തിരുവനന്തപുരം: പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്നും ജനങ്ങൾക്കു നൽകേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാതെ അവരെ ബുദ്ധിമുട്ടിക്കാമെന്നും കരുതുന്ന ആരോടും ഒരു ദാക്ഷിണ്യവും സർക്കാരിനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാർക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിനും അതുവഴി സർക്കാരിന്റെയും ജീവനക്കാരുടെയും അന്തസ് ഉയർത്തിപ്പിടിക്കുന്നതിന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ബോധവ്തകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേമ പദ്ധതികളിലും വികസന പദ്ധതികളിലും മാതൃകാപരമായ ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുമ്പോൾത്തന്നെ അതിൽ നിന്ന് എന്തെങ്കിലും ലാഭമുണ്ടാക്കാമെന്ന് ചിന്തിക്കുന്ന ചെറിയ വിഭാഗം സർക്കാർ ജീവനക്കാർക്കിടയിൽ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങൾ നടത്തുന്ന കളവ് ആരും അറിയില്ല എന്നാണ് അവർ കരുതുന്നത്. പുതിയ കാലത്ത്, ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ ഇടപെടലുകളുണ്ടായാൽ വേണ്ട നടപടി എടുക്കാനും ബുദ്ധിമുട്ടോ തടസമോ ഇല്ലെന്നത് അത്തരക്കാർ ഓർക്കണം. അവരെക്കുറിച്ചുള്ള വിശദമായ വിവരശേഖരണവും അന്വേഷണവും സർക്കാർ നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന 'ലീവ് നോ വൺ ബിഹൈൻഡ്' (ആരെയും വിട്ടുകളയരുത്) എന്ന ആപ്തവാക്യം ഒന്നര നൂറ്റാണ്ടുമുമ്പേ മുഴങ്ങിക്കേട്ട നാടാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നവോത്ഥാനത്തിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങൾക്കും സാമൂഹിക പുരോഗതിയുണ്ടാകണമെന്ന ആശയം കേരളത്തിൽ ഉയർന്നുവന്നിരുന്നു. സാമൂഹികമായ മുന്നേറ്റമാണ് നവോത്ഥാനം ലക്ഷ്യംവച്ചതെങ്കിൽ അതിന് സാമ്പത്തികമായ രൂപഘടന കൂടി നൽകി മുന്നോട്ടു കൊണ്ടുപോവുകയാണ് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചെയ്തത്. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതായി നിൽക്കുന്നതിന്റെ അടിസ്ഥാനം നാടിന്റെ ഈ പുരോഗമനപരമായ ചരിത്രമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പ്രതിപാദിക്കുന്നതുപോലെ കുറഞ്ഞ ശിശുമരണ നിരക്കും, കുറഞ്ഞ മാതൃമരണ നിരക്കും, മികച്ച സ്ത്രീ-പുരുഷ അനുപാതവും ഉയർന്ന സാക്ഷരതാ നിരക്കും, സാർവ്വത്രിക വിദ്യാഭ്യാസവും വിപുലമായ ജനകീയാരോഗ്യ സംവിധാനങ്ങളുമെല്ലാമുള്ള നാടാണ് കേരളം. എന്നാൽ ഇത്തരം നേട്ടങ്ങളിൽ തൃപ്തിയടഞ്ഞ് ഇനിയൊന്നും ആവശ്യമില്ല എന്ന നിലപാട് കൈക്കൊള്ളുകയല്ല വേണ്ടത്.
വ്യവസായവത്ക്കരണത്തിന്റെയും നൂതന ആശയങ്ങളുടെ പ്രോത്സാഹനത്തിന്റെയും മേഖലയിൽ മികച്ച ഇടപെടൽ ഇപ്പോൾ കേരളം നടത്തുകയാണ്. വ്യവസായവത്ക്കരണം എന്നാൽ വമ്പൻ വ്യവസായങ്ങൾ തുടങ്ങുകയും അവയിൽ കുറച്ചു പേർക്ക് ജോലി നൽകുകയും ചെയ്യുക മാത്രമല്ല, വൻകിട വ്യവസായങ്ങളോടൊപ്പം തന്നെ ചെറുകിട - ഇടത്തരം വ്യവസായങ്ങളും പ്രാദേശിക സംരംഭങ്ങളും ആരംഭിച്ചുകൊണ്ട് സമഗ്രമായ വ്യാവസായിക മുന്നേറ്റം ഉറപ്പാക്കൽ കൂടിയാണ്. ഈ സാമ്പത്തിക വർഷം ഒരു വർഷംകൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ തുടങ്ങാനാണ് നമ്മൾ ലക്ഷ്യംവച്ചിരുന്നതെങ്കിൽ അത് 1,33,000ൽ എത്തിക്കാൻ നമുക്കായി. 11 മാസംകൊണ്ടു കൈവരിച്ച നേട്ടമാണ്. ഇനിയുള്ള ഒരു മാസംകൂടി ഇതേ വേഗതയിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ ലക്ഷ്യംവച്ചതിനേക്കാൾ മുന്നിലെത്താൻ കഴിയും. അതിനുതകുന്ന ഇടപെടലുകൾ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാവണം.
സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് ബോധവത്ക്കരണം നൽകുന്നതോടൊപ്പം സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട അനുമതി താമസംകൂടാതെ തന്നെ ലഭ്യമാക്കുകയും വേണം. നൂതനാശയങ്ങൾ ഉത്പന്നങ്ങളാക്കി മാറ്റാൻ കഴിയണം. അത് ലക്ഷ്യംവച്ചാണ് സ്റ്റാർട്ടപ്പ് പ്രോത്സാഹന നയം സംസ്ഥാന സർക്കാർ രൂപീകരിച്ചത്. ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് അഫോർഡബിൾ ടാലന്റിൽ ഏഷ്യയിൽ ഒന്നാമത്തെയും ലോകത്ത് നാലാമത്തെയും സ്ഥലമാണ് കേരളം. തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഹബ്ബ് കേരളത്തിലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനവും കേരളമാണ്. ഇതിനെയെല്ലാം ഉപയോഗപ്പെടുത്തി കൂടുതൽ മുന്നേറാൻ നമുക്ക് കഴിയേണ്ടതുണ്ട്.
സംരംഭങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പംതന്നെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടണം. 2026 ഓടെ 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിൽത്തന്നെ 20 ലക്ഷം തൊഴിലവസരങ്ങൾ നൂതന വ്യവസായങ്ങളുടെ രംഗത്താണ് സൃഷ്ടിക്കപ്പെടുക. ഇതിനായുള്ള പ്രവർത്തനങ്ങൾ കെ-ഡിസ്‌കിന്റെ നേതൃത്വത്തിലുള്ള നോളജ് ഇക്കോണമി മിഷനിലൂടെ ആവിഷ്‌ക്കരിച്ചു വരികയാണ്. ബാക്കിയുള്ളവ പ്രാദേശിക സർക്കാരുകളിലൂടെയും കാർഷിക - സഹകരണ മേഖലകളിലൂടെയുമാണ് ഒരുക്കേണ്ടത്.
അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനവും നഗരങ്ങളിൽ പാർക്കുന്നവരായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യക്തമായ നഗരാസൂത്രണ നയങ്ങൾ കൈക്കൊണ്ടുതന്നെ മുന്നോട്ടുപോകണം. നമ്മുടെ നഗരങ്ങൾ സുസ്ഥിര നഗരങ്ങൾ ആയിരിക്കണം. ഇതിന്റെ ഭാഗമായാണ് ഒരു നവകേരള നഗരനയം സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഇതിനുവേണ്ടി അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി കമ്മീഷൻ രൂപീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കായുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിൽ അന്താരാഷ്ട്ര കൺസൾട്ടന്റിന്റെ സഹായം തേടും. നഗരവികസവുമായി ബന്ധപ്പെട്ട നഗര പുനരുജ്ജീവനവും സൗന്ദര്യവത്ക്കരണവും നടത്തുന്നതിനുള്ള പ്രാഥമിക ചിലവായി 300 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ ആദ്യ ഗഡുവായ 100 കോടി രൂപ കിഫ്ബി മുഖേന അനുവദിക്കും.
