വ്യാപാരി വ്യവസായികളുടെയും വ്യക്തിഗത ആവശ്യക്കാരുടെയും സാമ്പത്തിക അഭിലാഷങ്ങളെ ലളിതവും അനായാസമായും അതിവേഗത്തിൽ സഫലീകരിക്കുവാനുള്ള ഓൺലൈൻ വിപണിയിടമാണ് www.psbloansin59minutes.com എന്ന വെബ്സൈറ്റ്. ഇതുവരെയുള്ള എല്ലാ അളവുകോലുകളെയും പൊളിച്ചെഴുതിക്കൊണ്ട്, അൻപത്തൊൻപത് മിനുട്ട് സമയത്തിനുള്ളിൽ വായ്പയ്ക്ക് തത്വത്തിലുള്ള അനുവാദം നൽകുന്ന വിപ്ലവകരമായ മാറ്റമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
താത്വിക അംഗീകാരത്തിന് ശേഷം ഒരാഴ്ച സമയം കൊണ്ട് അപേക്ഷകന് വായ്പത്തുക ലഭിക്കണമെന്നാണ് നിർദ്ദേശം.
പിഎൻബി (പബ്ലിക് സെക്ടർ ബാങ്ക്) ലോൺ എന്നാണ് വെബ്സൈറ്റിന് പേരെങ്കിലും പൊതുമേഖലാ ബാങ്കുകൾക്ക് പുറമേ, സ്വകാര്യ ബാങ്കുകളും ബാങ്കിങ്-ഇതര ധനകാര്യസ്ഥാപനങ്ങളും ഇപ്പോൾ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ദീർഘകാല വായ്പകളും പ്രവർത്തനമൂലധന വായ്പകളും അടക്കം ഒരു ലക്ഷം രൂപ മുതൽ അഞ്ച് കോടി രൂപ വരെയാണ് വായ്പത്തുക. എന്നാൽ പ്രധാന മന്ത്രി മുദ്രയോജന പ്രകാരമുള്ള വായ്പകൾ പതിനായിരം രൂപ മുതലുള്ളവ (മുദ്ര വായ്ക്കകൾ പത്ത് ലക്ഷം രൂപവരെയാണ്) പ്ലാറ്റ്ഫോമിലൂടെ അനുവദിച്ച് കിട്ടും. വ്യക്തിഗത വായ്പകൾ ഇരുപത് ലക്ഷം വരെ ലഭിക്കും.
ഭവനവായ്പകൾ പത്ത് കോടി വരെയും വാഹനവായ്പകൾ ഒരു കോടി വരെയുമാണ് അനുവദിക്കുക.
അപേക്ഷകൻ ഓൺലൈൻ ആയി നൽകുന്ന വിവരങ്ങളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിശകലനം ചെയ്ത് വ്യവഛേദിച്ചെടുത്ത് അപേക്ഷയിൽ തീരുമാനമെടുക്കുന്ന സോഫ്റ്റ്വെയർ തന്നെ, വായ്പ അനുവദിക്കുകയാണെങ്കിൽ, അനുവദനീയമായ വായ്പത്തുകയും കണക്കുകൂട്ടിയെടുക്കുന്നു.
അപേക്ഷകന്റെ ബാങ്ക് എക്കൗണ്ട് സ്റ്റേറ്റ്മെന്റ്, വരുമാന നികുതി റിട്ടേൺ, ജിഎസ്ടി റിട്ടേൺ, സിബിൽ പോലുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ എന്നിവയിൽ നിന്ന് ബിസിനസ്സ് സംബന്ധിച്ച ആവശ്യമായ വിവരങ്ങൾ വെബ് പോർട്ടൽ സ്വയം സമാഹരിക്കുന്നു. ആയതിനാൽ, ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ, ആയാസരഹിതമായി വായ്പയ്ക്ക് ഇൻ-പിൻൾ സാംഗ്ഷൻ നേടിയെടുക്കുവാൻ ഈ വെബ് പോർട്ടൽ മുഖേന സാധിക്കുന്നു.
