റബ്ബര്‍ബോര്‍ഡിന്റെ ഇ-വിപണനസംവിധാനമായ 'എംറൂബി'(mRube) ലോഗോ കോട്ടയം ഓട്ടോമൊബൈല്‍ ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ സതീഷ് ശര്‍മ വെര്‍ച്വലായി പ്രകാശനം ചെയ്തു.
ഇന്ത്യന്‍ റബ്ബറിനെ വിപണികളില്‍ കൂടുതലായി പരിചയപ്പെടുത്തുകയും വിപണനരീതിക്ക് കൂടുതല്‍ സുതാര്യത നല്‍കുകയും ചെയ്തുകൊണ്ട് നിലവിലുള്ള വ്യാപാരസംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനാണ് ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിലുടെ ലക്ഷ്യമിടുന്നത്. ഇ-ട്രേഡിങ് സംവിധാനത്തിലൂടെ നിലവിലുള്ള റബ്ബര്‍വ്യാപാരികള്‍ക്കും സംസ്‌കര്‍ത്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും കൂടുതല്‍ വിദൂരസ്ഥലങ്ങളില്‍നിന്നുപോലും പുതിയ വില്‍പനക്കാരും ആവശ്യക്കാരും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് പകുതിയോടുകൂടി ഇ- വിപണി പ്രവര്‍ത്തനക്ഷമമാക്കാനാണ് റബ്ബര്‍ബോര്‍ഡ് ഉദ്ദേശിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സ്വയം ടാപ്പിങ് നടത്തുന്ന മികച്ച കര്‍ഷകരെ റബ്ബര്‍ബോര്‍ഡ് ആദരിച്ചു
രാജീവ് ബുദ്ധ്‌രാജ (ഡയറക്ടര്‍ ജനറല്‍, ഓട്ടോമൊബൈല്‍ ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍), ശശി സിങ് (സീനിയര്‍ വൈസ് പ്രസിഡന്റ്, ഓള്‍ ഇന്ത്യ റബ്ബര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍), സതീഷ് എബ്രഹാം (പ്രസിഡന്റ്, അസോസിയേഷന്‍ ഓഫ് ലാറ്റക്‌സ് പ്രൊഡ്യൂസേഴ്സ്), റോണി ജോസഫ് തോമസ് (സെക്രട്ടറി, ഇന്ത്യന്‍ ബ്ലോക്ക് റബ്ബര്‍ പ്രോസസേഴ്‌സ് അസോസിയേഷന്‍), ജോര്‍ജ്ജ് വാലി (പ്രസിഡന്റ് , ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്‍), ആര്‍. സഞ്ജിത്ത്( സെക്രട്ടറി, ഉപാസി), ഡോ. ബിനോയ് കുര്യന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) റബ്ബര്‍ബോര്‍ഡ്) എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: പുകപ്പുരകളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം
ഉത്പാദകര്‍ക്ക് വിപണിയെക്കുറിച്ച് ശരിയായ അവബോധം ഇല്ലാത്തതിനാല്‍ മെച്ചപ്പെട്ട വില നേടാനുള്ള അവസരം നഷ്ടപ്പെടുന്നു. ഗുണമേന്മയുള്ള റബ്ബറിന്റെ ഗ്രേഡ് അനുസരിച്ച് അത് ആവശ്യമുള്ള യഥാര്‍ത്ഥ ഉപഭോക്താവിന് വില്‍ക്കാന്‍ പലപ്പോഴും കര്‍ഷകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യങ്ങളുണ്ട്. ഗുണമേന്മയുള്ള റബ്ബര്‍ ഉത്പാദിപ്പിക്കുന്നതില്‍നിന്ന് അവരെ പലപ്പോഴും പിന്തിരിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. റബ്ബര്‍വ്യാപാരികളുടെ എണ്ണവും കുറയുന്നു. 2000-ല്‍ രാജ്യത്ത് 10,512 റബ്ബര്‍ വ്യാപാരിമാര്‍ ഉണ്ടായിരുന്നു. അത് 2010-ല്‍ 9741 ആയി കുറയുകയും തുടര്‍ന്ന് 2020-ല്‍ 7135 എണ്ണമായി ചുരുങ്ങുകയും ചെയ്തു. ഇത് ആശങ്കാജനകമായ ഒരു സ്ഥിതിവിശേഷമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പ്രകൃതിദത്തറബ്ബറിന്റെ ആഭ്യന്തര വിതരണശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് ഒരു 'ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോം' തുടങ്ങാന്‍ റബ്ബര്‍ബോര്‍ഡ് തയ്യാറായത്. ഇ-ട്രേഡ് പ്ലാറ്റ്ഫോമിന്റെ വികസനം അന്തിമഘട്ടത്തിലാണ്. ഉപയോക്താക്കള്‍ ഒരു തവണ മാത്രം രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മതിയാകും. രജിസ്ട്രര്‍ ചെയ്യുന്ന സമയത്ത് റബ്ബര്‍ബോര്‍ഡില്‍നിന്ന് ലഭിച്ചിട്ടുള്ള ലൈസന്‍സ് നമ്പര്‍ നല്‍കണം. അവരുടെ ബാക്കി വിശദാംശങ്ങള്‍ റബ്ബര്‍ബോര്‍ഡ് ലൈസന്‍സിങ് പോര്‍ട്ടലില്‍ നിന്ന് സിസ്റ്റം തന്നെ ലഭ്യമാക്കുകയും ചെയ്യും. 'വണ്‍ ടൈം പാസ്‌വേര്‍ഡ്' (ഒ.റ്റി.പി.) അടിസ്ഥാനമാക്കിയായിരിക്കും രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളയായി ഔഷധസസ്യങ്ങള്‍ നടാം
നിലവിലുള്ള റബ്ബര്‍വിപണനസമ്പ്രദായത്തില്‍ വരാനിരിക്കുന്ന ചില പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും ഇ-ട്രേഡ് പ്ലാറ്റ്ഫോമിന്റെ ഭാഗമായുണ്ട്. നിര്‍ദ്ദിഷ്ട ഇലക്ട്രോണിക് വിപണനസംവിധാനത്തില്‍ റബ്ബറിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇത് പ്രകൃതിദത്തറബ്ബറിന്റെ ആഭ്യന്തരവ്യാപാരത്തില്‍ ഒരു മാറ്റത്തിന് കാരണമാകും. ഇതുകൂടാതെ, ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി. എന്നീ ബാങ്കുകളുമായി ചേര്‍ന്ന് പേയ്മെന്റ് ഗേറ്റ്വേയും എസ്‌ക്രോ അക്കൗണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സൗകര്യവും ഈ പോര്‍ട്ടലില്‍ റബ്ബര്‍ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പണമിടപാടുകള്‍ സംബന്ധിച്ച അപകടസാധ്യത കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കും.
ഇ-ട്രേഡ് പ്ലാറ്റ്‌ഫോമിന്റെ ഉപയോക്താക്കള്‍ക്ക് അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, ചരക്കിന്റെ തൂക്കം, റബ്ബറിന്റെ ഗ്രേഡ്, ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ മുതലായവ മനസ്സിലാക്കി വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും വിലയിരുത്താനും കഴിയും. ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും അവരുടെ ഓഫറുകള്‍ അപ്ലോഡ് ചെയ്യാം. വ്യാപാരം ഉറപ്പിക്കുന്നതിന് മുമ്പ് 'കൗണ്ടര്‍-ഓഫറുകള്‍' നല്‍കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. 'എം പാനല്‍' ചെയ്ത വെണ്ടര്‍മാരില്‍ നിന്നുള്ള വാങ്ങലുകള്‍ക്ക് വ്യക്തിഗതമാക്കിയ വ്യാപാരപേജുകള്‍ ലഭ്യമാണ്. 'ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ്' ഉപയോഗിച്ചുള്ള നിയമവിധേയമായ വ്യാപാരക്കരാറുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നത് ഈ സംവിധാനത്തിന്റെ ഒരു സവിശേഷതയാണ്. 'ഇ-മാര്‍ക്കറ്റ്' മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറായിക്കൊണ്ടിരിക്കുന്നു.