1. കർഷകർക്ക് സംരംഭങ്ങൾ തുടങ്ങാൻ കേന്ദ്രസർക്കാർ പദ്ധതി വഴി രണ്ട് കോടി വരെ വായ്പ. നാഷണൽ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗ് ഫെസിലിറ്റിയാണ് വായ്പകൾ നൽകുന്നത്. പദ്ധതി വഴി വായ്പയ്ക്ക് മൂന്ന് ശതമാനം പലിശയിളവ് ലഭിക്കും. 25 സംരംഭങ്ങൾ വരെ തുടങ്ങാൻ അപേക്ഷിക്കുന്ന വ്യക്തിക്കാണ് 2 കോടി വരെ വായ്പ ലഭിക്കുക. agriinfra.dac.gov.in എന്ന വൈബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം സംരംഭത്തിന്റെ ആശയങ്ങൾ വിശദമായ പ്രോജക്ട് റിപ്പോർട്ട് ആക്കി അപേക്ഷിക്കാം. മികച്ച ആശയങ്ങൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ അംഗീകാരം ലഭിക്കും. ശേഷം നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് വായ്പ സ്വീകരിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലാ കൃഷി ഓഫീസുമായോ, കൃഷി ഭവനുമായോ അല്ലെങ്കിൽ 9961728312 എന്ന നമ്പറിലോ ബന്ധപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾക്കും സ്പെഷ്യൽ കിറ്റ്
2. ഓണം വാരാഘോഷത്തിന് ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കി സംസ്ഥാന സർക്കാർ. ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലെ ബാനറുകൾ, ഹോർഡിംഗുകൾ, കമാനങ്ങൾ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് മാത്രം നിർമിക്കണമെന്നും ഓണാഘോഷ വേദികളിൽ ഡിസ്പോസിബിൾ വസ്തുക്കൾ കൊണ്ടുവരുന്നത് പൂർണമായി ഒഴിവാക്കണമെന്നുമാണ് നിർദേശം. ജൈവ, അജൈവ മാലിന്യങ്ങൾ പ്രത്യേകം നിക്ഷേപിക്കാൻ പൊതുജനങ്ങൾക്കും നിർദേശമുണ്ട്. സംസ്ഥാന ശുചിത്വ മിഷനാണ് ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കുന്നത്.
3. സംരംഭക വർഷത്തിൻ്റെ നാല് മാസം പൂർത്തിയാകുമ്പോൾ അരലക്ഷത്തോളം സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇതുവരെ 2923.58 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കാനും അതുവഴി 1,08,287 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചതായി മന്ത്രി പറഞ്ഞു. പൊതുബോധവൽക്കരണ പരിപാടികളിലും ലോൺ-സബ്സിഡി മേളകളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ വർധനവ് വ്യവസായ സൗഹൃദാന്തരീക്ഷം വ്യക്തമാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. മലപ്പുറം തുവ്വൂർ ഗ്രാമപഞ്ചായത്തിലെ ലോൺ, ലൈസൻസ്, സബ്സിഡി മേള നാളെ നടക്കും. ഉച്ചയ്ക്ക് 2 മണിയ്ക്ക് തുവ്വൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചാണ് പരിപാടി നടക്കുക. വ്യവസായ - വാണിജ്യ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷ നൽകാം. വിവിധ ബാങ്ക് പ്രതിനിധികളും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും മേളയിൽ പങ്കെടുക്കും. FSSAI രജിസ്ട്രേഷൻ, ഉദ്യം രജിസ്ട്രേഷൻ, കെ സ്വിഫ്റ്റ് എന്നിവ ഇതുവരെ എടുക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. പുതുതായി ആരംഭിക്കുന്നതും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് വിഭാഗത്തിൽ ഉൾപെടാത്തതുമായ സംരംഭങ്ങൾക്ക് കെസ്വിഫ്ട് വഴി അക്നോളഡ്ജ്മെന്റ് എടുക്കാം.
കെസ്വിഫ്റ്റ് അക്നോളഡ്ജ്മെന്റിന് ഫോട്ടോ, പാൻ നമ്പർ, ആധാർ നമ്പർ, ബിൽഡിംഗ് നമ്പർ, സർവേ നമ്പർ എന്നിവ ആവശ്യമാണ്. ഉദ്യം രജിസ്ട്രേഷൻ ചെയ്യേണ്ടവർ സ്ഥാപന ഉടമയുടെ ആധാർ കാർഡിന്റെ കോപ്പി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, സ്ഥാപനത്തിന്റെ/ഉടമയുടെ ഇ-മെയിൽ ഐ.ഡി, IFSC Code ഉള്ള ബാങ്ക് പാസ്സ്ബുക്ക്, പാൻ കാർഡ് എന്നിവ കൊണ്ടുവരണം. വിശദമായ വിവരങ്ങൾക്കും രജിസ്ട്രേഷൻ ചെയ്യുന്നതിനും 9539965565 എന്ന നമ്പറിൽ ബന്ധപ്പെടാം.