സിജിടിഎംഎസ്ഇയുമായി 59മിനുട്ട് വായ്പാസംവിധാനം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കൊളാറ്ററൽ-രഹിത വായ്പ ലഭിക്കുവാൻ പോലും ഈ വെബ് പോർട്ടൽ സഹായകമാവുന്നു.
വെബ്സൈറ്റിൽ പ്രവേശിച്ച്, ലോഗിൻപേജിൽ
ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി) നടത്തുന്ന https://www.psbloansin59minutes.com എന്ന വെബ്സൈറ്റിൽ പ്രവേശിച്ച്, ലോഗിൻപേജിൽ പേര് (പൂർണ്ണ ഔദ്യോഗിക രൂപം ), ഇമെയിൽ ഐഡി, മൊബീൽ നമ്പർ എന്നിവ നൽകുക. മൊബീലിൽ വരുന്ന ഒടിപി നിർദ്ദിഷ്ട കോളത്തിൽ നൽകിയ ശേഷം പദ്ധതിയുടെ നിബന്ധനകൾ അനുസരിക്കുമെന്ന് ടിബോക്സ് ക്ലിക്ക് ടിക്ക് ചെയ്ത ശേഷം മുന്നോട്ട് പോവുക. അടുത്ത പേജിൽ ഒരു പാസ്സ്വേർഡ് സെറ്റ് ചെയ്തെടുക്കണം. ഈ പാസ്സ്വേർഡ് ഓർമ്മിച്ച് വയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. പിന്നീട് സൈറ്റിൽ ലോഗിൻ ചെയ്യുമ്പോഴെല്ലാം ഇത് വേണം.
തുടരുക. അടുത്ത പേജിലേക്ക് പ്രവേശിച്ചാൽ തുടർന്ന് അപേക്ഷകന്റെ ഇമെയിലിൽ ഒരു മെയിൽ വരുന്നു. ആ വിവരം പേജിന്റെ മുകളിലായി കാണാം. അതിൽ വലത് വശത്ത് "Verify Now"എന്നുള്ളിടത്ത് ക്ലിക്ക് ചെയ്യുക. ആറ് കള്ളികൾ പ്രത്യക്ഷപ്പെടുന്നു. അത് അപേക്ഷകൻ നൽകിയ ഇമെയിലിൽ വരുന്ന ആറക്ക ഒടിപി നൽകുവാനുള്ളതാണ്. അതോടെ നമ്മുടെ രജിസ്ട്രേഷൻപ്രക്രിയ പൂർണ്ണമായി. സ്ക്രീനിൽ വലത്
വശത്ത് മുകളിൽ അപേക്ഷകന്റെ പേര് കാണാം. ഇടത് വശത്ത് മാർജിനിൽ"പ്രൊഫൈൽ', "ലോൺസ്', "ബ്യൂറോ റിപ്പോർട്ട്' എന്നിങ്ങനെ മൂന്ന് ലിങ്കുകളും പ്രത്യക്ഷപ്പെടും.
നമ്മൾ നൽകിയ വിവരങ്ങൾ കാണുവാനും മൊബീൽ നമ്പർ വേണമെങ്കിൽ മാറ്റുവാനുമുള്ളതാണ് പ്രൊഫൈൽ ലിങ്ക്. ലോൺസ് ലിങ്കിലാണ് വായ്പാ അപേക്ഷ നൽകുന്നത്. “ക്രിയേറ്റ് ന്യൂ' എന്ന ലിങ്കിലാണ് ആദ്യമായി അപേക്ഷിക്കുന്നയാൾ ക്ലിക്ക് ചെയ്യേണ്ടത്.
എംഎസ്എംഇ / മുദ്ര / വ്യക്തിഗത വായ്പ/ ഭവന വായ്പ / വാഹന വായ്പ എന്നിങ്ങനെ അഞ്ച് ഓപ്ഷനുകൾ കാണാം.
