1. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രവാസി പുനരധിവാസ വായ്പ പദ്ധതി. കേരള പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നോർക്ക റൂട്ട്സുമായി ചേർന്നാണ് സ്വയം തൊഴിൽ വായ്പ പദ്ധതി നടപ്പിലാക്കുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ള യുവതീ യുവാക്കൾക്ക് അപേക്ഷ നൽകാം. 18നും 55 വസയിനും ഇടയിലാണ് പ്രായപരിധി. സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 15 ശതമാനം ബാക്ക് എന്റഡ് സബ്സിഡിയും നൽകും. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുകളിൽ ബന്ധപ്പെട്ടാൽ മതിയാകും. കുറഞ്ഞത് 2 വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ പ്രവാസികൾക്കാണ് വായ്പ നൽകുന്നത്.
2. 2024-25 ഓടെ കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കരവാരം, നഗരൂര്‍, പുളിമാത്ത് എന്നിവിടങ്ങളിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു. കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 35 ലക്ഷം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ കുടിവെള്ളം എത്തിച്ചതെന്ന് ചടങ്ങിൽ മന്ത്രി അറിയിച്ചു.
കൂടുതൽ വാർത്തകൾ: ആലപ്പുഴയിൽ ആദ്യ കിടാരി പാർക്ക് തുറന്നു.. കൂടുതൽ വാർത്തകൾ
3. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കൾക്ക് കോഴിയും കൂടും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവഹിച്ചു. 42 പേർക്കാണ് പദ്ധതി വഴി കോഴിയും കൂടും ലഭിച്ചത്. പരിപാടിയോടനുബന്ധിച്ച് പ്രകൃതി കൃഷി, ചെറുധാന്യത്തിൻ്റെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ ക്ലാസുകളും നടന്നു.
4. ഗുണനിലവാരമുള്ള വിത്തുകൾ ലഭിക്കാതെ കർഷകർ വലയുന്നു. ഒന്നാംവിളയിലെ കാലാവസ്ഥ വ്യതിയാനമാണ് പാലക്കാട്ടെ കർഷകർക്കിടയിൽ വിത്ത്ക്ഷാമം രൂക്ഷമാക്കിയത്. ഒന്നാംവിളയിൽ 2000 ടൺ നെൽവിത്ത് ആവശ്യമാണ്. കൃഷിവകുപ്പ് മുഖേനയാണ് പാടശേഖര സമിതികൾ നെൽവിത്ത് നൽകുന്നത്. സംസ്ഥാന വിത്തുവികസന അതോറിറ്റിയുടെ പക്കൽ ആവശ്യത്തിന് വിത്തില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.
5. കേരളത്തിൽ 5 ദിവസം കനത്ത മഴ തുടരും. ന്യൂനമർദം മോഖ ചുഴലിക്കാറ്റായി മാറിയതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കും. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.