1. News

കുരുന്നുകൾക്ക് പുതു ജീവനേകി കേരള സർക്കാറിൻ്റെ ഹൃദ്യം പദ്ധതി

ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം ഇതുവരെ 873 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ പൂർത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ വർഷം 1380 പേർക്കു പദ്ധതിയിലൂടെ സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തി.

Saranya Sasidharan
Kerala Government's Hrdiyam scheme to give new life to children
Kerala Government's Hrdiyam scheme to give new life to children

ആരോഗ്യ മേഖലയിൽ ഓരോ പദ്ധതികളുമായി കേരളം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡും കരസ്ഥമാക്കി. അത്തരത്തിൽ ആരോഗ്യ മേഖലയിലുള്ള പദ്ധതിയാണ് ഹൃദ്യം പദ്ധതി. സങ്കീർണമായ ഹൃദ്രോഗങ്ങളുമായി പിറന്നുവീണ നിരവധി കുഞ്ഞുങ്ങൾക്കു സൗജന്യ ചികിത്സ ഒരുക്കുന്ന പദ്ധതിയാണിത്.

ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം ഇതുവരെ 873 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ പൂർത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ വർഷം 1380 പേർക്കു പദ്ധതിയിലൂടെ സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തി.

പ്രതിവർഷം 2000 കുട്ടികൾ സങ്കീർണമായ ഹൃദ്യോഗങ്ങളുമായി സംസ്ഥാനത്തു ജനിക്കുന്നതായാണ് കണക്ക്. നിലവിൽ എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് അഞ്ച് ലക്ഷം രൂപയോളമാണു ചെലവ്. ഹൃദ്യം പദ്ധതിയിലൂടെ ഈ ചികിത്സ സൗജന്യമായി ലഭിക്കും. 3119 കേസുകളാണ് ഈ വർഷം ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും വിദഗ്ധരായ ഡോക്ടർമാർ പ്രത്യേകം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.

ശസ്ത്രക്രിയയ്ക്കു പുറമേ കുട്ടികൾക്കു യഥാസമയം ചികിത്സ ലഭ്യമാക്കാനും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നിരീക്ഷണം ഏകീകരിക്കാനുമായി ഹൃദ്യം സോഫ്റ്റ് വെയറും തയാറാക്കിയിട്ടുണ്ട്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണു സൗജന്യ ചികിത്സ ലഭിക്കുന്നത്.

എങ്ങനെ ഇത് ചെയ്യണം

കുട്ടിക്ക് ഹൃദയ സംബന്ധമായ രോഗം നിർണയിച്ചു കഴിഞ്ഞാൽ രക്ഷിതാക്കൾ https://hridyam.kerala.gov.in/ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പരാണ് കുട്ടിയുടെ കേസ് നമ്പറും. കേസുകൾ ഓൺലൈനിലൂടെ പഠിക്കാനായി കേരളത്തിലുടനീളമുള്ള പീഡിയാട്രിക് കാർഡിയോളജിസ്റ്റുകള നിയോഗിച്ചിട്ടുണ്ട്. ഇവരാണ് രോഗത്തിന്റെ തീവ്രതയനുസരിച്ച് കുട്ടിയുടെ ശസ്ത്രക്രിയ തീയതി തീരുമാനിക്കുക.

രജിസ്റ്റർ ചെയ്തവരിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവഹാനി സംഭവിക്കാനിടയുള്ള കുട്ടികളെ വളരെ വേഗം ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും. ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കോട്ടയം ഗവൺമെന്റ് മെഡിക്കൽകോളേജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി പ്രകാരമുള്ള ചികിത്സ സൗകര്യമുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: കുതിച്ചുയർന്ന് പച്ചക്കറി വില: ആഴ്ച്ചകൾക്കിടയിൽ കൂടിയത് 25 രൂപ വരെ

സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യദൗത്യത്തിന്റെ രാഷ്ട്രീയ ബാൽ സ്വസ്ഥ്യകാര്യക്രമുമാണ് ഇതിനുള്ള ഫണ്ട് നൽകുന്നത്. യൂനിസെഫും ബോസ്റ്റണിലെ ചിൽഡ്രൻസ് ഹാർട്ട്‌ലിങ്കും പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നൽകുന്നുണ്ട്.
2017ലാണു പദ്ധതിക്കു തുടക്കം കുറിച്ചത്. രാജ്യത്ത് ആദ്യമായാണ് വെബ് രജിസ്‌ട്രേഷൻ ഉപയോഗിച്ച് സൗജന്യ ഹൃദയശസ്ത്രക്രിയ സംവിധാനം നടത്തുന്നതെന്ന പ്രത്യേകതയും ഹൃദ്യം പദ്ധതിക്കുണ്ട്. ദേശീയ തലത്തിൽ തന്നെ കേരളത്തെ ശ്രദ്ധേയമാക്കിയ പദ്ധതിയാണിത്. കൂടുതൽ വിവരങ്ങൾക്ക് ദിശ 1056/0471 2552056 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ദേശീയ പുരസ്കാര നിറവിൽ കേരളം: സൗജന്യ ചികിത്സയിൽ ഒന്നാമത്

English Summary: Kerala Government's Hrdiyam scheme to give new life to children

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters