Features

തേയില - ലോകം കീഴടക്കിയ പാനീയം

tea

ഉച്ചമയക്കത്തിന് സമയമായി. കര്‍ഷകന്‍ കൂടിയായ ഷെനംഗ് തൊട്ടടുത്തു കണ്ട ഒരു മരത്തിനു താഴെ വെയിലുകൊളളാതെ ഇരുന്നു. അവിടെവച്ചു കുടിക്കാന്‍ കുറച്ചു വെളളം തിളപ്പിച്ചു; യാദൃശ്ചികമായാണ് തിളച്ചുകൊണ്ടിരുന്ന വെളളത്തിലേക്ക് മരത്തില്‍ നിന്ന് കുറച്ച് ഉണങ്ങിയ ഇലകള്‍ കാറ്റടിച്ചു പറന്നു വീണത്. ഇലകള്‍ വീണ വെളളത്തിനു നേരിയ നിറം മാറ്റം വന്നു. എങ്കിലും അത് കുടിച്ചപ്പോള്‍ ഷെനോങിന് ഒരു പ്രത്യേക തരം സുഗന്ധം അനുഭവപ്പെട്ടു; പതിവില്ലാത്ത ഉന്മേഷവും തോന്നി. 'കമീലിയ സൈനെന്‍സിസ്' എന്നു പേരായ തേയിലമരത്തിന്റെ ഇലകളാണ് തന്റെ വെളളപ്പാത്രത്തില്‍ വീണത് എന്ന സത്യം അപ്പോള്‍ ഷെനങിന് അറിയുമായിരുന്നില്ല. പുരാതന ചൈനയിലെ ചക്രവര്‍ത്തിയായിരുന്ന ഷെനംഗ് 'ചൈനയിലെ കൃഷിയുടെ പിതാവ്' (Father of Agriculture) എന്നുമറിയപ്പെടുന്നു. 'ഷെനംഗ്' എന്ന വാക്കിന് അര്‍ത്ഥം 'ദിവ്യനായ കര്‍ഷകന്‍' (Divine Farmer) എന്നാണ്.
ഇവിടം മുതല്‍ക്കാണ് തേയിലയുടെ മഹത്ത്വം ലോകം അറിയുന്നതും ഇതിന്റെ ബോധപൂര്‍വമുളള കൃഷിയാരംഭിക്കുന്നതും.

വ്യത്യസ്ഥമായ മറ്റൊരു കഥയും തേയിലയുടെ ജന്മത്തെക്കുറിച്ചുണ്ട്. ഇത് ഇന്ത്യന്‍ കഥയാണ്. ബുദ്ധനാണ് തേയിലച്ചെടി സൃഷ്ടിച്ചത് എന്നാണ് ഇതിലെ കാതല്‍. ചൈനയിലേക്കുളള തീര്‍ത്ഥയാത്രയ്ക്കിടയില്‍ ബുദ്ധന്‍ ഒരു പ്രതിജ്ഞ എടുത്തു; യാതൊരു വിധ വിശ്രമവുമില്ലാതെ തുടര്‍ച്ചയായി ഒമ്പതു വഷം ധ്യാനത്തിലിരിക്കുമെന്ന്. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം മയങ്ങിപ്പോയി. ഉണര്‍ന്നയുടന്‍ തന്നെ നിരാശാബോധത്താല്‍ അദ്ദേഹം തന്റെ കണ്‍പോളകള്‍ കീറി മണ്ണിലേക്കെറിഞ്ഞു. ഈ കണ്‍പോളകള്‍ അവിടെ കിടന്ന് വേരു പിടിച്ച് വളര്‍ന്ന് ചെടികളായി. ഇലകള്‍ക്ക് കണ്‍പോളകളുടെ ആകൃതിയായിരുന്നു. അദ്ദേഹം ഈ ഇലകള്‍ ചവച്ചു. അങ്ങനെ ക്ഷീണമെല്ലാം മാറി. ഈ ചെടി ആദ്യമായി ചൈനയിലെത്തിച്ചത് ബുദ്ധനായിരുന്നു.

tea 1

കഥകള്‍ ഇനിയും ഏറെയുണ്ട് അദ്ഭുതസസ്യമായ തേയിലയെക്കുറിച്ച്. കഥകളുടെ പൊരുള്‍ എന്തായാലും നൂറ്റാണ്ടുകളായി ഏഷ്യന്‍ സാംസ്‌കാരിക തലങ്ങളില്‍ തേയില ചെലുത്തുന്ന സ്വാധീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതേയുളളൂ. തേയിലക്കൃഷിയില്‍ ചൈനയുടെ ഏകാധിപത്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ആദ്യമായി തേയിലയുടെ വാണിജ്യക്കൃഷിക്ക് തുടക്കം കുറിക്കുന്നത്. തേയിലയുടെ വിത്തോ തൈയ്യോ എന്തും കൃഷിചെയ്യാന്‍ താല്‍പര്യമുളള യൂറോപ്പുകാര്‍ക്ക് അസമില്‍ സ്ഥലം സൗജന്യമായി നല്‍കാന്‍ അന്ന് ബ്രിട്ടീഷുകാര്‍ തയ്യാറായി. ഇംഗ്ലീഷ് സംസ്‌കാരവുമായി ചേര്‍ന്ന ഇന്ത്യാക്കാര്‍ മാത്രമാണ് 1950 കള്‍ വരെ തേയില വ്യാപകമായി ഉപയോഗിച്ചിരുന്നത്. പില്‍ക്കാലത്ത് ഇന്ത്യന്‍ ടീ ബോര്‍ഡ് നടത്തിയ നിരവധി വിജയകരമായ പരസ്യപ്രചാരണങ്ങളുടെ ഫലമായാണ് ഇന്ത്യയില്‍ തേയിലക്കൃഷി കൂടുതല്‍ പ്രചരിച്ചത്. ഇന്നിപ്പോള്‍ ആഗോളതലത്തില്‍ മുപ്പത്തഞ്ചിലേറെ രാജ്യങ്ങളില്‍ തേയില കൃഷി ചെയ്യുന്നു. എങ്കിലും ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യങ്ങളാണ് ആകെ ഉല്‍പാദനത്തിന്റെ 90 ശതമാനം സംഭാവന ചെയ്യുന്നത്. ചൈന, ഇന്ത്യ, കെനിയ, ശ്രീലങ്ക, ടര്‍ക്കി, ഇന്തൊനേഷ്യ, വിയറ്റ്‌നാം, ജപ്പാന്‍, ഇറാന്‍, അര്‍ജന്റീന എന്നിവയാണ് തേയില ഉല്‍പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. ഇന്ത്യയില്‍ അസം, ഡാര്‍ജിലിംങ് എന്നീ മേഖലകളാണ് തേയിലക്കൃഷിയുടെ കേന്ദ്രങ്ങള്‍. ദക്ഷിണേന്ത്യന്‍ നീലഗിരിമലനിരകള്‍ ചുറ്റിപ്പറ്റിയുളള പ്രദേശം തേയിലകൃഷിയ്ക്ക് പ്രസിദ്ധമാണ്. കേരളത്തില്‍ ഇടുക്കി, വയനാട് ജില്ലകളിലാണ് തേയിലത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍ സുഖശീതളമായ കാലാവസ്ഥയില്‍ വളരുന്ന തേയിലത്തോട്ടങ്ങളും അതിനോടനുബന്ധിച്ചുളള സ്ഥലങ്ങളും എന്നും വിനോദസഞ്ചാരത്തിന്റെ കേന്ദങ്ങളാണ്. ഇന്ത്യയിലെ തേയില ഉല്‍പാദനത്തിന്റെ 25 % വരുന്ന ഡാര്‍ജിലിങ്, ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ആസാം, കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാര്‍, വയനാട് സമുദ്രനിരപ്പില്‍ നിന്ന് 8000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിലെ കൊളുക്കുമലൈ, ഒരു നൂറ്റാണ്ടിലേറെയായി തേയിലകൃഷിയുളള തമിഴ്‌നാട്ടിലെ നീലഗിരി, ഹിമാചല്‍പ്രദേശിലെ പാലപ്പൂര്‍, കര്‍ണ്ണാടകത്തിലെ കെലാഗുര്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം ടീ ടൂറിസത്തിന് പേരു കേട്ട സ്ഥലങ്ങളാണ്.

ഒരു വശത്ത് വാണിജ്യതേയിലക്കൃഷിയും വന്‍കിടതോട്ടങ്ങളും നിലനില്‍ക്കുമ്പോള്‍ ചെറുകിട കര്‍ഷകര്‍ തങ്ങളുടെ വീട്ടു പറമ്പുകളില്‍ തേയിലക്കൃഷി ചെയ്യുന്ന സമ്പ്രദായത്തിനും ഇന്ന് പ്രചാരം വര്‍ദ്ധിച്ചു വരുന്നു. ജൈവ തേയില കൃഷി എന്ന ആശയത്തിനാണ് ഇവിടെ പ്രസക്തി ഏറെ. ചെറുകിട തേയിലക്കൃഷി എന്ന നൂതനാശയവും തേയിലയുടെ വിവിധ വശങ്ങളും അനാവരണം ചെയ്യുന്ന താളുകളിലേക്ക് സ്വാഗതം.....


സുരേഷ് മുതുകുളം,

എഡിറ്റര്‍, കൃഷിജാഗരണ്‍, മലയാളം


English Summary: Tea -The drink that conquered the world

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine