റമദാന്‍ മാസമായതോടെ വിപണിയിലും വീടുകളിലുമെല്ലാം ഈത്തപ്പഴങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ.
ഏറെ പോഷകഗുണമുള്ളതും രുചിയേറിയതുമായ ഈത്തപ്പഴത്തിനു ഔഷധഗുണങ്ങളും ഏറെയാണ്. എന്നാല്‍, ഈത്തപ്പഴം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ചെന്നൈയിലെ പ്രമുഖ ഈത്തപ്പഴ വില്‍പ്പന സംരംഭമായ ഡേറ്റ്‌ലേഴ്‌സിന്റെ സഹസ്ഥാപകനായ ജതിന്‍ കൃഷ്ണ.
ചെന്നൈയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് മൂന്നു വിധം ഈത്തപ്പഴമാണ്. അജ്‌വ, കിമിയ(കറുത്തത്), ഇറാനിയന്‍ മസാഫതി എന്നിവയാണത്.
ഇറാനില്‍ നിന്നും ദുബായില്‍ നിന്നുമാണ് ഇവയെല്ലാം ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ നല്ല നിലയില്‍ വില്‍പ്പന നടക്കുന്നത് സഫാവി ഈത്തപ്പഴമാണ്.
മൂന്ന് തരം ഈത്തപ്പഴങ്ങളുണ്ട്. ഡ്രൈ ആയത്, നനവുള്ളത്, പകുതി നനവുള്ളത്. ഇവിടുത്തെ മിക്ക ആളുകളും അജ്‌വയാണ് ഇഷ്ടപ്പെടുന്നത്. കിമിയ (കറുത്തത്) വളരെ മൃദുവായതാണ്. അതേസമയം ഇറാനിയന്‍ മസാഫതി അത്ര മൃദുവല്ല.
നല്ല നിലവാരമുള്ള ഈത്തപ്പഴം എങ്ങനെ തിരിച്ചറിയാം എന്ന ചോദ്യത്തിന് വിപണിയില്‍ ലഭ്യമായതില്‍ പായ്ക്ക് ചെയ്തവ തിരഞ്ഞെടുക്കുന്നതാണ് ഉത്തമമെന്നായിരുന്നു മറുപടി.
അതിനേക്കാള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി പറഞ്ഞു. ഇവയെല്ലാം കഴിക്കുന്നതിനുമുമ്പ് കഴുകണം. മാത്രമല്ല, ഈത്തപ്പഴം പൊളിച്ച് കഴിക്കണം. പുറമെ മനോഹരമാണെങ്കിലും ഉള്ളില്‍ ചെറിയ പുഴുക്കള്‍ കണ്ടേക്കാം.
എല്ലാ പഴങ്ങളിലും പച്ചക്കറികളിലും ഇത്തരത്തില്‍ ഉണ്ടാവാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.