ഏത് വായ്പക്ക് ആണോ അപേക്ഷിക്കേണ്ടത്, അതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വിശദ വിവരങ്ങൾ നൽകണം. അപ്ലോഡ് ചെയ്യേണ്ട രേഖകൾ അപ്പപ്പോൾ അപ്ല്ലോഡ് ചെയ്ത് കൊടുക്കണം. വരുമാന നികുതി റിട്ടേൺ, ബാങ്ക് സ്റ്റേറ്റ് മെന്റ് (മൂന്ന് ബാങ്കിലെ വിവരങ്ങൾ വരെ നൽകാനാവും) പിഡി എഫ് ആയോ എക്സ്എംഎൽ ആയോ വേണം നൽകുവാൻ. ആയതിനാൽ, അപേക്ഷിക്കുന്നതിന് മുൻപ്, ഇവ അപ്ലോഡ് ചെയ്യുവാൻ പാകത്തിന് കൈവശം വേണം.
എംഎസ്എംഇ വായ്പ അപേക്ഷിക്കുന്ന വിധം വിവരിക്കാം.
ക്ലിക്ക് ചെയ്യുമ്പോൾ പാൻ നമ്പർ ചോദിക്കും. അത് നൽകിയാൽ (ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാത്തവർക്ക്) “നിങ്ങളുടെ ജിഎസ്ടി വിവരങ്ങൾ കാണുന്നില്ല' എന്ന മെസ്സേജ് ആണ് തെളിയുക. അതുകണ്ട് പരിഭ്രമിക്കണ്ട. വെബ്സൈറ്റ് തുടർന്നും മുന്നോട്ട് പോകുന്നുണ്ട്. ജിഎസ്ടി രജിസ്ട്രേഷൻ ഉള്ളവരുടെ ജിഎസ്സിടി വിവരങ്ങൾ താഴെ തെളിയും.
കഴിഞ്ഞ മൂന്ന് വർഷമായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുകയും മുൻപ് വായ്പകൾ ഉണ്ടായിരുന്നുവെങ്കിൽ അവ കൃത്യമായി അടയ്ക്കുകയും ചെയ്തവർക്കും എംഎസ്എംഇ
രജിസ്ട്രേഷൻ എടുക്കുകയും ചെയ്തവർക്കാണ് എംഎസ്എംഇ വായ്പാ അപേക്ഷയിൽ തുടർന്ന് പോകാനാവുക.
ഇവ 'ശരി' എന്ന് ടിക്ക് ചെയ്താൽ, ഒരു സത്യപ്രസ്താവന ചെക്ക്ബോക്സിൽ ടിക് ചെയ്ത് അംഗീകരിക്കണം. തുടർന്ന് വരുന്ന പേജിൽ ജിഎസ്ടി, വരുമാനനികുതി, ബാങ്ക് സ്റ്റേറ്റ് മെന്റ് സ്ഥാപനത്തിലെ താക്കോൽസ്ഥാനത്തുള്ളവരുടെ വിവരങ്ങൾ, ആവശ്യമായ വായ്പയുടെ വിവരങ്ങൾ എന്നിവ നൽകാനുള്ള ബട്ടൺ ഉപയോഗിച്ച്, അവ ഓരോന്നായി ക്ലിക് ചെയ്ത് തൽസംബന്ധമായ വിവരങ്ങൾ നൽകണം. പാൻ നമ്പറിൽ നിന്ന് ആ പാനിൽ ബന്ധിപ്പിച്ചിരിക്കുന്ന ജിഎസ്ടി നമ്പറുകൾ ട്രേസ് ചെയ്യുവാൻ വെബ് പോർട്ടലിന് കഴിയും.
ഒന്നിൽ കൂടുതൽ ജിഎസ്ടി രജിസ്ട്രേഷൻ ഉണ്ടെങ്കിൽ
ഒന്നിൽ കൂടുതൽ ജിഎസ്ടി രജിസ്ട്രേഷൻ ഉണ്ടെങ്കിൽ, അതിൽ നിന്ന് ബന്ധപ്പെട്ട ജിഎസ്ടിഐഎൻ തിരഞ്ഞെടുത്തത് കൊടുക്കണം. അപ്പോൾ ഒടിപി മുഖേന അത് വെരിഫൈ ചെയ്യുന്നു. ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാത്തവർക്ക്, അക്കാര്യം രേഖപ്പെടുത്തിയാൽ, വിറ്റുവരവ് തുടങ്ങിയ അവശ്യവിവരങ്ങൾ നൽകുവാനുള്ള സക്രീൻ ലഭ്യമാവും.
