1. News

കേരളത്തിൽ ഗ്യാസ് വിതരണം സൗജന്യം..കൂടുതൽ വാർത്തകൾ

ഏജൻസിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം സൗജന്യമായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി

Darsana J

1. ഗ്യാസ് ഏജൻസിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം സൗജന്യമായി ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 5 കിലോമീറ്ററിന് മുകളിലുള്ള വിതരണത്തിന്റെ നിരക്കുകൾ വ്യത്യാസപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിതരണ ചാർജ് അധികമായി ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കലക്ടർ, സിവിൽ സപ്ലൈസ് കമ്മിഷണർ, ജില്ല സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈസ് ഓഫീസർ എന്നിവർക്ക് പരാതി നൽകാം. ഡെലിവറി ചാർജിന്റെ കൃത്യമായ വിശദാംശങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം.

കൂടുതൽ വാർത്തകൾ: ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും

2. ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്ക് കേന്ദ്രത്തിന്റെ പിന്തുണ അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ച സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായാണ് ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്. അധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ 6 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് ഉള്ളത്.

3. ക്ഷയരോഗം മൂലം തിരുവനന്തപുരം മൃഗശാലയിലെ 64 മൃഗങ്ങൾ ചത്തുപോയതായി ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കഴിഞ്ഞ വർഷത്തെ കണക്കെടുക്കുമ്പോൾ 39 കൃഷ്ണമൃഗങ്ങളും, 25 പുള്ളിമാനുകളുമാണ് ചത്തതെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസാണ് മൃഗങ്ങളിലെ ക്ഷയരോഗം സ്ഥിരീകരിച്ചത്. രോഗം മറ്റ് മൃഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ എടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ പ്രവർത്തനം ആരംഭിക്കുന്ന മത്സ്യവിൽപന വാഹനത്തിന്റെ ഫ്ലാഗ്ഓഫ്‌ ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മത്സ്യഫെഡിന്റെ സഞ്ചരിക്കുന്ന മത്സ്യവിൽപ്പന സംരംഭമായ അന്തിപ്പച്ച പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗുണമേന്മയുള്ള മത്സ്യവും മത്സ്യഫെഡിന്റെ തന്നെ മൂല്യവർധിത ഉല്പന്നങ്ങളുമാണ് അന്തിപ്പച്ചയിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കുക.

5. കോന്നിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയുടെ ഉദ്ഘാടനം മന്ത്രി ജിആർ അനിൽ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ബിരുദദാന ചടങ്ങും ലോഗോ അനാച്ഛാദനവും നടന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പിനു കീഴില്‍ പ്രവർത്തിക്കുന്ന സി.എഫ്.ആർ.ഡിയിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് സപ്ലൈകോ വഴി ജോലി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

6. ചെറുകിട വന വിഭവങ്ങളുടെ സംസ്‌കരണ കേന്ദ്രത്തിന്റെയും 'വനാമൃതം' പരിപാടിയുടെ രണ്ടാംഘട്ടവും ഉദ്ഘാടനം ചെയ്ത് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സംസ്ഥാന വനം-വന്യജീവി വകുപ്പ് മണ്ണാര്‍ക്കാട് വന വികസന ഏജന്‍സിയുടെ കീഴിൽ അട്ടപ്പാടി-മുക്കാലിയിലാണ് തേൻ സംസ്‌കരണ കേന്ദ്രം ആരംഭിച്ചത്. ആദിവാസി വനം സംരക്ഷണ സമിതി വഴി ശേഖരിക്കുന്ന തേന്‍ ഉയര്‍ന്ന വില നല്‍കി വാങ്ങി സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി വനശ്രീ ഇക്കോ ഷോപ്പുകള്‍ മുഖേന വില്‍പ്പന നടത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

7. തിരുവനന്തപുരം ജില്ലയിലെ കളത്തുകാൽ ഗവ. എൽപി സ്കൂളിൽ മില്ലറ്റ് പാടമൊരുക്കി കുരുന്നുകൾ. മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വിദ്യാർഥികൾ വിവിധ ചെറുധാന്യങ്ങളുടെ വിത്തുകൾ നട്ടു. വിത്ത് നടീൽ ഉത്സവം അരുവിക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി R കല ഉദ്ഘാടനം ചെയ്തു. മാണിച്ചോളം, റാഗി, ചാമ, പനിവരഗ്, ബജ്റ, തിന തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. കൂടാതെ മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി ചെറുധാന്യങ്ങളുടെ പ്രദർശനം, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്.

8. കേരളത്തിലെ കർഷകർക്ക് പ്രതീക്ഷ നൽകി കാപ്പി വില ഉയരുന്നു. ഉൽപാദനം കുറഞ്ഞതാണ് വില വർധനവിന്റെ പ്രധാന കാരണം. വില വർധിച്ചതോടെ കൂടുതൽ കർഷകരും മറ്റ് കൃഷികളേക്കാൾ കാപ്പി കൃഷിയ്ക്കാണ് പ്രാധാന്യം നൽകുന്നത്. നിലവിൽ കാപ്പിപ്പരിപ്പ് ക്വിന്‍റലിന് 20,000ത്തിനും 26,000ത്തിനും ഇടയിലും, ഉണ്ടക്കാപ്പി ക്വിന്‍റലിന് 11,800 രൂപയുമാണ് വില. ബ്രസീൽ, കൊളംബിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് കാപ്പി ഉൽപാദനം ഗണ്യമായി കുറഞ്ഞത്.

9. കേരളത്തിൽ കനത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. അഞ്ച് ദിവസത്തേക്ക് സമാനരീതിയിൽ ചൂട് തുടരുമെന്നും രാവിലെ 11 മണി മുതൽ 3 വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കൂടുതൽ ദിവസം ചൂട് തുടർന്നാൽ ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

English Summary: Gas cylinder supply free in Kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds