സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ആദ്യമായി നടത്തുന്ന ഹാക്കത്തണിന് തൃശ്ശൂരിലെ വൈഗ മേളയുടെ ഭാഗമായി തുടക്കം. വിദ്യാർഥികൾക്ക് പുറമേ സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, കർഷകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു നടത്തുന്ന ഹാക്കത്തോൺ മത്സരമാണ് ‘വൈഗ അഗ്രി ഹാക്ക് 2021’.
തൃശ്ശൂർ സെയ്‌ന്റ് തോമസ് കോളേജ് അങ്കണത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വൃക്ഷത്തൈയ്ക്ക് വെള്ളമൊഴിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി.
240 പേർ 60 ടീമുകളായാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുക. വൈഗയുടെ അവസാനദിനമായ ഫെബ്രുവരി 14-ന് സമ്മാനദാനം നിർവഹിക്കും. ചടങ്ങിൽ സെയ്‌ന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ മാർ ടോണി നീലങ്കാവിൽ, പ്രിൻസിപ്പൽ ഡോ. ജോയ് കെ.എൻ., കൃഷി ഡയറക്ടർ ഡോ. കെ. വാസുകി, വൈഗ അഗ്രി ഹാക്ക് ഓർഗനൈസിങ് സെക്രട്ടറി ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദ്, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ കെ. രാധാകൃഷ്ണൻ, കാംകോ എം.ഡി. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.