തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ ജലസംരക്ഷണ പ്രവർത്തികൾ മാതൃകാപരമെന്ന് കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ. ജലശക്തി അഭിയാൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഡയറക്ടർ ജനറൽ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ പി.മനോജ്കുമാർ, കേന്ദ്രഭൂഗർഭജല ബോർഡ് സയന്റിസ്റ്റ് ആദിത്യ ശർമ എന്നിവരടങ്ങുന്ന സംഘം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജലശക്തി കേന്ദ്രം ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ജില്ലാ വികസന കമ്മീഷണർ അശ്വതി ശ്രീനിവാസ്, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. നീരുറവ് പദ്ധതി പോലെയുള്ള സംയോജന മാതൃകകൾ എല്ലാവരും പിന്തുടരണമെന്ന് സംഘം അഭിപ്രായപ്പെട്ടു.
മാണിക്കൽ, കൊല്ലയിൽ, കാട്ടാക്കട, മാറനല്ലൂർ എന്നിവിടങ്ങളിൽ നേരിട്ടെത്തിയ കേന്ദ്രസംഘം, ഗ്രാമപഞ്ചായത്തധികൃതർ ജലസംരക്ഷണപ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തെ അഭിനന്ദിച്ചു. പുഴയൊഴുകും മാണിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട് മാണിക്കൽ ഗ്രാമപഞ്ചായത്തിൽ ഭൂജലവകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന വെള്ളാണിക്കൽ പാറമുകൾ, വെള്ളാണിക്കൽ എൽപിഎസ്, കൊപ്പം എൽപിഎസ് എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികളും ഭൂജല പരിപോഷണ പ്രവർത്തനങ്ങളും തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാക്കിയ വെളളാണിക്കൽ ഫലവൃക്ഷ നഴ്സറി, ഏറക്കട്ടക്കാൽ നെൽകൃഷി, താമരഭാഗം താമര കൃഷി, കുഞ്ചിക്കുഴി ചിറയിലെ അമൃത സരോവർ പദ്ധതി എന്നിവിടങ്ങൾ സന്ദർശിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: താമര കൃഷി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ അമൃത് സരോവർ പദ്ധതിയിലെ ചിറക്കുളത്തെത്തിയ സംഘം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ് നവനീത് കുമാറിന്റെ നേതൃത്വത്തിൽ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുമായും, യൂസർ ഗ്രൂപ്പ് അംഗങ്ങളുമായും ചർച്ച നടത്തി. വൃക്ഷതൈകൾ നട്ടു.
കാട്ടാക്കട ജലസമൃദ്ധി പദ്ധതി പ്രദേശങ്ങളും മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ തെങ്ങിൻതൈ നഴ്‌സറിയും സന്ദർശിച്ചു. രണ്ടര ഏക്കർ തരിശു ഭൂമിയിൽ ആരംഭിച്ച തെങ്ങിൻതൈ നഴ്‌സറി മികച്ച മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു.
ജലശക്തി അഭിയാൻ നോഡൽ ഓഫീസറും ഭുജല വകുപ്പ് ജില്ലാ ഓഫീസറുമായ സുധീർ എ.എസ്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ എൻഞ്ചിനീയർ ദിനേശ് പപ്പൻ, ടെക്‌നിക്കൽ എക്‌സ്‌പേർട്ട് സാന്റി എസ്.ആർ, ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ.വിദ്യ ജി.എസ്, ജൂനിയർ ജിയോ ഫിസിസ്റ്റ് സബിൻ.എ എന്നിവരും സംഘത്തിലുണ്ടായിരുന്നു.