1. News

ദുരന്ത നിവാരണം: കേരളം നടത്തുന്നത് സമഗ്ര ഇടപെടലുകൾ

പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ തുടങ്ങിയവയെയെല്ലാം ഒരുമയോടെ അതിജീവിക്കാൻ കരുത്തുള്ളവരാണു മലയാളികളെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒറ്റക്കെട്ടായി പൊരുതുകയെന്നതാണു കാലാവസ്ഥാ വ്യതിയാനം മൂലം ലോകമാകെയുണ്ടാകുന്ന പ്രതിസന്ധിയെ നേരിടുന്നതിൽ പ്രധാനം. കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ആലോചിക്കാൻ ലോകമെമ്പാടും ചേരുന്ന ഉച്ചകോടികളിൽ ഇത്തരമൊരു ഐക്യം രൂപപ്പെടുന്നില്ല.

Saranya Sasidharan
Disaster Management: Kerala is taking comprehensive interventions
Disaster Management: Kerala is taking comprehensive interventions

ദുരന്തങ്ങളെ നേരിടാനും അവയുടെ ആഘാതങ്ങൾ കുറയ്ക്കാനുമായി സമഗ്ര ഇടപെടലുകളാണു സംസ്ഥാനം നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ വ്യതിയാനത്തെയും അതുണ്ടാക്കുന്ന പ്രതിസന്ധികളേയും നേരിടാൻ കേരള സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ തീരവാസികൾക്കു താത്കാലിക താമസസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മുട്ടത്തറയിലും ആലപ്പുഴ കുമാരപുരത്തും നിർമിച്ച സൈക്ലോൺ ഷെൽട്ടറുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ തുടങ്ങിയവയെയെല്ലാം ഒരുമയോടെ അതിജീവിക്കാൻ കരുത്തുള്ളവരാണു മലയാളികളെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒറ്റക്കെട്ടായി പൊരുതുകയെന്നതാണു കാലാവസ്ഥാ വ്യതിയാനം മൂലം ലോകമാകെയുണ്ടാകുന്ന പ്രതിസന്ധിയെ നേരിടുന്നതിൽ പ്രധാനം. കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ആലോചിക്കാൻ ലോകമെമ്പാടും ചേരുന്ന ഉച്ചകോടികളിൽ ഇത്തരമൊരു ഐക്യം രൂപപ്പെടുന്നില്ല. അതിവികസിത രാജ്യങ്ങളെന്നു കരുതുന്ന രാഷ്ട്രങ്ങളിൽ ചിലത് സ്വന്തം താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇടപെടലിനാണു പ്രാധാന്യം നൽകുന്നത്. നമുക്ക് അത്തരമൊരു നിലപാട് എടുക്കാൻ കഴിയില്ല. നാടിനെയും പ്രകൃതിയേയും സംരക്ഷിച്ച് ഭാവി തലമുറയ്ക്കു കൈമാറാനുള്ള ഉത്തരവാദിത്തമാണ് ജനകീയ സർക്കാരിനുള്ളത്. അതനുസരിച്ചുള്ള ഇടപെടലുകളാണു കേരളം നടത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, പ്രകൃതിസൗഹൃദ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കൽ, ഹൈഡ്രജൻ ഇന്ധന ഉപയോഗം വർധിപ്പിക്കൽ, പുനരുപയോഗസാധ്യതയുള്ള ഊർജ സ്രോതസുകൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയിലൂടെ ഇതിനു തയാറെടുപ്പു നടത്തുകയാണ്. ദുരന്തനിവാരണത്തിന്റെ ഭാഗമായി സൈക്ലോൺ ഷെൽട്ടറുകൾ സ്ഥാപിക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക സെൻസസ്: ഫ്ലാറ്റുടമകൾ വിവരങ്ങൾ നൽകണം

മലയോരത്തും തീരദേശത്തുമെല്ലാം ധാരാളം ജനങ്ങൾ താമസിക്കുന്ന സംസ്ഥാനമാണു കേരളം. പ്രകൃതി ദുരന്തങ്ങൾ കൂടുതലായി ബാധിക്കുന്ന പ്രദേശമാണിത്. ഇതു മുൻനിർത്തി ഇത്തരം മേഖലകളിലെ മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനു മുൻതൂക്കം നൽകിക്കൊണ്ടുള്ള നടപടിയാണു സർക്കാർ സ്വീകരിക്കുന്നത്. ചെല്ലാനത്തു നടപ്പാക്കിയ 344 കോടിയുടെ തീരസംരക്ഷണ പദ്ധതി പ്രദേശത്തു വലിയ മാറ്റംകൊണ്ടുവന്നു. പദ്ധതിയുടെ 95 ശതമാനത്തോളം ഇതുവരെ പൂർത്തിയാക്കി. കൊല്ലംകോട് തീരസംരക്ഷണത്തിന് 51 കോടിയുടെ ഭരണാനുമതിയായി. തീരശോഷണം രൂക്ഷമായ ആലപ്പുഴ ഒറ്റമശേരിയിൽ പുലിമുട്ട് നിർമാണം പുരോഗിമിക്കുന്നു. തിരുവനന്തപുരം മുതലപ്പൊഴി, കൊല്ലം താന്നി, ആലപ്പുഴ കായംകുളം, തോട്ടപ്പള്ളി, തൃശൂർ ചേറ്റുവ, കണ്ണൂർ തലായി, കാസർകോഡ് മഞ്ചേശ്വരം എന്നിവിടങ്ങളിൽ 90 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകിയത്. കണ്ണൂരിലേയും കാസർകോട്ടേയും പ്രവർത്തനം പൂർത്തിയാക്കി. തിരുവനന്തപുരത്ത് പൂന്തുറ മുതൽ വലിയതുറവരെ തീരസംരക്ഷണത്തിനായി 150 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി. പൂന്തുറയിൽ ഓഫ്ഷോർ ബ്രേക് വാട്ടർ നിർമിക്കുന്ന പദ്ധതിക്കും നല്ല പുരോഗതി കൈവരിക്കാനായി.

ദുരന്ത മുന്നറിയിപ്പിന്റെ ഭാഗമായി ആളുകളെ മാറ്റിപ്പാർപ്പിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് 78 കോടി ചെലവിൽ സംസ്ഥാനത്തെ തീരദേശ ജില്ലകളിലായി 17 വിവിധോദ്ദേശ്യ സൈക്ലോൺ അഭയകേന്ദ്രങ്ങൾ നിർമിക്കാൻ തീരുമാനിച്ചത്. ഇതിന് ലോകബാങ്കിന്റെയും ദേശീയ സൈക്ലോൺ റിസ്‌ക് മിറ്റിഗേഷൻ പ്രൊജക്ടിന്റെയും സഹായം ലഭിച്ചു. ഇതിൽ 13 എണ്ണം നേരത്തേ നാടിനു സമർപ്പിച്ചു. ഇതിനു പുറമേയാണ് പുതുതായി രണ്ടെണ്ണം കൂടി ഉദ്ഘാടനം ചെയ്യുന്നത്. മൂന്നു നിലയുള്ള കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശുചിമുറികൾ, കുട്ടികൾക്കുള്ള സൗകര്യങ്ങൾ, പൊതു അടുക്കള എന്നിവയുമുണ്ട്. തീരപ്രദേശത്തുനിന്നു 10 കിലോമീറ്ററിനുള്ളിൽ ഭൂമി കണ്ടെത്തിയാണ് ഇവ നിർമിച്ചത്.

ഷെൽട്ടറുകളുടെ പ്രവർത്തിനു തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ഷെൽട്ടർ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭമില്ലാത്ത സമയങ്ങളിൽ സ്‌കൂൾ ക്ലാസ് മുറികൾ. ഇൻഡോർ ഗെയിം പരിശീലന കേന്ദ്രങ്ങൾ, വനിതകളുടെ ജിംനേഷ്യം, മറ്റു കൂട്ടായ്മകൾ തുടങ്ങിയവയ്ക്ക് ഇവ ഉപയോഗിക്കാൻ കഴിയും. ഇക്കാര്യം ഷെൽട്ടർ മാനേജ്മെന്റ് കമ്മിറ്റിയാകും തീരുമാനിക്കുക. ഷെൽട്ടറുകൾ വരുന്ന പ്രദേശങ്ങളിലെ നാട്ടുകാർക്കു പരിശീലനം നൽകി നാലു തരം എമർജൻസി റെസ്പോൺസ് ടീമുകൾ തയാറാക്കുന്ന പ്രവർത്തനവും നടക്കുന്നു. ഷെൽട്ടർ മാനേജ്മെന്റ്, തിരച്ചിലും രക്ഷാപ്രവർത്തനവും, പ്രഥമശുശ്രൂഷ, മുന്നറിയിപ്പ് എന്നിങ്ങനെയാണു നാലു സംഘങ്ങളെ പരിശീലിപ്പിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ സേന, അഗ്‌നിരക്ഷാ വകുപ്പ് എന്നിവരാണു പരിശീലം നൽകുന്നത്. യുവജനങ്ങളുടെ കർമശേഷി സമൂഹത്തിനു പ്രയോജനപ്പെടുത്താനായി രൂപീകരിച്ച ടീം കേരള പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച യൂത്ത് ഫോഴ്സ് സജ്ജമായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുട്ടത്തറയിലെ സൈക്ലോൺ ഷെൽട്ടർ വളപ്പിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായി. മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, റവന്യൂ - ദുരന്ത നിവാരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാൻഡ് റവന്യൂ കമ്മിഷണർ ടി.വി. അനുപമ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, കൗൺസിലർ ജെ. സുധീർ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീക്ക് പൂർണ സഹായം ഉറപ്പ് നൽകും: മന്ത്രി കെ എൻ ബാലഗോപാൽ

English Summary: Disaster Management: Kerala is taking comprehensive interventions

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters