കൊച്ചി: കേരളത്തിൽ നിന്നുള്ള തേയിലക്കയറ്റുമതി വർധിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷമായി രണ്ടു ശതമാനത്തിന്റെ ക്രമാനുഗത വാർഷിക വളർച്ചയാണ് തേയിലക്കയറ്റുമതി രേഖപ്പെടുത്തുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷം അതായത് 2019-2020 ൽ കേരളത്തിൽ നിന്ന് മൊത്തം 109 ദശലക്ഷം ഡോളറിന്റെ തേയിലയാണ് കയറ്റുമതി ചെയ്തത്.
2015 മുതൽ 2020 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ തേയിലക്കയറ്റുമതി രണ്ടു ശതമാനമെന്ന നിരക്കിൽ വാർഷിക വർധന രേഖപ്പെടുത്തി.ആഗോള വാണിജ്യ ധനകാര്യ സ്ഥാപനമായ ഡ്രിപ്പ് ക്യാപ്പിറ്റലിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കാലിഫോർണിയയിലെ പാലോ ആൾട്ടോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഗ്രീൻ ടീയുടെ സാധ്യതകൾ കൂടുതൽ ഉപയോഗിക്കുകയും മൂല്യ വർധിത ഉത്പന്നങ്ങൾ കൂടുതൽ പുറത്തിറക്കുകയും ചെയ്താൽ സംസ്ഥാനത്തെ തേയിലക്കയറ്റുമതി വർധിപ്പിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രാൻഡ് ഇമേജിന് മുൻഗണന നൽകണം. വലിയ പാക്കേജിനെക്കാൾ കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ചെറിയ പാക്കറ്റിന് ഊന്നൽ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. റെഡി റ്റു ഡ്രിങ്ക് പോലുള്ള ഉപഭോഗ രീതികൾ വികസിപ്പിച്ചെടുത്താൽ തേയില വിപണിയിൽ ഒരു കുതിച്ചു ചാട്ടം തന്നെ പ്രതീക്ഷിക്കാം. സാങ്കേതിക വിദ്യയും ഡേറ്റാ അനാലിറ്റിക്‌സും ഉപയോഗിച്ച് ഇന്ത്യ , മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, എന്നിവിടങ്ങളിലെ ചെറുകിട ഇടത്തരം കമ്പനികൾക്ക് ഡിപ്പ് ക്യാപ്പിറ്റൽ പ്രവർത്തന മൂലധന സഹായം ലഭ്യമാക്കുന്നുണ്ട്.
പ്രവർത്തനം ആരംഭിച്ചതിന് ശേഷം സംരംഭ മൂലധനമായും വായ്‌പയായും ഡ്രിപ്പ് 200 ദശലക്ഷം ഡോളർ സമാഹരിച്ചു. ആക്സൽ പാർട്നേർസ്, സെക്വോയ ക്യാപ്പിറ്റൽ, വിങ് വിസി, വൈ കോമ്പിനേറ്റർ, തുടങ്ങിയ നിക്ഷേപകരിലൂടെ കമ്പനി 45 ദശലക്ഷം ഡോളർ സമാഹരിച്ചു. കൂടാതെ 150 ദശലക്ഷം ഡോളർ ഫാമിലി ഓഫീസുകൾ എച്ച് എൻ ഐ കൾ, സ്ഥാപന നിക്ഷേപകർ സാമ്പത്തിക ഉപദേഷ്ടാക്കൾ എന്നിവരിൽ നിന്നും സമാഹരിച്ചു. 2021 മാർച്ച് വരെ അന്താരാഷ്ട്ര വ്യാപാരത്തിനായി 12 ബില്യൺ ഡോളറിലധികം ധനസഹായം നൽകി.
പത്രവാർത്ത