പൂന്തുറ ഓഫ്ഷോർ ബ്രേക്ക് വാട്ടർ നിർമാണത്തിന്റെയും കൃത്രിമപാര് നിക്ഷേപിക്കലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. തീരം നിലനിർത്താൻ കരിങ്കല്ലിനു പകരം ബദൽ എന്ന നിലയിലാണ് ജിയോ ട്യൂബ് ഓഫ്ഷോർ ബ്രേക്ക് വാട്ടർ നിർമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Chief Minister Pinarayi Vijayan inaugurated the Poonthura offshore breakwater construction and artificial bar investment online. The CM said that the Geo Tube Offshore Breakwater would be constructed as an alternative to granite to maintain the shoreline.
പൂന്തുറ-വലിയതുറ പ്രദേശം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കടൽക്ഷോഭം നേരിടുന്ന മേഖലയാണ്. കടൽക്ഷോഭം മൂലം തൊഴിൽനഷ്ടവും വീടുകൾ നശിക്കുന്നതും പതിവാണ്. പരമ്പരാഗത കരിങ്കൽ കടൽഭിത്തി കൊണ്ട് കടൽക്ഷോഭം തടയാനാകില്ലെന്ന് കണ്ടാണ് പുതിയ മാർഗം സ്വീകരിക്കുന്നത്. പ്രമുഖ സമുദ്ര ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി തയാറാക്കിയ രൂപരേഖ അനുസരിച്ചാണ് 150 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാൻ സർക്കാർ അംഗീകാരം നൽകിയത്.
ഇതിൽ ആദ്യഘട്ടമെന്ന നിലയിലാണ് 19.57 കോടി രൂപ അടങ്കൽ തുകയിൽ പൂന്തുറ പ്രദേശത്തെ 700 മീറ്റർ തീരസംരക്ഷണ പ്രവൃത്തികൾ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ വികസന കോർപറേഷനാണ് പദ്ധതിയുടെ എസ്.പി.വി. ചടങ്ങിൽ പൂന്തുറ, ബീമാപ്പള്ളി, വലിയതുറ എന്നീ മത്സ്യഗ്രാമങ്ങളുടെ തീരക്കടലിൽ കൃത്രിമപ്പാരുകൾ നിക്ഷേപിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനവും നിർവഹിച്ചു.
പഴയ പൂന്തുറയെ തിരിച്ചുപിടിക്കലാണ് ബ്രേക്ക് വാട്ടർ നിർമാണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഈ സർക്കാർ വന്നശേഷം വീട് നഷ്ടപ്പെട്ട 192 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുട്ടത്തറയിൽ ഫ്ളാറ്റ് സമുച്ചയത്തിൽ പുനരധിവാസം ഉറപ്പാക്കി.
വലിയതുറ ഫിഷറീസ് സ്‌കൂൾ ടെന്നീസ് കോർട്ട് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തിയതായും മന്ത്രി പറഞ്ഞു. കൃതിമപ്പാര് നിക്ഷേപത്തിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിർവഹിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഓൺലൈനിലൂടെ മുഖ്യാതിഥിയായി പങ്കെടുത്തു.
വി.എസ്. ശിവകുമാർ എം.എൽ.എ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലീം, നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എം. ബഷീർ, പൂന്തുറ കൗൺസിലർ മേരി ജിപ്സി, എസ്.ഐ.എഫ്.എൽ ചെയർമാൻ ആന്റണി രാജു, ഫിഷറീസ് ഡയറക്ടർ സി.എ. ലത, തീരദേശ വികസന കോർപറേഷൻ എം.ഡി പി.ഐ ഷേയ്ക് പരീത്, ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ ബി.റ്റി.വി കൃഷ്ണൻ, തീരദേശ വികസന കോർപറേഷൻ ചീഫ് എഞ്ചിനീയർ എം.എ മുഹമ്മദ് അൻസാരി, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.