വ്യവസായ സൗഹൃദ അന്തരീക്ഷം വളര്‍ത്താനും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മികച്ച മുന്നേറ്റം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയില്‍ ജില്ലയിലാകെ 174.34 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ ജില്ലയില്‍ 1077 എം.എസ്.എം.ഇ സംരംഭങ്ങളാണ് തുടങ്ങിയത്. ജില്ലാ വ്യവസായ കേന്ദ്രത്തിലെ കണക്ക് പ്രകാരം 4857 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കാന്‍ ഈ വ്യവസായ സംരംഭങ്ങള്‍ക്ക് സാധിച്ചു.
കേരളത്തെ സംരംഭകത്വ സൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ ആശയങ്ങളുള്ളവര്‍ക്കും നിലവില്‍ സംരംഭങ്ങള്‍ തുടങ്ങിയവര്‍ക്കും മികച്ച പിന്തുണയാണ് വ്യവസായ വകുപ്പ് നല്‍കുന്നത്.
മലപ്പുറം ജില്ലയിലെ സംരഭ സഹായ പദ്ധതികൾ
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ പദ്ധതികളിലായി 7.99 കോടി രൂപയുടെ സഹായങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംരംഭകര്‍ക്ക് നല്‍കിയത്. ഇതില്‍ തന്നെ സംരംഭക സഹായ പദ്ധതിയിലാണ് ഏറ്റവും കൂടുതല്‍ രൂപ വിനിയോഗിച്ചത്. 114 സംരംഭക യൂണിറ്റുകള്‍ക്ക് 7.43 കോടി രൂപയുടെ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ അനുവദിച്ചത്.
ഉല്‍പ്പാദന മേഖലയിലുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി സാമ്പത്തിക സഹായം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 2012 ഏപ്രില്‍ ഒന്നു മുതല്‍ പുതുതായി ഉല്‍പ്പാദനം ആരംഭിച്ച സംരംഭങ്ങള്‍ക്കും വിപുലീകരണം, വൈവിധ്യവല്‍ക്കരണം, ആധുനികവല്‍ക്കരണം എന്നിവ നടത്തിയ സംരംഭങ്ങള്‍ക്കുമാണ് പദ്ധതിയിലൂടെ സഹായം ലഭിക്കുന്നത്. ഇതില്‍ സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട്, നിക്ഷേപ സഹായം, സാങ്കേതികവിദ്യ സഹായം തുടങ്ങിയവയ്ക്ക് വിവിധ ധനസഹായങ്ങള്‍ നല്‍കിവരുന്നതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് ശിവകുമാര്‍ പറഞ്ഞു.
കരകൗശല മേഖലയിലുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ആ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന ആശ (അസിസ്റ്റന്റ് സ്‌കീം ഫോര്‍ ഹാന്‍ഡിക്രാഫ്റ്റ്സ് ആര്‍റ്റിസണ്‍സ് ) പദ്ധതിയില്‍ ജില്ലയില്‍ 3.41 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് ജില്ലാ വ്യവസായ കേന്ദ്രം നല്‍കിയിട്ടുള്ളത്. കരകൗശല വിദഗ്ധ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംരംഭങ്ങള്‍ക്ക് സ്ഥിരം മൂലധനത്തിന്റെ 40 ശതമാനം മുതല്‍ 50 ശതമാനം വരെ ഈ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: സംരംഭം തുടങ്ങാൻ വനിതകൾക്ക് 30 ലക്ഷം സബ്‌സിഡിയും 40 ശതമാനം ഗ്രാന്റും
തകര്‍ച്ച നേരിടുന്ന വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും അവയുടെ ഉല്‍്പ്പാദനരഹിതമായ ആസക്തികളെ ഉല്‍പ്പാദന ആസ്തികളാക്കി മാറ്റുന്നതിനും വ്യവസായ വകുപ്പ് നല്‍കുന്ന അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ രണ്ട് യൂണിറ്റുകള്‍ക്ക് നല്‍കി. നാനോ സംരംഭങ്ങള്‍ക്കുള്ള സഹായ പദ്ധതിയിലൂടെ ജില്ലയിലെ 14 നാനോ സംരംഭങ്ങള്‍ക്ക് 45.31 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന് സാധിച്ചു. സംരംഭങ്ങളില്‍ സ്ഥിരം മൂലധന നിക്ഷേപം 10 ലക്ഷത്തില്‍ താഴെയുള്ളതും, വൈദ്യുതി ലോഡ് അഞ്ച് എച്ച്.പി വരെയുള്ളതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറിയില്‍ വരുന്ന ഉല്‍പ്പാദന സംരംഭങ്ങള്‍ക്ക് സ്ഥിരം മൂലധന വായ്പയില്‍ സംരംഭകര്‍ അടച്ച പലിശക്ക് ആറ് ശതമാനം മുതല്‍ എട്ട് ശതമാനം താങ്ങ് പലിശയായി തുടര്‍ച്ചയായി മൂന്നു വര്‍ഷം തിരികെ നല്‍കി വരുന്നു.
