വീടില്ലാത്തവർക്ക് ആശ്വാസമേകി കേന്ദ്ര ബജറ്റ്. ഭവന വായ്പയില്‍ ഇതുവരെ ലഭ്യമായ 1.5 ലക്ഷം രൂപയുടെ പലിശ ഇളവ് ഈ വര്‍ഷവും തുടരുമെന്ന് കേന്ദ്ര ധനമനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പറഞ്ഞു.
ചെലവ് കുറഞ്ഞ വീടുകൾക്കായുള്ള (affordable house) ഭവന വായ്പയ്ക്കാണ് ഈ ഇളവ് ബാധകമാകുക. 45 ലക്ഷം രൂപവരെയുള്ള ഭവന വായ്പ ആദ്യമായി എടുക്കുന്നവര്‍ക്കാണ് 1.5 ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ആദായനികുതി ഇളവ് ലഭിക്കുന്നത്.
ഇതിന്റെ ആനുകൂല്യം 2022 മാര്‍ച്ച് 31 വരെ നീട്ടിയതായി ധനമന്ത്രി അറിയിച്ചു. ആദായനികുതി നിയമത്തിലെ Section 80 EEA പ്രകാരം രണ്ട് ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ലഭിക്കുന്ന ഇളവിന് പുറമെയാണിത്.
ഇതുപ്രകാരം വായ്പ എടുത്തവർക്ക് ഭവന വായ്പയുടെ പലിശയിന്മേല്‍ 3.5 ലക്ഷം രൂപയുടെ പരമാവധി ഇളവ് ലഭിക്കും. റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ, ഭവന വായ്പ മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനമാണ് ധനമന്ത്രി ഇത്തവണത്തെ ബജറ്റിൽ നടത്തിയത്.