വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി 10,000 രൂപ നൽകുന്നു. ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി നൂറുരൂപ രജിസ്ട്രേഷൻ ഫീസും നൽകുന്ന എല്ലാവരുടെ അക്കൗണ്ടിലേക്കും പണം എത്തും.
സന്ദേശം കേട്ടതോടെ അക്ഷയകേന്ദ്രത്തിലേക്ക് രക്ഷിതാക്കൾ ഒഴുകി. ആദ്യം കാര്യമറിയാതെ അക്ഷയക്കാർ അമ്പരന്നെങ്കിലും പിന്നീടാണ് കാര്യം മനസിലായത്. കൊവിഡ് ഒന്നാം തരംഗത്തിന്റെ കാലത്ത് ഇറക്കിയതുപോലുള്ള ഒരു സൂപ്പർ തട്ടിപ്പാണ് ഇതും. അപേക്ഷ നൽകാൻ എത്തിയവരെ കാര്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും പലർക്കും വിശ്വാസം പോര.
അക്ഷയക്കാർ വെറുതേ പറയുകയാണെന്നാണ് അവർക്ക് സംശയം. അതാേടെ സമീപത്തെ സ്വകാര്യ ഓൺലൈൻ കേന്ദ്രത്തിലേക്ക് അപേക്ഷ നൽകാൻ എത്തി. അപേക്ഷനൽകുന്നതിന് പണമീടാക്കാമെന്നതിനാൽ സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ എല്ലാവർക്കും സഹായം ചെയ്തുകൊടുക്കുകയാണ്.
'കൊവിഡ്-19 സപ്പോര്‍ട്ടിംഗ് പദ്ധതിപ്രകാരം ഒന്നു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നല്‍കും' എന്നാണ് പ്രചരിക്കുന്ന സന്ദേശം. ഇത് വ്യാജമാണെന്ന് അറിയാതെ ചില അദ്ധ്യാപകർ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതോടെയാണ് പ്രശ്നം ഗുരുതരമായത്. മറ്റുചിലരും ഇത് പ്രചരിപ്പിച്ചു. തട്ടിപ്പ് സംഘത്തിലുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
എറണാകുളം ജില്ലയിലാണ് സന്ദേശം കൂടുതൽ പ്രചരിക്കുന്നത്. അപേക്ഷയും രേഖകളും രജിസ്ട്രേഷന്‍ ഫീസും പോകുന്നത് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണെന്ന് വ്യക്തമായിട്ടുണ്ട്. ബാങ്ക്, ആധാർ വിവരങ്ങൾ നൽകുന്നതിനാൽ ബാങ്കുതട്ടിപ്പുപോലുള്ള വലിയ തട്ടിപ്പുകൾക്ക് അപേക്ഷ നൽകിയവർ ഇരയായേക്കാം എന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
'അഞ്ചാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ 4,000 രൂപ കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു' എന്ന മറ്റൊരു സന്ദേശവും കൂടി വാട്സാപ്പില്‍ പറക്കുന്നുണ്ട്, ഇതും വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ 'ഫാക്ട് ചെക്ക്' വിഭാഗംതന്നെ വ്യക്തമാക്കുന്നുണ്ട്. ഇത്തരം വ്യാജസന്ദേശങ്ങൾക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർ ജില്ലാ ഐടി മിഷനെ സമീപിച്ചിട്ടുണ്ട്.