പ്രവാസി ഭദ്രത-പേൾ
പ്രവാസി ഭദ്രത-പേൾ പദ്ധതിയിലൂടെ വയനാട് ജില്ലയിലെ 272 പ്രവാസികൾക്ക് ആദ്യ ഗഡുവായ 4 കോടി 20 ലക്ഷം രൂപ വായ്പ അനുവദിച്ചു. നോർക്ക റൂട്ട്‌സുമായി സഹകരിച്ച് കുടുംബശ്രീ വഴി പ്രവാസികൾക്ക് വേണ്ടി സർക്കാർ ഏർപ്പെടുത്തിയ സംരംഭകത്വ പദ്ധതിയാണ് പ്രവാസി ഭദ്രത-പേൾ.
ബന്ധപ്പെട്ട വാർത്തകൾ: വിളവ് കൂടാൻ ‘എയർ പോട്ടുകൾ’ തെരഞ്ഞെടുക്കാം
കൊവിഡ് പ്രതിസന്ധി മൂലം വിദേശത്തെ ജോലി നഷ്ടപ്പെടുകയും, തിരിച്ചു പോകാൻ സാധിക്കാതെ വരികയും ചെയ്ത പ്രവാസികൾക്ക് സ്വയം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി സർക്കാർ ആവിഷ്‌ക്കരിച്ച സംരംഭകത്വ പദ്ധതിയാണ് പ്രവാസി ഭദ്രത-പേൾ (പ്രവാസി എന്റർപ്രണർഷിപ്പ് ഓഗ്മെന്റേഷൻ ആന്റ് റിഫോർമേഷൻ ഓഫ് ലൈവ്‌ലിഹുഡ്) പദ്ധതി.
ഒരു വ്യക്തിക്ക് രണ്ട് ലക്ഷം രൂപ വായ്പ
രണ്ട് ലക്ഷം രൂപയാണ് ഒരു വ്യക്തിക്ക് സംരംഭം തുടങ്ങാൻ വായ്പയായി അനുവദിക്കുന്നത്. ജില്ലാതല അപ്രൂവൽ കമ്മിറ്റിയാണ് ഓരോ പദ്ധതികളും പരിശോധിച്ച് പരമാവധി രണ്ട് ലക്ഷം രൂപ വരെയുള്ള തുക വായ്പയായി അനുവദിച്ച് സി.ഡി.എസുകൾ വഴി വിതരണം ചെയ്യുന്നത്.
പദ്ധതി തുടങ്ങിയതിന് ശേഷം ഫീൽഡ് തല വെരിഫിക്കേഷൻ പൂർത്തീകരിച്ച് രണ്ടാം ഗഡു അനുവദിക്കും. പലിശ രഹിത വായ്പയാണ് പ്രവാസി ഭദ്രത പദ്ധതി വഴി നൽകുന്നത്. വ്യവസായ മേഖലയിലെ സ്വയം സംരംഭങ്ങൾക്ക് പുറമേ കാർഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും സ്വയം സംരംഭങ്ങൾ തുടങ്ങാൻ പ്രവാസി ഭദ്രത പദ്ധതിയിലൂടെ കഴിയും.
കൊവിഡ് മൂലം വിദേശത്ത് നിന്നും തിരിച്ചു വന്ന പ്രവാസികളുടെ പുനരധിവാസത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകിയിരുന്നു. തിരിച്ചു വന്ന പ്രവാസികൾക്ക് കേരളത്തിൽ സംരംഭം ആരംഭിക്കുന്നതിന് നിലവിൽ ഉണ്ടായിരുന്ന പദ്ധതികൾക്ക് പുറമെയാണ് നോർക്ക റൂട്ട്‌സ് വഴി പ്രവാസി ഭദ്രത പേൾ പോലുള്ള പദ്ധതികൾക്ക് സർക്കാർ തുടക്കമിട്ടത്. രണ്ട് വർഷമാണ് വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി. മൂന്ന് മാസം മൊറട്ടോറിയം ലഭിക്കും.