കോവിഡ് -19 മൂലം ജോലി നഷ്ടപ്പെട്ട് സംസ്ഥാനത്ത് തിരികെയെത്തിയവർക്കും മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളി പ്രവാസികളുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് നോര്‍ക്ക റൂട്ട്സ് ആവിഷ്‌ക്കരിച്ചവയാണ് നോര്‍ക്ക- പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികള്‍.
സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കുടുംബശ്രീയിലൂടെ രണ്ട് ലക്ഷം രൂപ വരെ പലിശ രഹിത വായ്പയും സംരംഭകത്വ പരിശീലനമുള്‍പ്പെടെയുള്ള പിന്തുണയുമാണ് പ്രവാസി ഭദ്രത നാനോ എന്റര്‍പ്രൈസ് അസിസ്റ്റന്റ് പദ്ധതി (പേള്‍ - പ്രവാസി എന്റര്‍പ്രണര്‍ഷിപ്പ് ഓഗ്മെന്റേഷന്‍ ആന്‍ഡ് റീഫോര്‍മേഷന്‍ ഓഫ് ലൈവ്ലിഹുഡ്) മുഖേന ലഭിക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷനുകള്‍ വഴിയാകും പ്രവാസികളുടെ സാമ്പത്തിക സുരക്ഷാ പദ്ധതിമുഖേന വായ്പയും മറ്റ് സഹായങ്ങളും ലഭ്യമാക്കുന്നത്. തൊഴില്‍ നഷ്ടമായി നാട്ടിലെത്തിയ പ്രവാസികളില്‍ നല്ലൊരു വിഭാഗം വിദേശത്ത് അവിദഗ്ധ മേഖലകളില്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്തിരുന്നവരാണ്.
അവര്‍ക്ക് കുടുംബശ്രീ വഴി നല്‍കുന്ന വായ്പാ പദ്ധതി ഏറെ ഗുണകരമാകും. കുടുംബശ്രീയുടെ ഭാഗമായി പുതുതായി രൂപം കൊള്ളുന്ന യുവതീ ഗ്രൂപ്പിലെ അംഗങ്ങള്‍, അവരോ അവരുടെ കുടുംബാംഗങ്ങളോ തൊഴില്‍രഹിതരായ പ്രവാസികളാണെങ്കില്‍ ഈ പദ്ധതിയിലൂടെ സംരംഭങ്ങള്‍ ആരംഭിക്കാനുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കും.
തൊഴില്‍ രഹിതരായ പ്രവാസികളുടെ അരക്ഷിതാവസ്ഥ ലഘൂകരിക്കുക, തൊഴില്‍രഹിതരായി നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് വരുമാനദായക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പലിശ രഹിത വായ്പ ലഭ്യമാക്കുക. സംരംഭം തുടങ്ങുന്നതിനാവശ്യമായ നൈപുണ്യ പരിശീലനം ലഭ്യമാക്കുക. തൊഴില്‍രഹിതരായ പ്രവാസികള്‍ക്ക് സ്ഥിരവരുമാനം ലഭിക്കുന്നതിലൂടെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പ്രവാസി ഭദ്രത- നാനോയ്ക്കുള്ളത്.
സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മൂന്ന് പദ്ധതികളാണ് നോര്‍ക്ക പ്രഖ്യാപിച്ചിരിക്കുന്നത്. പലിശ ഇല്ലാതെ രണ്ടു ലക്ഷം രൂപയും പലിശ ഇളവോടെ 25 ലക്ഷം രൂപ മുതല്‍ രണ്ടു കോടി വരെയും നേടാം. രണ്ട് വര്‍ഷമെങ്കിലും വിദേശ രാജ്യത്ത് താമസിച്ചിരിക്കണം എന്നതാണ് ആനുകൂല്യം ലഭിക്കുന്നതിനുള്ള നിബന്ധന. രണ്ട് വര്‍ഷത്തിനുള്ളില്‍ തുല്യ തവണകളായി ആണ് ഇഎംഐ തിരിച്ചടക്കേണ്ടത്
രണ്ട് കോടി രൂപ വരെയുള്ള സംരംഭങ്ങള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി ഭദ്രത മെഗാ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കെഎസ്‌ഐഡിസിയുമായി ചേര്‍ന്നാണ് പദ്ധതി. പദ്ധതി പ്രകാരം 25 ലക്ഷം രൂപ മുതല്‍ രണ്ടു കോടി വരെ ലോണ്‍ ലഭിക്കും. 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ പലിശ നിരക്കിലാണ് ലോണ്‍ ലഭിക്കുക. 3.25 ശതമാനം മുതല്‍ 3.75 ശതമാനം വരെ പലിശ സബ്‌സിഡി നോര്‍ക്ക റൂട്ട്‌സ് നല്‍കും എന്നതാണ് പ്രത്യേകത. കെഎസ്‌ഐഡിസി മുഖേനയാണ് പദ്ധതിക്കായുള്ള അപേക്ഷ നല്‍കേണ്ടത്.