US ആസ്ഥാനമായുള്ള Fast food ശൃംഖലയായ KFC, ഇന്ത്യയിലെ ഔട്ട്‍ലെറ്റുകളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ പദ്ധതിയിടുന്നു.
അടുത്ത മൂന്ന്, നാല് വർഷത്തിനുള്ളിൽ ഇന്ത്യൻ ഔട്ട്‍ലെറ്റുകളിലെ വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്ന് KFC അറിയിച്ചു. ജീവനക്കാരിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണിതെന്നും KFC ഇന്ത്യ മാനേജിങ് ഡയറക്ടർ സമീർ മേനോൻ പറഞ്ഞു.
മുഴുവൻ ജീവനക്കാരും വനിതകളായുള്ള രണ്ട് ഔട്ട്‍ലെറ്റുകളാണ് KFC ക്ക് ഇന്ത്യയിലുള്ളത്. പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലാണ് ആദ്യത്തെ വനിതാ KFC Restaurant തുറന്നത്. രണ്ടാമത്തേത് ഹൈദരാബാദിലും. ഇത് ലോകത്തിലെ 25,000-ാമത് KFC Restaurant ആണ്. 2024ഓടെ വനിതാ ജീവനക്കാരുടെ മൊത്തത്തിലുള്ള അനുപാതം 40%മായി ഉയർത്താനാണ് KFC ലക്ഷ്യമിടുന്നത്. KFCയുടെ സ്ത്രീ ശാക്തീകരണ പദ്ധതിയായ 'KFC ക്ഷമത' പ്രകാരമാണ് വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുക.
കൊവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 7-8%മായിരുന്നു സ്ത്രീ പുരുഷാനുപാതം ഇന്ന് 30%മായി ഉയർന്നിട്ടുണ്ട്. രാജ്യത്തുടനീളമുള്ള KFC റെസ്റ്റോറന്റുകളിൽ ഏകദേശം 2,500ഓളം വനിതാ ജീവനക്കാരുണ്ട്. അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ ഈ റെസ്റ്റോറന്റുകളിലെ വനിതാ ജീവനക്കാരുടെ എണ്ണം അയ്യായിരമോ അതിൽ കൂടുതലോ ഉയർത്തും. ജോലിസ്ഥലത്ത് കൂടുതൽ സ്ത്രീ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുമെന്നും സമീർ മേനോൻ കൂട്ടിച്ചേർത്തു.
കൂടാതെ 2024 ഓടെ ശ്രവണ, സംസാര വൈകല്യമുള്ളവരെ ഉൾപ്പെടുത്തിയുള്ള 'സ്‌പെഷ്യൽ കെഎഫ്‌സി' ബ്രാൻഡിന്റെ പ്രവർത്തനം വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കെഎഫ്‌സി ക്ഷമത പദ്ധതിപ്രകാരം മൂന്ന് വർഷത്തിനുള്ളിൽ 70 സ്‌പെഷ്യൽ കെഎഫ്‌സി ബ്രാൻഡ് ആരംഭിക്കും. നിലവിൽ 30 എണ്ണമാണുള്ളത്.
രാജ്യത്തുടനീളം 130ലധികം നഗരങ്ങളിൽ 480ലധികം KFC റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.