ഇനിയാണ് വരുമാന നികുതി റിട്ടേൺ അപ്ലോഡ് ചെയ്യേണ്ടത്. മുൻപ് പറഞ്ഞത് പോലെ, പിഡിഎഫ് അല്ലെങ്കിൽ എക്സ്എംഎൽ ഫോർമാറ്റിൽ വേണം ഇൻകം ടാക്സ് റിട്ടേൺ നൽകാൻ.
എക്സ്എംഎൽ ഫോർമാറ്റിൽ ടാക്സ് റിട്ടേൺ ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്നുള്ള വിവരങ്ങൾ "റീഡ് ഇൻക്ഷൻസ്' ബട്ടൺ അമർത്തിയാൽ ലഭ്യമാവും. ഇനി അപ്ല്ലോഡ് ചെയ്യേണ്ടത് ബാങ്ക് സ്റ്റേറ്റ്മെന്റ് ആണ്. മൂന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ "ആഡ് അനദർ എക്കൗണ്ട്' എന്ന ബട്ടൺ മുഖേന അവയും ചേർക്കാം. കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ആണ് പിഡിഎഫ് അല്ലെങ്കിൽ എക്സ് എംഎൽ ഫോർമാറ്റിൽ അപ്ലോഡ് ചെയ്യേണ്ടത്.
താക്കോൽ സ്ഥാനത്തിരിക്കുന്നവരുടെ വിവരങ്ങൾ നൽകുമ്പോൾ
അടുത്തതായി സ്ഥാപനത്തിന്റെ താക്കോൽ സ്ഥാനത്തിരിക്കുന്നവരുടെ പദവി, മുഴുവൻ പേര്, പിതാവിന്റെ പേര്, ജൻഡർ, ജനനത്തീയതി, മൊബൈൽ നമ്പർ, വാസപദവി, പാൻ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, സ്വത്ത് മൂല്യം, വിലാസം തുടങ്ങി എല്ലാ വിവരങ്ങളും ഓരോരുത്തരുടെയും വെവ്വേറെ നൽകണം. തുടർന്ന്, ഒരു "വൺ പേജ് ഫോറം' നൽകാനുണ്ട്. ആവശ്യമായ വായ്പയുടെ വിവരങ്ങൾ നൽകുമ്പോൾ തന്നെ, ഇപ്പോഴത്തെ ബാദ്ധ്യതകൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയിൽ നിന്ന് വെബ്സൈറ്റ് ചികഞെഞ്ഞെടുക്കുന്നു. ഇത്രയും ആയിക്കഴിഞ്ഞാൽ വായ്പയ്ക്ക് അപേക്ഷിക്കുവാനുള്ള ബട്ടൺ ക്ലിക്ക് ചെയ്യാം.
ആവശ്യമായ വായ്പ
ആവശ്യമായ വായ്പ ഏതെങ്കിലും ബാങ്കിന്റെ പദ്ധതികളുമായി പൊരുത്തപ്പെടുന്നതാണെങ്കിൽ ഒരു ഒടിപി ഇമെയിലിൽ വരും. അത് ബോക്സസുകളിൽ നൽകുക. ഇത് ഇമെയിൽ വെരിഫിക്കേഷൻ ആണ്. ഒടിപി ശരിയാണെങ്കിൽ ഏതെല്ലാം ബാങ്കുകളിൽ പദ്ധതിയ്ക്കനുരൂപമായ വായ്പ ലഭ്യമാണെന്ന് കാണാം. കാലാവധി, പലിശനിരക്ക്, പ്രോസസിങ് ചാർജ്ജ് നിരക്ക്, ഇഎംഐ എന്നിവയും ദൃശ്യമാകും.
ഇതിൽ നിന്ന് യോജിച്ച ബാങ്കും ശാഖയും തിരഞ്ഞെടുക്കാം. അതുകഴിഞ്ഞാൽ, ഒരു അഭിനന്ദന സന്ദേശം തെളിയുന്നു: നിങ്ങളുടെ വായ്പക്ക് ഇൻ-പ്രിൻസിപ്പിൾ സാംഗ്ഷൻ ലഭിച്ചിരിക്കുന്നു.