ഇതില്‍ തന്നെ കുടില്‍ വ്യവസായമായി നാനോ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ള 14 യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണിയായി 1.9 ലക്ഷം രൂപയുടെ സഹായങ്ങള്‍ നല്‍കി. വ്യാവസായിക മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളായ സംരംഭകത്വ വികസന പദ്ധതി, എംപ്ലോയി അസിസ്റ്റന്റ്, സാങ്കേതിക വൈദഗ്ധ്യ വികസനം, ടെക്നോളജി ക്ലിനിക്, ഇന്‍വെസ്റ്റേഴ്സ് മീറ്റ് തുടങ്ങിയ പരിപാടികള്‍ക്കായി 13.29 ലക്ഷം രൂപ ചെലവഴിച്ചു. ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അവ പൊതുസമൂഹത്തില്‍ പരിചയപ്പെടുത്തുന്നതിനുമായി നടത്തി വരുന്ന വ്യവസായ പ്രദര്‍ശന മേളകള്‍ക്കായി 4.5 ലക്ഷം രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിച്ചത്.
കൈത്തറി മേഖലയിലെ ശാക്തീകരണത്തിനും വളര്‍ച്ചയ്ക്കുമായി 90,000 രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. ജില്ലാ വ്യവസായ കേന്ദ്രത്തിലെ സുഗമമായ നടത്തിപ്പിനും ഓഫീസ് ആധുനികവല്‍ക്കരണതിന്റെ ഭാഗമായി ഈ ഗവേണന്‍സ് സംവിധാനം നടപ്പാക്കാന്‍ 4.8 ലക്ഷം രൂപയും ഐ.ടി അടിസ്ഥാന വികസനത്തിന് 2.4 ലക്ഷം രൂപയും ചെലവഴിച്ചു.
വ്യവസായ വകുപ്പിനു കീഴില്‍ നടത്തിവരുന്ന വിവിധ പരിശീലന പരിപാടികളായ തേങ്ങയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കല്‍, ഭക്ഷ്യ ഉല്‍പ്പന്ന സംസ്‌കരണം, ഫാഷന്‍ ടെക്നോളജിയിലെ പുതിയ പ്രവണതകള്‍ മനസ്സിലാക്കുക, വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് സംരംഭകത്വ വികസന ക്ലബുകള്‍ രൂപീകരിക്കുക അവര്‍ക്കു വേണ്ട പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക ജില്ലാ, താലൂക്ക് തലത്തില്‍ നിക്ഷേപക സംഗമങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 13.29 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: നഗരത്തിലെ അടുക്കുകൃഷി; 17,505 രൂപ സബ്സിഡിയോടെയുള്ള കേരള സർക്കാർ പദ്ധതിയിലേക്ക് അപേക്ഷ അയക്കാം
ഈ പരിശീലന പ്രവര്‍ത്തനത്തില്‍ 721 ആളുകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സഹായങ്ങള്‍ നല്‍കാനും ജില്ലാ വ്യവസായ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനും ഒരു വര്‍ഷം ഒരു ലക്ഷം വ്യവസായമെന്ന സര്‍ക്കാര്‍ ആശയം സാക്ഷാത്കരിക്കുന്നതിനുമായി ജില്ലാ വ്യവസായ കേന്ദ്രം എല്ലാവിധ സഹായവും നല്‍കി സംരംഭകരെ കാത്തിരിക്കുകയാണ്.