തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി പത്തനംതിട്ട ജില്ലയിലെ തൊഴില്‍ വകുപ്പ് മുന്നേറുന്നു. തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് ജില്ലാ ലേബര്‍ ഓഫീസറുടെ ചുമതല നിര്‍വഹിക്കുന്ന എസ്.സുരാജ് പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: "കൃഷിയും കാലാവസ്ഥ വ്യതിയാനവും" ശില്പശാല; ഇളമാട് ക്ഷീര ഉൽപാദക സഹകരണ സംഘം ഉദ്‌ഘാടനം
മരംകയറ്റ തൊഴിലാളികൾക്കും മറ്റ് അസംഘടിത തൊഴിലാളികൾക്കുമായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ തൊഴില്‍ വകുപ്പ് ജില്ലയില്‍ നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അറിയാം.
1. കേരള മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി
കേരള മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം ജോലിക്കിടയില്‍ അപകടത്തില്‍ പെട്ട് മരം കയറാന്‍ കഴിയാത്ത വിധം വൈകല്യം സംഭവിച്ച തൊഴിലാളിക്ക് 50,000 രൂപയും, തൊഴിലാളി ഇപ്രകാരം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി പ്രകാരം ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 4,50,000 രൂപയുടെ ധനസഹായം നല്‍കാന്‍ കഴിഞ്ഞു. 8 പേര്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചു.
2. കേരള മരംകയറ്റ തൊഴിലാളി അവശത പെന്‍ഷന്‍ പദ്ധതി
കേരള മരംകയറ്റ തൊഴിലാളി അവശത ക്ഷേമപദ്ധതി ധനസഹായം കൈപ്പറ്റിയിട്ടുള്ള അവശത അനുഭവിക്കുന്ന മരംകയറ്റ തൊഴിലാളി/ തൊഴിലാളിയുടെ ആശ്രിതരായ ഭാര്യ/മാതാവ് എന്നിവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 12,03,400 രൂപയുടെ ആനുകൂല്യം തൊഴിലാളികള്‍ക്ക് നല്‍കി. നിലവില്‍ 35 പേര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്കുള്ള ദുരിതാശ്വാസ പദ്ധതി
അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ജോലിക്കിടയിലുണ്ടാകുന്ന സ്ഥിരവും പൂര്‍ണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാന്‍സര്‍, ട്യൂമര്‍, ക്ഷയം, വൃക്ക സംബന്ധമായ രോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ഒറ്റത്തവണ ധനസഹായം (2000 രൂപ) നല്‍കുന്നതാണ് ഈ പദ്ധതി.
3. ആവാസ്
കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് കേരളസര്‍ക്കാര്‍ 'ആവാസ്' എന്ന പേരില്‍ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി 2017 മുതല്‍ നടപ്പാക്കി വരുന്നു. 18 വയസിനും 60 വയസിനുമിടയില്‍ പ്രായമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അംഗത്വം നല്‍കുന്നു. ഇതിന് 25,000 രൂപയുടെ ചികിത്സാസഹായവും അപകട മരണം സംഭവിച്ചാല്‍ 2,00,000 രൂപ ആശ്രിതര്‍ക്ക് ഇന്‍ഷ്വറന്‍സ് സഹായവും ലഭ്യമാക്കുന്നു.
4. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ്
ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമപ്രകാരം തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 2,75,000 രൂപ വിനിയോഗിച്ച് 13 മെഡിക്കല്‍ ക്യാമ്പുകളും 27 ബോധവല്‍ക്കരണ ക്ലാസുകളും നടത്തി.
5. കേരള കുടിയേറ്റ തൊഴിലാളി ക്ഷേമനിധി
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ള പദ്ധതി പ്രകാരം സംസ്ഥാനത്തിനകത്ത് മരണപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെ ഭൗതിക ശരീരം സ്വദേശത്ത് എത്തിക്കുന്നതിനായി റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ 50,000 രൂപ വരെ തൊഴില്‍ വകുപ്പ് മുഖേന നല്‍കുന്നുണ്ട്. ഈ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആറു തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ധനസഹായം നല്‍കി.
6. തൊഴില്‍ തര്‍ക്കങ്ങള്‍
പത്തനംതിട്ട ജില്ലയില്‍ ഒരു വര്‍ഷ കാലയളവിനുള്ളില്‍ അന്‍പതു തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ബോണസ് സംബന്ധിച്ച് 14 ഫയലുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. ഈ ഓഫീസില്‍ പരിഹരിക്കപ്പെടാത്ത തൊഴില്‍ തര്‍ക്കങ്ങള്‍ ഉന്നതതല ഇടപെടലിനായും അഡ്ജുഡിക്കേഷന്‍ നല്‍കുന്നതിനായും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഗാര്‍ഹിക നിര്‍മാണ മേഖലയിലെ കയറ്റിറക്ക് കൂലി, ജില്ലയിലെ മരം മുറിച്ച് ലോഡ് ചെയ്യുന്ന മേഖലയിലെ കൂലി എന്നിവ ഏകീകരിച്ചിട്ടുണ്ട്.
7. നോക്കുകൂലി നിരോധിത ജില്ല
ചുമട്ടുതൊഴില്‍ മേഖലയില്‍ അമിതകൂലി ആവശ്യപ്പെടുക, ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുക എന്നീ പ്രവണതകള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് നോക്കുകൂലി നിരോധിത ജില്ലയായി പത്തനംതിട്ട ജില്ലയെ പ്രഖ്യാപിച്ചിട്ടുണ്ട്.
8. ഗ്രാറ്റുവിറ്റി
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു പിരിഞ്ഞുപോന്ന 50 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം സംബന്ധിച്ച കേസുകള്‍ ജില്ലാ ലേബര്‍ ഓഫീസില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലഭിച്ചു. നിലവില്‍ ഉണ്ടായിരുന്ന 40 പരാതികള്‍ തീര്‍പ്പാക്കി.