ഹരിപ്പാട്: സർക്കാർ നടപ്പിലാക്കുന്ന ഭക്ഷ്യസുഭിക്ഷ പദ്ധതിയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള വിവിധ ദേവസ്വങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാമ്പ് ഷെഡുകളിലും മറ്റും തരിശായി കിടക്കുന്ന ഭൂമികൾ ഹരിതാഭമാക്കാനുള്ള ദേവഹരിതം പദ്ധതിക്ക് മികച്ച പ്രതികരണം. കഴിഞ്ഞ മാസം ആരംഭിച്ച പദ്ധതിയിൽ സംസ്ഥാനത്തെ നൂറ് കണക്കിന് ക്ഷേത്രങ്ങളിലാണ് ഇതിനകം പങ്കാളികളായത്.
മാരാരിക്കുളം വലിയ കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ മാസം 17ന് ദേവസ്വം ബോർഡ് അംഗം അഡ്വ: കെ.എസ് രവി പൂട്ടിയൊരുക്കിയ ദേവസ്വം ഭൂമിയിൽ വിത്ത് വിതച്ച് ഉദ്ഘാടനം നിർവഹിച്ചത്. അതിന് ശേഷം ആലപ്പുഴ ജില്ലയിൽ തരിശ് സ്ഥലമുള്ള വിവിധ ക്ഷേത്രങ്ങളിലും വൈക്കം മഹാദേവക്ഷേത്രമടക്കമുള്ള വലിയ ക്ഷേത്രങ്ങളിലും പദ്ദതി നടപ്പിലാക്കിക്കഴിഞ്ഞു
മെയ് 13ന് ബോർഡ് ആസ്ഥാനത്ത് പ്രധാനമന്ത്രിയുടെ മുൻ സെക്രട്ടറി ടി.കെ.എ നായരുടെയും സംസ്ഥാന ഹരിത മിഷൻ മിഷൻ പ്രതിനിധികളുടെയും ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിൽ ചേർന്ന യോഗമാണ് പദ്ധതിക്ക് അന്തിമരൂപം നൽകിയത്. വിവിധ ക്ഷേത്രങ്ങളിലെ ഭൂമികളിൽ കൃഷിയിറക്കുന്നതിനു വേണ്ടിയുള്ള നിലമൊരുക്കൽ
ക്ഷേത്ര ഉപദേശക സമിതികളുടെ സഹകരണത്തോടെയാണ് നടത്തിയത്. കരനെൽക്കൃഷി,പച്ചക്കറികൾ,പുഷ്പ സസ്യങ്ങൾ,വാഴ,ചേന,കിഴങ്ങു വർഗങ്ങൾ,തെങ്ങ്,കമുക്,തീറ്റപ്പുല്ല്, ഔഷധ സസ്യങ്ങൾ,ക്ഷേത്രക്കുളത്തിൽ താമര എന്നിവ അതാതു പ്രദേശങ്ങളുടെ പ്രത്യേകതക്കനുസരിച്ചാണ് കൃഷി ചെയ്യുന്നത്.
ഇവ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ തേക്കിൻ തൈകളും മറ്റു ഫല വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നു.നെൽക്കൃഷിക്ക് 90 ദിവസം കൊണ്ട് വിളവെടുക്കാവുന്ന സങ്കരയിനം നെൽവിത്തായ മണിരത്നയാണ് നിർദ്ദേശിച്ചിരിക്കുന്നത്.ക്ഷേത്ര ചടങ്ങായ നിറപുത്തരിക്കും നിവേദ്യങ്ങൾക്കും ആവശ്യമായ നെല്ല് സമാഹരിക്കുകയാണ് ഉദ്ദേശ്യം.എല്ലാ കൃഷികളും പൂർണ്ണമായും ജൈവ രീതിയിലായിരിക്കും നടപ്പാക്കുന്നത്.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ,കൃഷി,വനം,ഹരിത മിഷൻ,ക്ഷേത്ര ഉപദേശക സമിതി,വിദ്യഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകർ,പിറ്റിഎ ,എൻ.എസ്.എസ് വൊളൻ്റിയർമാർ,എൻസിസി കെഡറ്റ്സ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ക്ഷേത്ര സങ്കേതങ്ങളിൽ തെഴിലുറപ്പു തൊഴിലാളികളും ഉപദേശക സമിതിയും ക്ഷേത്ര ജീവനക്കാരും ചേർന്നാണ് കൃഷി പരിപാലനം.പദ്ധതി നടപ്പിലാക്കാൻ കഴിയാതെ വരുന്ന പ്രദേശങ്ങളിൽ സംഘടനകൾക്കോ വ്യക്തികൾക്കോ മൂന്നുവർഷക്കാലത്തേക്ക് പാട്ടവ്യവസ്ഥയിൽ ലേലം നടത്തി ഏറ്റവും കൂടുതൽ തുക പാട്ടം നൽകുവാൻ തയ്യാറാകുന്നവർക്ക് കർശന ഉപാധികളോടെ സ്ഥലം വിട്ടു നൽകുവാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ആകെ 3000 ഏക്കർ ഭൂമിയിൽ പദ്ധതി വഴി കൃഷി ചെയ്യുന്നതിനാണ് ദേവസ്വം ബോർഡ് പദ്ധതിയിട്ടിട്ടുള്ളത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തേനീച്ച കൃഷിക്ക് കോൾ സെൻറർ