ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എൽ ഇ ഡി ബൾബുകൾ വൈകാതെ കേരളത്തിലെ ഓരോ വീടുകളിലുമെത്തും. കാര്യക്ഷമമായ ഊർജ്ജ ഉപയോഗത്തിലൂടെ ഊർജ്ജ ലഭ്യത ഉറപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ കർമ്മ പദ്ധതിയായ ഊർജ്ജ കേരള മിഷന്റെ ഭാഗമാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി.
കേരളത്തിലെ എല്ലാ വീടുകളിലെയും സി എഫ് എൽ, ഫിലമെന്റ് ബൾബുകൾ എന്നിവയ്ക്ക് പകരം ഊർജ്ജക്ഷമവും പരിസ്ഥിതി സൗഹൃദവുമായ എൽ ഇ ഡി ബൾബുകൾ നല്കുന്ന ബൃഹദ് പദ്ധതിയാണ് ഫിലമെന്റ് രഹിത കേരളം. കെ എസ് ഇ ബിയും എനർജി മാനേജ്മെന്റ് സെന്ററും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
എൽ ഇ ഡി ബൾബ് വിതരണം സംബന്ധിച്ച ആസൂത്രണ യോഗം ഇന്ന് തിരുവനന്തപുരം വൈദ്യുതി ഭവനത്തിൽ നടന്നു. വിതരണവിഭാഗം ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഫിലമെന്റ് രഹിത കേരളം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 13 ലക്ഷം വീടുകളിലാണ് ബൾബുകൾ വിതരണം ചെയ്യുക. ഒരു കോടി ബൾബുകൾ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ 21 ലക്ഷത്തോളം എൽ ഇ ഡി ബൾബുകൾ കെ എസ് ഇ ബിയുടെ സംസ്ഥാനത്തുടനീളമുള്ള സ്റ്റോറുകളിലെത്തിക്കഴിഞ്ഞു.