1. News

1 വർഷത്തിനകം ബ്രഹ്മപുരത്ത് പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് വരും: മന്ത്രി എം.ബി രാജേഷ്

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌ക്കരണത്തിന് പുതിയ പ്ലാന്റ് ഒരു വര്‍ഷത്തിനകം സ്ഥാപിക്കുമെന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ്

Darsana J
1 വർഷത്തിനകം ബ്രഹ്മപുരത്ത് പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് വരും: മന്ത്രി എം.ബി രാജേഷ്
1 വർഷത്തിനകം ബ്രഹ്മപുരത്ത് പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് വരും: മന്ത്രി എം.ബി രാജേഷ്

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌ക്കരണത്തിന് പുതിയ പ്ലാന്റ് ഒരു വര്‍ഷത്തിനകം സ്ഥാപിക്കുമെന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ്. എറണാകുളത്ത് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ആരംഭിച്ച അടിയന്തര കര്‍മ്മ പദ്ധതിയുടെ ഒന്നാംഘട്ടം ജൂണ്‍ അഞ്ചിന് കൊച്ചിയില്‍ പൂര്‍ത്തിയാക്കുമെന്നും കാലവര്‍ഷം ആരംഭിക്കുന്നതോടെ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023 ജൂണ്‍ 5ന് ശേഷം മാലിന്യസംസ്‌ക്കരണത്തിന് ഹ്രസ്വകാല, ദീര്‍ഘകാല കര്‍മ്മ പദ്ധതികള്‍ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക.

കൂടുതൽ വാർത്തകൾ: ഒക്കൽ അഗ്രോ ഫുഡ്സ് മില്ലിന്റെ ശിലാസ്ഥാപനം നിർവഹിച്ച് മന്ത്രി വി.എൻ വാസവൻ

"അടിയന്തര കര്‍മ്മ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ കൗണ്‍സിലര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, പൗരപ്രമുഖര്‍ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളുമായി ആറ് മേഖലാതല യോഗങ്ങള്‍ നടത്തി. വ്യാപാരികൾ, വ്യവസായികള്‍, മാലിന്യ സംസ്‌ക്കരണ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുമായും മന്ത്രി പ്രത്യേകം ചര്‍ച്ച നടത്തി. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ നിക്ഷേപിക്കാന്‍ കൊച്ചി നഗരസഭയിലെ 40 ഡിവിഷനുകളില്‍ മെറ്റിരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ഒരു മാസത്തിനകം സ്ഥാപിക്കും. ഇതിനായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി", മന്ത്രി അറിയിച്ചു. 

മറ്റ് 34 ഡിവിഷനുകളിലും സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് അനുസരിച്ച് എം.സി.എഫ് സ്ഥാപിക്കും. മാലിന്യം ശേഖരിക്കുന്നതിന് ഏകീകൃത സംവിധാനം കോര്‍പറേഷനില്‍ നടപ്പിലാക്കിയിട്ടുണ്ട്. മേയ് 1 മുതല്‍ വീടുകളില്‍ നിന്നും പൂര്‍ണ്ണമായി മാലിന്യങ്ങള്‍ ശേഖരിക്കും. ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ പരമാവധി സംസ്‌ക്കരിക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പൂര്‍ണ്ണതോതില്‍ നടപ്പിലാക്കുന്നതുവരെ ജൈവ മാലിന്യവും വീടുകളില്‍ നിന്നു ശേഖരിക്കും. എന്നാല്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

അജൈവ മാലിന്യങ്ങളുടെ രണ്ടാംഘട്ട തരംതിരിക്കലിനും മറ്റുമായി നഗരസഭയില്‍ 7 റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്) കേന്ദ്രങ്ങള്‍ ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ആരംഭിക്കും. ആദ്യത്തേത് ആരംഭിച്ചു കഴിഞ്ഞു. കൊച്ചിയില്‍ ഒരു ദിവസം 70 ടണ്‍ പ്ലാറ്റിക് മാലിന്യമാണ് ഉണ്ടാകുന്നത്. ഈ മാലിന്യങ്ങള്‍ പ്രോസസ് ചെയ്യുന്നതിനാണ് ആര്‍.ആര്‍.എഫുകള്‍ ആരംഭിക്കുന്നത്. ഇതോടെ മേയ് ഒന്നുമുതല്‍ കൊച്ചിയിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രോസസ് ചെയ്യാനും, ബെയ്ല്‍ ചെയ്ത് നീക്കുന്നതിനും കഴിയും. ദിവസവും 100 ടണ്‍ ജൈവ മാലിന്യമാണ് കൊച്ചിയില്‍ ഉണ്ടാകുന്നത്.

ബ്രഹ്മപുരത്ത് പ്രതിദിനം 150 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന വിന്‍ഡ്രോ കംപോസ്റ്റ് മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിക്കുന്നതുവരെ ഈ രീതിയിലാകും ജൈവ മാലിന്യ സംസ്‌ക്കരണം നടക്കുക. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവര്‍ സ്വന്തം നിലയ്ക്ക് മാലിന്യം സംസ്‌ക്കരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മഴക്കാലത്തിന് മുമ്പ് തെരുവുകള്‍ വൃത്തിയാക്കും. വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും. പൊതുഇടങ്ങളില്‍ മാലിന്യം തള്ളുന്നത് ഒഴിവാക്കുന്നതിന് സ്മാര്‍ട്ട് സിറ്റി മിഷനുമായി സഹകരിച്ച് ഹോട്ട് സ്‌പോട്ടുകളില്‍ 100 കാമറകള്‍ സ്ഥാപിക്കും. രാത്രികാല പോലീസ് പട്രോളിങും ഉണ്ടാകും. മാലിന്യം തള്ളുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്‌ക്കരണത്തില്‍ ജനങ്ങളുടെ മനോഭാവത്തിലും ഗുണപരമായ മാറ്റം ഉണ്ടാകണം. ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും സഹകരണവും ആവശ്യമാണ്. മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ കൊച്ചി ഒറ്റക്കെട്ടായാണ് നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ച് 10 മുതല്‍ തുടങ്ങിയ കര്‍മ്മ പദ്ധതിയുടെ ഭാഗമായി മന്ത്രി പി.രാജീവ്, മേയര്‍, കളക്ടര്‍ എന്നിവരുമായി ചേര്‍ന്ന് റിവ്യു മീറ്റിങ്ങുകള്‍ കൃത്യമായി നടത്തുന്നുണ്ടെന്നും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

English Summary: New sewage treatment plant will come up in Brahmapuram within 1 year said Minister MB Rajesh

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds