പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പന്ത്രണ്ടാം ഗഡുവിനായി കാത്തിരിക്കുന്ന ഗുണഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത. ദീപാവലിക്ക് മുമ്പ്, രാജ്യത്തെ 12 കോടിയിലധികം കർഷകരുടെ അക്കൗണ്ടുകളിലേക്ക് പദ്ധതിയുടെ ആനുകൂല്യമായ 2000 രൂപ നിക്ഷേപിക്കും. കർഷകരെ സാമ്പത്തികമായി പിന്തുണക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി. മൂന്ന് ഗഡുക്കളായി 6000 രൂപയാണ് ഓരോ കർഷകനും പദ്ധതിയിലൂടെ ലഭ്യമാകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയുടെ കൃഷിയും ഭക്ഷ്യ ഉൽപ്പാദനവും 2000ൽ എത്തുമ്പോൾ; അന്ന് കലാം പറഞ്ഞത്…
അതേ സമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹി ഐഎആർഐ പൂസയിലെ മേള ഗ്രൗണ്ടിൽ നടക്കുന്ന 'പിഎം കിസാൻ സമ്മാൻ സമ്മേളനം 2022' ഒക്‌ടോബർ 17ന് രാവിലെ 11:45ന് ഉദ്ഘാടനം ചെയ്യും. കർഷകരെയും കാർഷിക സ്റ്റാർട്ടപ്പുകളേയും ഗവേഷകരേയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ദിദ്വിന പരിപാടിയാണിത്.
രാജ്യത്തുടനീളമുള്ള 13,500 കർഷകരും 1500 അഗ്രിസ്റ്റാർട്ടപ്പുകളും പരിപാടിയിൽ പങ്കെടുക്കും. കൃഷി- കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ, കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സാന്നിധ്യമറിയിക്കും. കേന്ദ്ര മന്ത്രിമാരായ കൈലാഷ് ചൗധരി, ശോഭ കാരന്ദ് ലാജെ, ഭഗവന്ത് ഖുബ എന്നിവരും മേളയിൽ പങ്കാളികളാകും.
കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയവും രാസവസ്തു-രാസവളം മന്ത്രാലയവും ചേർന്നാണ് പിഎം കിസാൻ സമ്മാൻ സമ്മേളനം സംഘടിപ്പിക്കുന്നത്. ഈ പരിപാടിയിൽ വച്ച് പിഎം കിസാൻ സമ്മാൻ നിധിയുടെ പുതിയ ഗഡുവും കൈമാറുമെന്നാണ് വിവരം.
അഗ്രിസ്റ്റാർട്ടപ്പ് കോൺക്ലേവ്; പ്രധാന പരിപാടികൾ
മേളയിൽ അഗ്രി സ്റ്റാർട്ടപ്പ് കോൺക്ലേവ് ആൻഡ് എക്‌സിബിഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ആദ്യദിവസം സപ്ലൈ ചെയിൻ മാനേജ്മെന്റ്, അഗ്രി ലോജിസ്റ്റിക്സ്, ചെറുകിടകൃഷിയ്ക്കുള്ള യന്ത്രവൽക്കരണം, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 300 സ്റ്റാർട്ടപ്പുകൾ തങ്ങളുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കും. ഇത്തരത്തിൽ ദിദ്വിന പരിപാടിയിൽ ഏകദേശം 1500 സ്റ്റാർട്ടപ്പുകളാണ് പങ്കെടുക്കുന്നത്.
കർഷകർ, എഫ്പിഒകൾ, കാർഷിക വിദഗ്ധർ, കോർപ്പറേറ്റുകൾ എന്നിവരുമായി സംവദിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് വേദി ഒരുക്കും.
രണ്ടാം ദിവസം, സ്റ്റാർട്ടപ്പുകൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. സാങ്കേതിക വിഭാഗങ്ങളിൽ മറ്റ് പങ്കാളികളുമായി സംവദിക്കുന്നതിനും മേള അവസരം നൽകുന്നു.
5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ സ്റ്റാർട്ടപ്പുകളുടെ പങ്കിനെയും, ഇതിനായുള്ള സർക്കാർ പദ്ധതികളെയും നയ നിർമാതാക്കൾ വിശദീകരിക്കും.
600 പിഎം-കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (PM-KSKs)
മേളയിൽ 600 പിഎം-കിസാൻ സമൃദ്ധി കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്യും. നിലവിൽ രാജ്യത്ത് പഞ്ചായത്ത്, ഉപജില്ല/ സബ് ഡിവിഷൻ/ താലൂക്ക്, ജില്ലാ തലങ്ങളിലായി ഏകദേശം 2.7 ലക്ഷം വളം ചില്ലറ വിൽപനശാലകളാണുള്ളത്. ചില്ലറ വളക്കടകൾ ഘട്ടംഘട്ടമായി പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രം എന്ന പേരിൽ വിപണനകേന്ദ്രങ്ങളാക്കി മാറ്റും.
പിഎം-കിസാൻ സമൃദ്ധി കേന്ദ്രങ്ങളിലൂടെ കർഷകർക്ക് കൃഷിയ്ക്കാവശ്യമായ സാധനങ്ങളും കാർഷിക ഉൽപന്നങ്ങളും (വളം, വിത്തുകൾ, ഉപകരണങ്ങൾ) ലഭ്യമാകും. കൂടാതെ, മണ്ണ്, വിത്തുകൾ, വളങ്ങൾ എന്നിവയുടെ പരിശോധനാ സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടാകും. വിവിധ സർക്കാർ പദ്ധതികളെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതിനും, കർഷകർക്ക് ബോധവൽക്കരണം നൽകുന്നതിനും ഇത്തരം കേന്ദ്രങ്ങൾ പ്രയോജനകരമാകും. ബ്ലോക്ക്/ജില്ലാതല വിൽപ്പന കേന്ദ്രങ്ങളിൽ ചില്ലറ വ്യാപാരികൾക്ക് കൂടുതൽ അവസരം ലഭിക്കുന്നു.