജിന്റെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 250 കോടി രൂപയിലധികം വരുന്ന വികസന പ്രവർത്തനങ്ങളാണ് നടത്താനായത്. മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കി. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) രൂപീകരിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, ലോൺട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി, 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക് എന്നിവയുടെ നിർമ്മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിർമ്മാണം ആരംഭിച്ചു. ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് ബുക്കുകൾ, ക്ലാസ് റൂം, ലേബർറൂം, ബ്ലെഡ് ബാങ്ക്, മെഡിക്കൽ ഉപകരണങ്ങൾ, ഫർണിച്ചറുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ, ലാബ് ഉപകരണങ്ങൾ മുതലായവ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയിൽ നിന്നും പ്രത്യേകമായി ലഭ്യമാക്കി. ഇന്റേണൽ റോഡ്, എസ്.ടി.പി., പ്രവേശന കവാടം മുതലായവ നിർമ്മിക്കുന്നതിന് 15,50,76,322 രൂപയുടെ ഭരണാനുമതി നൽകി തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.

മെഡിക്കൽ കോളേജിൽ ഒ.പി, ഐ.പി, അത്യാഹിത വിഭാഗം ആരംഭിച്ചു. മൈനർ ഓപ്പറേഷൻ തിയേറ്റർ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ്, ഫാർമസി സൗകര്യം എന്നിവയൊരുക്കി. അത്യാഹിത വിഭാഗത്തിൽ 16 ലക്ഷം രൂപയുടെ അധിക ഫർണിച്ചറുകൾ ലഭ്യമാക്കി. ഇ ഹെൽത്ത് സജ്ജമാക്കി. ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു. 5 കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി. ടി സ്‌കാൻ, മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ എന്നിവ സ്ഥാപിക്കാൻ അനുമതി നൽകി. ആധുനിക ലേബർറൂം നിർമ്മിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യാ പദ്ധതിക്ക് അനുമതി ലഭ്യമാക്കി. കാരുണ്യ മെഡിക്കൽ സ്റ്റോർ, ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവ സ്ഥാപിച്ചു. 10 നിലകളുള്ള ക്വാർട്ടേഴ്സിന്റെ നിർമ്മാണം ആരംഭിച്ചു. ബോയ്സ് ഹോസ്റ്റലിന്റേയും, ലേഡീസ് ഹോസ്റ്റലിന്റേയും നിർമ്മാണം ആരംഭിച്ചു.

ഒഫ്താൽമോളജി വിഭാത്തിൽ ഇലക്ട്രോ ഹൈട്രോളിക് ഓപ്പറേറ്റിംഗ് ടേബിൾ (7 ലക്ഷം), ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് വിത്ത് ഒബ്സർവൻസ് ക്യാമറ ആന്റ് വീഡിയോ (12.98 ലക്ഷം), ആട്ടോറഫ് കേരറ്റോ മീറ്റർ (3.54 ലക്ഷം) യു.എസ്.ജി.എ സ്‌കാൻ (6.14 ലക്ഷം), ഫാകോ മെഷീൻ സെന്റുർകോൻ (24.78 ലക്ഷം), ജനറൽ സർജറി വിഭാത്തിൽ എച്ച്.ഡി ലാപ്റോസ്‌കോപ്പിക് സിസ്റ്റം (63.88 ലക്ഷം), ലാപ്റോസ്‌കോപ്പിക് ഹാൻഡ് ആക്സസറീസ് (16 ലക്ഷം), ഇലക്ട്രോ ഹൈട്രോളിക് ഓപ്പറേറ്റിംഗ് ടേബിൾ (7 ലക്ഷം), ഓർത്തോപീഡിക്സ് വിഭാത്തിൽ സി.ആം ഇമേജ് ഇന്റൻസിഫിയർ (38.65 ലക്ഷം) എന്നിവ സ്ഥാപിക്കുന്നതിനും അനുമതി നൽകി.
ഫർണിച്ചറുകൾ, ലൈബ്രറിയ്ക്ക് ആവശ്യമായ ബുക്കുകൾ, സ്പെസിമെനുകൾ, വിദ്യാർത്ഥികളുടെ പഠനനോപകരണങ്ങൾ, അനാട്ടമി വിഭാഗത്തിന് മൃതദേഹം സൂക്ഷിക്കുവാനുള്ള ടാങ്ക്, ലാബിന്റെ പ്രവർത്തനത്തിന് ആവശ്യമായ റീഏജന്റുകൾ മുതലായവ പൂർണമായും സജ്ജമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: വീണാ ജോർജ്

English Summary: Accreditation guaranteed for Konni Medical College; The National Medical Commission expressed satisfaction

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters