ലാബില്‍ നിര്‍മ്മിച്ച ഇറച്ചിയുടെ വില്പന അനുവദിച്ച് സിംഗപ്പൂര്‍. ഈറ്റ് ജസ്റ്റ് എന്ന യുഎസ് സ്റ്റാര്‍ട്ടപ്പ് കമ്പനിക്കാണ് കൃത്രിമമായി ലബോറട്ടറിയിൽ നിർമ്മിച്ച ഇറച്ചി വില്‍ക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. മൃഗങ്ങളെ കശാപ്പ് ചെയ്യാതെ ഏറ്റവും വൃത്തിയായ ഇറച്ചി വില്‍ക്കാന്‍ ലോകത്ത് ആദ്യമായാണ് അനുമതി ലഭിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.
നഗ്ഗറ്റുകള്‍ പോലെയാണ് കോഴി ഇറച്ചി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഈറ്റ് ജസ്റ്റ് പറഞ്ഞു. 50 യുഎസ് ഡോളറാണ് ഇതിന് വില, ഏകദേശം 3600 രൂപ. എന്നാല്‍ ഇപ്പോള്‍ വില കുറഞ്ഞിട്ടുണ്ടെന്നും സിംഗപ്പൂര്‍ റസ്റ്റോറന്റുകളില്‍ വിഭവം എത്തുമ്പോള്‍ സാധാരണ ഇറച്ചിയേക്കാള്‍ നേരിയ വില വർധനവ് മാത്രമേ ഉണ്ടാകൂ എന്നും ഈറ്റ് ജസ്റ്റ് സ്ഥാപകനും സിഇഒയുമായ ജോഷ് ടെട്രിക്ക് പറഞ്ഞു.
ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ മൂലം കൃത്രിമ ഇറച്ചിക്കായുള്ള ആവശ്യകത വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ മൃഗങ്ങളുടെ മാംസപേശിയിലെ കോശങ്ങളില്‍ നിന്ന് കള്‍ച്ചര്‍ ചെയ്ത് നിര്‍മ്മിക്കുന്ന കൃത്രിമ ഇറച്ചിയുടെ നിര്‍മാണ ചെലവ് ഈ ഘട്ടത്തില്‍ വളരെ കൂടുതലാണ്. ആഗോളതലത്തില്‍ നിരവധി കമ്പനികളാണ് മീന്‍, ബീഫ്, ചിക്കന്‍ എന്നിവ ലാബില്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
2011 ലാണ് ഈറ്റ് ജസ്റ്റ് എന്ന കമ്പനി സ്ഥാപിക്കുന്നത്. 2029 ആകുമ്പോൾ ഇത്തരത്തിൽ വികസിപ്പിക്കുന്ന ഇറച്ചി വില്പനയിലൂടെ ആഗോളതലത്തിലെ മാർക്കറ്റുകളിൽ നിന്ന് 10,34,400 കോടി രൂപ സംഭരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.