വലിയതോതിലുള്ള നഗരവത്ക്കരണം ഉണ്ടാകുമ്പോൾ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് മാലിന്യനിർമ്മാർജ്ജനം. അതിനായി സർക്കാർ തലത്തിലെ ഇടപെടലുകൾക്കൊപ്പം ജനങ്ങൾക്കിടയിൽ ബോധവത്ക്കരണവുമുണ്ടാകണം. സ്ത്രീ മുന്നേറ്റങ്ങൾക്കും സ്ത്രീകളുടെ അവകാശസമര പോരാട്ടങ്ങൾക്കും നൂറ്റാണ്ടുകൾക്കു മുമ്പേ വേദിയായ നാടാണ് കേരളം. എങ്കിലും അന്ന് കൈവരിച്ച നേട്ടങ്ങളിൽ ഊന്നിനിന്നുകൊണ്ട് പുതിയ കാലഘട്ടത്തിനനുയോജ്യമായ വിധം സ്ത്രീസമത്വം ആർജ്ജിക്കാൻ കഴിഞ്ഞോ എന്നത് നമ്മൾ സ്വയം വിമർശനപരമായി പരിശോധിക്കേണ്ട വിഷയമാണ്. ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും സ്ത്രീകളാണ് പുരുഷന്മാരെക്കാൾ കൂടുതൽ. എന്നാൽ തൊഴിൽമേഖലയിലേക്ക് എത്തുമ്പോൾ സ്ത്രീകൾ പിന്നാക്കം പോകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് അഭികാമ്യമല്ല. സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങിക്കൂടേണ്ടവരാണെന്നും സമൂഹ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ കെൽപ്പില്ലാത്തവരാണെന്നുമുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടാകണം. അതിനായാണ് പാഠപുസ്തകങ്ങളെയടക്കം ജൻഡർ ഓഡിറ്റിംഗിന് വിധേയമാക്കാനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനുമെല്ലാം ഉതകുന്ന ഇടപെടലുകൾ സർക്കാർ നടത്തിവരുന്നത്. അതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ കൂടുതൽ മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നമ്മുടെ സമാധാനപൂർണമായ അന്തരീക്ഷം സംരക്ഷിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമാണ്. സാമ്പത്തികമായും സാമൂഹികമായും എത്രയൊക്കെ ഉന്നതിയിലെത്തിയാലും സമൂഹത്തിലുണ്ടാകുന്ന സംഘർഷങ്ങൾ, കലാപങ്ങൾ എന്നിവ പുരോഗതിയെ പിന്നോട്ടടിക്കുക തന്നെ ചെയ്യും. അത്തരമൊരു സാഹചര്യമുണ്ടാകാതിരിക്കാൻ ഭേദചിന്തകൾക്ക് അതീതമായി ചിന്തിക്കുന്ന ഒരു സമൂഹം ഇവിടെ നിലനിൽക്കേണ്ടതുണ്ട്. ഔദ്യോഗിക തലത്തിലെ കൃത്യനിർവ്വഹണത്തിനൊപ്പം അത്തരമൊരു സമൂഹം ഇവിടെ തുടരുന്നു എന്ന് ഉറപ്പുവരുത്താനുള്ള സാമൂഹിക ഉത്തരവാദിത്തം കൂടി സർക്കാർ ജീവനക്കാർ ഏറ്റെടുക്കണം.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്ന വിവിധ ക്ഷേമപദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നുണ്ട്. 63 ലക്ഷം ആളുകൾക്ക് സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭ്യമാക്കുന്നു, 43 ലക്ഷം കുടുംബങ്ങൾക്ക് കാരുണ്യ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഫലങ്ങൾ ലഭ്യമാക്കുന്നു. മൂന്നേകാൽ ലക്ഷത്തോളം വീടുകളാണ് ലൈഫ് മിഷനിലൂടെ പണികഴിപ്പിച്ചു നൽകിയത്. 2,31,000ൽ അധികം പട്ടയങ്ങൾ ഇതിനോടകം ലഭ്യമാക്കി കഴിഞ്ഞു. ഇതിനെല്ലാം പുറമെയാണ് വികസന - ക്ഷേമ പദ്ധതികൾക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെ പല ഘട്ടങ്ങളിലായി നൂറുദിന കർമ്മപരിപാടികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈനായി നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അധ്യക്ഷത വഹിച്ചു. സംസ്ഥാന പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ഡയറക്ടർ ജി. പ്രിയങ്ക എന്നിവരും പങ്കെടുത്തു.