5. പണമിടപാടുകളും ബാങ്കിംഗ് സേവനങ്ങളും പൂർണമായും ഡിജിറ്റലാക്കി വയനാട് ജില്ല. വയനാട് ജില്ലാ കളക്ടര്‍ എ. ഗീത വയനാടിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിച്ചു. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യു.പി.ഐ, ആധാര്‍ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങിവ ഉപയോഗപ്പെടുത്താന്‍ ഇടപാടുകാരെ പ്രാപ്തരാക്കുക എന്നതാണ് ഡിജിറ്റല്‍ ബാങ്കിംഗിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ജില്ലയിലെ എല്ലാ ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എ.ടി.എം, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്യൂ ആര്‍ കോഡ് തുടങ്ങിയ സേവനങ്ങള്‍ ഡിജിറ്റല്‍ ബാങ്കിംഗിലൂടെ ഉറപ്പ് നൽകി.
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് സംസ്ഥാനമാകാന്‍ കേരളം ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ‘വയനാടും ഡിജിറ്റലിലേക്ക്’ എന്ന പേരില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ ജനപ്രതിനിധികളുടെയും ജില്ലാഭരണകൂടത്തിന്റെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ജില്ലയിലെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കാന്‍ കഴിഞ്ഞത്. നബാര്‍ഡിന്റെയും ലീഡ് ബാങ്കിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പൊതു കേന്ദ്രങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, ആദിവാസി മേഖലകളിലും, മാര്‍ക്കറ്റുകളിലും സാമ്പത്തിക സാക്ഷരത പരിപാടികള്‍ നടത്തിയിരുന്നു.
6. ജൈവ പച്ചക്കറി കൃഷിയൊരുക്കി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം. കേന്ദ്രത്തിലെ ന്യൂട്രീഷന്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്ക് പോഷകാഹാരമുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനായി കൃഷിഭവനുമായി ചേർന്നാണ് കൃഷി ആരംഭിച്ചത്. ആറുമാസം മുതല്‍ അഞ്ച് വയസുവരെ പ്രായമുള്ള ഇരുപതോളം കുട്ടികളാണ് സെന്ററില്‍ കഴിയുന്നത്. 15 മുതല്‍ 21 ദിവസം വരെ കുട്ടികളെ നിരീക്ഷണത്തില്‍ വച്ച് പോഷകാഹാരം നല്‍കി പോഷകാഹാരകുറവ് പരിഹരിക്കുകയാണ് കൃഷിയിലൂടെ ലക്ഷ്യമിടുന്നത്.
7. കോട്ടയത്ത് കൊയ്ത്തുമെതി യന്ത്രത്തിൽ പരിശീലനം നൽകുന്നു. പരിശീലനത്തിനായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന 45 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ 15 പേർക്കാണ് പരിശീലനം ലഭിക്കുക. താൽപര്യമുള്ളവർ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻിനീയർ, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം, വയസ്‌ക്കരക്കുന്ന്, കോട്ടയം എന്ന വിലാസത്തിൽ ഈ മാസം 30നകം അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് 0481 2561585, 9446979425 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
8. ‘ഓണത്തിന് ഒരു കൊട്ടപൂവ്’ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരുക്കിയത് 50 ഹെക്ടർ പൂപ്പാടം. 550 കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയ കൃഷിയുടെ വിളവെടുപ്പ് മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഓണത്തിന് തദ്ദേശീയമായി പൂക്കൾ ലഭ്യമാക്കുക, പുഷ്പ കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇവിടെ നിന്നും ഗുണമേന്മയുള്ള ഒന്നര ലക്ഷത്തോളം ചെണ്ടുമല്ലി തൈകളാണ് കൃഷി ഭവൻ മുഖേന സൗജന്യമായി വിതരണം ചെയ്തത്. കാലാവസ്ഥ അനുകൂലമായതിനാൽ 200 ടൺ പൂക്കൾ വരെ ലഭിക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്.
9. ഹൈഡ്രോപോണിക്‌സ് കൃഷിരീതിയിൽ പരിശീലനം നൽകുന്നു. കാര്‍ഷിക സര്‍വ്വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റാണ് സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ പരിശീലനം സംഘടിപ്പിക്കുന്നത്. താല്‍പര്യമുളളവര്‍ക്ക് 0487 2960079, 9961533547 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം.
10. സൗദി അറേബ്യയിൽ കാർഷിക രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. കാർഷിക മേഖലയിലെ ബിനാമി പ്രവണത അവസാനിപ്പിക്കാൻ സെപ്റ്റംബർ മുതലാണ് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. പഴം, പച്ചക്കറി, കന്നുകാലി മൊത്ത വ്യാപാര മാർക്കറ്റുകളിൽ കാർഷികോൽപന്നങ്ങൾ എത്തിക്കുന്ന കർഷകരാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ പ്രവേശിക്കാൻ അനുവാദമില്ലെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.
11. സംസ്ഥാനത്ത് ഈ മാസം 27 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് ശക്തമായ മഴ ലഭിക്കും. വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന്‍റെ ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്.